അടിവസ്ത്രം നീക്കാന്‍ നിര്‍ബന്ധിതയായതിനെത്തുടര്‍ന്ന് മാനസിക സമ്മർദത്തിലായ മകള്‍ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) എഴുതിയത് അമ്മയില്‍ നിന്ന് ഷാള്‍ വാങ്ങി ധരിച്ചാണെന്നു പതിനേഴുകാരിയുടെ പിതാവ്. കൊല്ലം ആയൂരിലെ സ്വകാര്യകോളജിലെ പരീക്ഷാ കേന്ദ്രത്തിലുണ്ടായ സംഭവത്തില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
സംഭവം മകളുടെ മനസിനേല്‍പ്പിച്ച ആഘാതമാണു പൊലീസില്‍ പരാതി നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു ദ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് ഫോണില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇത്തരം അപമാനത്തിലൂടെ മറ്റാരും കടന്നുപോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും കച്ചവടക്കാരനായ അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടി മാധ്യമങ്ങളോട് സംസാരിക്കാന്‍ തയാറായിട്ടില്ല.
അടിവസ്ത്രം ഊരിമാറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ടതിനാല്‍ മറയായി മുടി മുന്‍ഭാഗത്തേക്കിട്ടാണു പരീക്ഷയെഴുതിയതെന്നു മറ്റൊരു പെണ്‍കുട്ടി മാതൃഭൂമിയോട് പറഞ്ഞിരുന്നു.
”ഭാവിയില്‍ ഒരു വിദ്യാര്‍ത്ഥിയും ഇത്തരമൊരു ദുരവസ്ഥ നേരിടാന്‍ ഇടവരരുത്. അതിനാലാണു പരാതി കൊടുക്കാന്‍ തീരുമാനിച്ചത്. എന്റെ കുട്ടി ഇങ്ങനെ തകര്‍ന്നതു കണ്ടപ്പോള്‍ സഹിക്കാനായില്ല,” പതിനേഴുകാരിയുടെ പിതാവ് പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണത്തില്‍ താന്‍ സംതൃപ്തനാണെന്നും അവര്‍ കേസ് ഗൗരവമായി എടുക്കുന്നതായി തോന്നുന്നതായും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനു കത്തയച്ചു. വിദ്യാര്‍ത്ഥിനികളുടെ അന്തസിനും മാനത്തിനും നേരെ നഗ്‌നമായ ആക്രമണത്തില്‍ മന്ത്രി ബിന്ദു നിരാശയും ഞെട്ടലും രേഖപ്പെടുത്തി. പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള ഏജന്‍സിക്കെതിരെ നടപടിയെടുക്കാന്‍ ശക്തമായി ശിപാര്‍ശ ചെയ്യുന്നതായും അവര്‍ പറഞ്ഞു.
സംഭവത്തില്‍ കേന്ദ്രമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന യുവജന കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനൊണു മനുഷ്യാവകാശ കമ്മിഷന്‍ കൊല്ലം റൂറല്‍ എസ്പിയോട് നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം, പെണ്‍കുട്ടികളോട് അടിവസ്ത്രം അഴിക്കാന്‍ പറഞ്ഞെന്ന ആരോപണം പരീക്ഷ നടത്തിയ നാഷണല്‍ ടെസ്റ്റിങ് അതോറിറ്റി (എന്‍ ടി എ) നിഷേധിച്ചിരിക്കുകയാണ്. ‘ഞങ്ങള്‍ക്ക് പരാതിയോ നിവേദനമോ ലഭിച്ചിട്ടില്ല. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, സെന്റര്‍ സൂപ്രണ്ടിനോടും നിരീക്ഷകനോടും അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും പരാതി തെറ്റായ ഉദ്ദേശ്യങ്ങളോടെയുള്ള സാങ്കല്‍പ്പിക കഥയാണെന്നുമാണ് അവര്‍ അറിയിച്ചത്,” എന്‍ ടി എയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നീറ്റ് ഡ്രസ് കോഡ് പ്രകാരം അടിവസ്ത്രങ്ങള്‍ നീക്കം ചെയ്യേണ്ട ആവശ്യമില്ലെന്നും ഉദ്യോഗാര്‍ത്ഥികളെ പരിശോധിക്കുമ്പോള്‍ ലിംഗഭേദം, സംസ്‌കാരം, മതം എന്നീ ഘടകങ്ങള്‍ കണക്കിലെടുക്കാറുണ്ടെന്നും ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.
എന്നാല്‍, കൊല്ലം സെന്ററില്‍ പരീക്ഷയ്ക്ക് മുമ്പുള്ള പരിശോധനയില്‍ ബന്ധപ്പെട്ട ഏജന്‍സി, നീറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി അടിവസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതായി കുട്ടിയുടെ പിതാവ് പറഞ്ഞു. അനുസരിച്ചില്ലെങ്കില്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്നാെയിരുന്നു ഏജന്‍സിയുടെ മുന്നറിയിപ്പ്. ഇതോടെ ആരോടെങ്കിലും തല്‍ക്കാലത്തേക്കു ഷാള്‍ വാങ്ങാൻ അനുവദിക്കണമെന്നു പെണ്‍കുട്ടി ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു. ആരുടെ പക്കലും ഇല്ലെന്നു പറഞ്ഞതോടെ പരീക്ഷാ കേന്ദ്രത്തിനു പുറത്ത് കാത്തുനില്‍ക്കുന്ന അമ്മയുടെ ഷാള്‍ വാങ്ങാന്‍ അനുവദിക്കണമെന്ന് അവള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സെന്ററിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ തന്റെ ഫോണ്‍ ഉപയോഗിച്ച് രക്ഷിതാക്കളെ വിളിച്ചു. തുടര്‍ന്നു പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റിലെത്തി പെണ്‍കുട്ടിയുടെ അമ്മ ഷാള്‍ കൈമാറുകയായിരുന്നു.
ഗേറ്റിനടുത്തെത്തിയപ്പോള്‍ മറുവശത്ത് നിന്നിരുന്ന മകള്‍ കരയുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. അതെന്തിനാണെന്ന് അന്വേഷിച്ചപ്പോള്‍ പരീക്ഷയ്ക്കു മുമ്പുള്ള പരിഭ്രമമാണെന്നായിരുന്നു അധികൃതരുടെ മറുപടി. അമ്മയുടെ ഷാള്‍ നല്‍കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഇതില്‍ താന്‍ അത്ഭുതപ്പെട്ടു. പരീക്ഷ കഴിഞ്ഞ് കരഞ്ഞുകലങ്ങിയ കണ്ണുമായാണു പുറത്തുവന്ന മകള്‍ കാര്യങ്ങള്‍ പറഞ്ഞതോടയാണു എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഏതാണ്ട് എല്ലാ പെണ്‍കുട്ടികളും അടിവസ്ത്രം നീക്കാന്‍ നിര്‍ബന്ധിതമായെന്നാണു മകള്‍ പറഞ്ഞത്. പരീക്ഷയ്ക്കു മുന്‍പുള്ള പരിശോധനയ്ക്കിടെ വിദ്യാര്‍ത്ഥികളെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ അടച്ചിട്ട മുറികളില്‍ കൂട്ടത്തോടെയാണു നിർത്തിയത്.. എന്തിനാണ് പരീക്ഷയ്ക്കായി പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ക്കൊപ്പം, പ്രത്യേകിച്ച് അടിവസ്ത്രം അഴിപ്പിച്ചശേഷം ഇരുത്തിയതെന്നും അദ്ദേഹം ചോദിച്ചു.
പരീക്ഷ എഴുതുന്നതു തന്നെ മാനസിക സമ്മര്‍ദമുള്ള കാര്യമാണെന്നും ഇത്തരമൊരു സംഭവം വിദ്യാര്‍ത്ഥികളുടെ അവസരങ്ങളെ ബാധിക്കാന്‍ ഇടയാക്കുമെന്നും പിതാവ് പറഞ്ഞു. സംഭവം മകളുടെ പഠനത്തെ ബാധിക്കില്ലെന്നും അടുത്ത വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മകള്‍ക്കും സമാനമായ അനുഭവമുണ്ടായതായി മറ്റൊരു രക്ഷിതാവ് പറഞ്ഞു. പെണ്‍കുട്ടി സ്‌കാനറിലൂടെ കടക്കുമ്പോള്‍ ബ്രായുടെ ലോഹക്കൊളുത്ത് കാരണം അലാറം മുഴങ്ങി. തുടര്‍ന്ന് വിദ്യാര്‍ഥിനിയോട് മറ്റൊരു മുറിയിലേക്കു പോകാന്‍ ആവശ്യപ്പെട്ടു. അവിടെ കുറഞ്ഞത് രണ്ട് ഡസന്‍ പെണ്‍കുട്ടികളെങ്കിലും ഉണ്ടായിരുന്നു. അടിവസ്ത്രം അഴിച്ചുമാറ്റി മേശപ്പുറത്ത് വയ്ക്കാന്‍ പെണ്‍കുട്ടികളോട് മുറിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടു. ഇവിടെ സ്വകാര്യതയുണ്ടായിരുന്നില്ല. പരീക്ഷ കഴിഞ്ഞയുടന്‍ പെണ്‍കുട്ടികളോട് അതേ മുറിയില്‍ പോയി വസ്ത്രം തിരിച്ചെടുക്കാന്‍ നിര്‍ദേശിച്ചു. തിരക്കുണ്ടായിരുന്നതിനാല്‍ അവിടെ വച്ച് അത് ധരിക്കാതെ എടുത്ത് വീട്ടിലേക്കു കൊണ്ടുപോകാനായിരുന്നു വനിതാ ഉദ്യോഗസ്ഥയുടെ നിര്‍ദേശം.
”മുറിയില്‍ ഒളിക്യാമറയുണ്ടെങ്കില്‍ എന്തുചെയ്യും എന്നതുപോലുള്ള ചോദ്യങ്ങള്‍ എനിക്ക് ചോദിക്കാമായിരുന്നു, എന്നാല്‍ ഈ പെരുമാറ്റം ബോധപൂര്‍വമായ ദുരുദ്ദേശ്യത്തേക്കാള്‍ അറിവില്ലായ്മയില്‍നിന്ന് ഉടലെടുത്തതാണെന്നു ഞാന്‍ കരുതുന്നു. മകളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ പൊലീസില്‍ പരാതി നല്‍കുന്നില്ല. വര്‍ഷങ്ങളോളം ഒരു കേസിന്റെ പിന്നില്‍ പോകാന്‍ ഞങ്ങള്‍ക്കു സമയമോ പണമോ ഇല്ല. ഏതെങ്കിലും പ്രത്യേക വ്യക്തിയെയോ പാര്‍ട്ടിയെയോ ഇതില്‍ കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നുമില്ല. ഞങ്ങള്‍ ഇപ്പോള്‍ സംസാരിച്ചതിക്കുന്നതിന്റെ ഒരേയൊരു കാരണം, ഭാവിയില്‍ മറ്റാര്‍ക്കും ഈ അനുഭവമുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ്,” പെണ്‍കുട്ടിയുടെ പിതാവ് ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് ഫോണില്‍ പറഞ്ഞു.