Latest News
ആഷിഖിന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിൽ ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

നീറ്റ് പരീക്ഷ വിവാദം: കണ്ണൂരിൽ നാല് അദ്ധ്യാപകർക്ക് സസ്പെൻഷൻ: കുറുപ്പംപടിയിൽ കേസ് രജിസ്റ്റർ ചെയ്തു

സംഭവം നിഷേധിച്ച് പൊലീസ് ഉദ്യോഗസ്ഥനും

NEET 2017, NEET exam Controversy, NEET Exam Complaints, നീറ്റ് പരീക്ഷ വിവാദം, അടിവസ്ത്രം അഴിപ്പിച്ച സംഭവം, നാല് അദ്ധ്യാപകർക്ക് സസ്പെൻഷൻ, കണ്ണൂർ ടിസ്ക് സ്കൂൾ, TISK english medium school, Kerala Police,

കണ്ണൂർ: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന വാർത്തയെ തുടർന്ന് നാല് അദ്ധ്യാപകരെ സസ്പെന്റ് ചെയ്തു. കുഞ്ഞിമംഗലം ടിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാല് അദ്ധ്യാപകരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയതത്. അതേസമയം സ്കൂളിൽ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ചിട്ടില്ലെന്ന വാദത്തിൽ സ്കൂൾ അധികൃതർ ഉറച്ചു നിൽക്കുകയാണ്.

സ്കൂളിലേക്ക് ഇന്ന് രാവിലെ ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു.  സംഭവത്തെ പറ്റി അന്വേഷിക്കാൻ കണ്ണൂരിൽ നിന്നുള്ള ഒരു വനിത സർക്കിൾ ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ അറിയിച്ചു. “സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ഇത്തരത്തിൽ ആരോപണം ഉയർന്നത് കാസർകോട് ജില്ലയിലെയും കണ്ണൂർ ജില്ലയിലെയും രണ്ട് വിദ്യാർത്ഥിനികളിൽ നിന്നാണ്. ഇവരാരൊക്കെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്” അദ്ദേഹം പറഞ്ഞു.

“വിദ്യാർത്ഥിനികളുടെ വീട്ടിൽ നേരിട്ട് ചെന്ന് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ വനിതാ സർക്കിൾ ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ നിയമവശം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും. സംഭവത്തിൽ വിദ്യാർത്ഥിനികളുടെ പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കും” ജയരാജൻ വ്യക്തമാക്കി.

അതേസമയം കേസെടുക്കാനുള്ള നിർദ്ദേശം പൊലീസിന് ലഭിച്ചതിന് പിന്നാലെ കുഞ്ഞിമംഗലം ടിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് നാല് അദ്ധ്യാപകരെ സസ്പെന്റ് ചെയ്തു. പ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി സുരക്ഷാ പരിശോധന നടത്താനുള്ള ചുമതലയിലുണ്ടായിരുന്ന നാല് അദ്ധ്യാപികമാർക്കാണ് സസ്പെൻഷൻ ലഭിച്ചത്. എന്നാൽ സ്കൂളിൽ ആരുടെയും അടിവസ്ത്രം അഴിപ്പിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവസമയത്ത് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും സ്കൂൾ അധികൃതരുടെ വാക്കുകളെ ശരിവച്ചു. “മെറ്റൽ ഡിറ്റക്ടർ വച്ച് പരിശോധിച്ചപ്പോൾ മേലുടുപ്പിന് അകത്ത് നിന്ന് ബീപ് ശബ്ദം കേട്ടു.  ഇതെന്താണെന്ന് തിരക്കിയപ്പോൾ അടിവസ്ത്രം ആണെന്ന് പെൺകുട്ടികൾ പറഞ്ഞു. അകത്തേക്ക് കയറ്റാൻ ആവില്ലെന്ന് പറഞ്ഞതോടെ പലരും അടുത്ത വീടുകളിലും കടകളിലും പോയി വസ്ത്രം മാറി വന്നു. നിർബന്ധിച്ച് ആരുടെയും വസ്ത്രം അഴിച്ചിരുന്നില്ല. ഇത് തെറ്റായ പ്രചരണം ആണ്” എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

“ആദ്യമായാണ് ഒരു പൊതുപരീക്ഷയുടെ സെന്ററായി ടിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിനെ പരിഗണിച്ചത്. അത് പരമാവധി ഭംഗിയാക്കി നടത്താൻ, പരീക്ഷയുടെ നിബന്ധനകൾ കർശനമായി പാലിച്ചിരുന്നു. വിദ്യാർത്ഥികളുടെ വസ്ത്രത്തിൽ മെറ്റൽ വസ്തുക്കൾ കണ്ടപ്പോൾ അകത്തേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. കുട്ടികളും രക്ഷിതാക്കളും ഇതിന് പരിഹാരം കണ്ടെത്തി തിരിച്ച് വന്നു. വീണ്ടും മെറ്റൽ ഡിറ്റക്ടർ വച്ച് പരിശോധിച്ച ശേഷമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. ഈ സമയത്തെല്ലാം ഞാനടക്കം നിരവധി പൊലീസുകാർ ഇവിടെയുണ്ടായിരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കുറുപ്പംപടിയിൽ കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  പയ്യന്നൂർ പുതിയപുരയിൽ രജത് എന്ന വിദ്യാർത്ഥിയാണ് പരീക്ഷ എഴുതാൻ സമ്മതിച്ചില്ലെന്ന കാരണത്തിൽ പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 341, 427 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Neet exam innerwear removal controversy four teachers suspended police registered case

Next Story
മൂന്നാർ: സർവകക്ഷിയോഗം കഴിഞ്ഞു, ഒഴിപ്പിച്ചത് കൈയേറ്റമൊഴിപ്പിക്കൽ നടപടികളെmunnar, cpm,encroachment, landissue,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express