കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഏജൻസിക്കെതിരെ അറസ്റ്റിലായ ജീവനക്കാർ. ഏജൻസി നിർദേശം അനുസരിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും കുട്ടികൾക്ക് വസ്ത്രം മാറാൻ മുറി തുറന്നു നൽകുക മാത്രമാണ് ഉണ്ടായതെന്നും അറസ്റ്റിലായ കോളേജിലെ ശുചീകരണ തൊഴിലാളികൾ മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടികളുടെ വസ്ത്രത്തിൽ ലോഹഭാഗങ്ങളുണ്ട് അതുകൊണ്ട് അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് പരിശോധനയിലുള്ളവർ പറഞ്ഞു. കുട്ടികൾ കരയുന്നത് കണ്ട് തങ്ങൾ എന്താണെന്ന് ചോദിക്കുകയും അവർക്ക് വസ്ത്രം മാറണമെന്ന് പറഞ്ഞപ്പോൾ വേറെ മുറികൾ ഒന്നും ഇല്ലാത്തതിനാൽ തങ്ങളുടെ മുറി തുറന്നു നൽകുകയുമായിരുന്നു. കുട്ടികൾക്ക് വസ്ത്രം സൂക്ഷിക്കാൻ ഇടം വേണമെന്ന് പറഞ്ഞപ്പോൾ അത് ഒരുക്കി നൽകിയെന്നും തങ്ങൾക്കും ഈ പ്രായത്തിൽ ഉള്ള കുട്ടികൾ ഉള്ളതാണെന്നും അവർ പറഞ്ഞു.
ഏജൻസി ജീവനക്കാരോട് അടിവസ്ത്രം അഴിക്കണമെന്ന നിർദേശത്തെ കുറിച്ച് വീണ്ടും ചോദിച്ചപ്പോൾ ഇത് നിയമമാണെന്നും അത് തങ്ങൾക്ക് ചെയ്തേ കഴിയൂ എന്ന് അവർ പറഞ്ഞെന്നും അറസ്റ്റിലായവർ പറയുന്നു. തങ്ങൾ മറ്റൊരു തെറ്റും ചെയ്തിട്ടില്ലെന്നാണ് അവരുടെ വാദം. ഇന്നലെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനു ശേഷമുള്ള പ്രതികരണമാണോ ഇതെന്ന് വ്യക്തമല്ല.
അതേസമയം, കേസില്‍ അറസ്റ്റിലായ അഞ്ചുപ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം കടയ്ക്കല്‍ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണ് നടന്നതെന്ന് കോടതി വിലയിരുത്തി. കോളേജിലെ രണ്ടു ശുചീകരണ തൊഴിലാളികളും പരീക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാരുമാണ് പിടിയിലായിട്ടുള്ളത്.
കേസിൽ പൊലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. നിലവിൽ അറസ്റ്റിലായിരിക്കുന്നവരുടെ മൊഴികൾ പ്രകാരം കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. ജീവനക്കാർക്ക് അത്തരമൊരു നിർദേശം നൽകിയത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ ദേശീയ ടെസ്റ്റിങ് ഏജൻസിയും അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ സമിതിയും കോളേജിൽ എത്തി അന്വേഷണം നടത്തിയേക്കും.