ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനായി നടന്ന നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിനിയെ അടിവസ്ത്രമൂരി പരിശോധിച്ച സംഭവം നിർഭാഗ്യകരമായിപ്പോയെന്ന് പരീക്ഷ നടത്തിപ്പുകാരായ സിബിഎസ്ഇ. അപമാനിക്കപ്പെട്ട വിദ്യാർഥിനിയോട് സ്കൂൾ അധികൃതർ മാപ്പ് പറയണമെന്നും സിബിഎസ്ഇ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. ചിലരുടെ അമിതാവേശമാണ് ഈ സംഭവങ്ങൾക്ക് കാരണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.

പരീക്ഷ നടത്തിപ്പിൽ യാതൊരുവിധ വീഴ്‌ചയും സംഭവിച്ചിട്ടില്ല എന്നും സുപ്രീംകോടതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് പരീക്ഷ നടത്തിയതെന്നും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്. വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ കണ്ണൂരിലെ കുഞ്ഞിമംഗലം കൊവ്വപുരം ടിസ്ക്ക് സ്കൂളിലെ പ്രധാനാധ്യാപകൻ നിരുപാധികം മാപ്പ് പറയണമെന്നും സിബിഎസ്​ഇ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും സിബിഎസ്ഇ അധികൃതർ അറിയിച്ചു. വിദ്യാർഥികൾക്ക് സമ്മർദ്ദമില്ലാതെ പരീക്ഷ എഴുതാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.

അതേസമയം, കുറുപ്പംപടിയിൽ കണ്ണൂർ സ്വദേശിയായ വിദ്യാർഥിയുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.  പയ്യന്നൂർ പുതിയപുരയിൽ രജത് എന്ന വിദ്യാർഥിയാണ് പരീക്ഷ എഴുതാൻ സമ്മതിച്ചില്ലെന്ന കാരണത്തിൽ പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 341, 427 വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന വാർത്തയെ തുടർന്ന് നാല് അദ്ധ്യാപകരെ സസ്പെന്റ് ചെയ്തു. കുഞ്ഞിമംഗലം ടിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാല് അദ്ധ്യാപകരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയതത്. അതേസമയം സ്കൂളിൽ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ചിട്ടില്ലെന്ന വാദത്തിൽ സ്കൂൾ അധികൃതർ ഉറച്ചു നിൽക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.