കൊച്ചി: പ്രമുഖ മലയാളം സിനിമാ താരത്തെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി ചലച്ചിത്ര താരം നീരജ് വാധവ്. സംഭവം അവിശ്വസനീയവും ലജ്ജാവഹവുമാണെന്ന് നീരജ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. ഇരുട്ടും രാത്രിയും ഇപ്പോഴും നമ്മുടെ പെൺകുട്ടികൾക്ക് പേടി സ്വപ്നം തന്നെ. കൈയിൽ പെപ്പർ സ്പ്രേയ്ക്ക് പകരം റിവോൾവർ ആയിട്ട് നടന്നാലും അതിൽ അതിശയോക്തി ഇല്ലെന്നും നീരജ് പറഞ്ഞു.
താരത്തെ പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമായിരുന്നുവെന്ന് പ്രാഥമിക നിഗമനം. മുൻഡ്രൈവർ സുനിലിന് താരത്തോടുണ്ടായിരുന്ന പക, അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങൾ പകർത്തിയ ശേഷം ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനായിരുന്നുവെന്നാണ് കണക്കാക്കുന്നത്.
താരത്തെ ശനിയാഴ്ച രാവിലെ കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചിരുന്നു. സംവിധായകനും നടനും നിർമ്മാതാവുമായ ലാലിനൊപ്പമാണ് താരം മെഡിക്കൽ കോളേജിൽ എത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗൈനക്കോളജി വിദഗ്ദ്ധ നടത്തിയ പരിശോധനയിൽ താരത്തിനെ ശാരീരികമായി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി കണ്ടെത്തി. ഇതേ തുടർന്നാണ് പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകലിനും മാനഭംഗ ശ്രമത്തിനും കേസെടുത്തത്.
തൃശ്ശൂരിൽ നിന്ന് വൈകിട്ട് ഏഴ് മണിയോടെ പുറപ്പെട്ട താരവും ഡ്രൈവർ മാർട്ടിനും അത്താണിയിലെത്തിയത് പതിനൊന്ന് മണിക്ക് ശേഷമാണ്. ഇതിനിടയിൽ നാൽപ്പതിലേറെ തവണ സുനിലും മാർട്ടിനും ഫോണിൽ സംസാരിച്ചിരുന്നതായാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരം. ഇതേ തുടർന്നാണ് മാർട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മാർട്ടിനെ ഒഴിവാക്കി താരവുമായി കടന്ന സംഘം, യാത്രയ്‌ക്കിടയിൽ താരത്തിന്റെ അപകീർത്തികരമായ നിരവധി ചിത്രങ്ങളെടുത്തതായി പരാതിയിലുണ്ട്. ചിത്രവും ദൃശ്യങ്ങളും എടുത്ത ശേഷം ഇവരെ പാലാരിവട്ടത്ത് ഉപേക്ഷിക്കുകയായിരുന്നു. താരത്തിന്റെ വിവാഹം നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ താരം പരാതിപ്പെടില്ലെന്നും, ദൃശ്യങ്ങൾ വച്ച് വില പേശി പണം തട്ടാമെന്നും പ്രതികൾ ഉദ്ദേശിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇവർ രണ്ടു മണിക്കൂറോളം താരവുമായി യാത്ര ചെയ്താണ് അത്താണിയിൽ നിന്ന് പാലാരിവട്ടത്തേക്ക് എത്തിയത്.
പ്രതികൾ ക്വട്ടേഷൻ സംഘമാണെന്ന് പറഞ്ഞതായി താരം പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഈ ദിശയിലും അന്വേഷണം മുന്നോട്ട് പോകുന്നുണ്ട്. എന്നാൽ രാവിലെ വരെ ഗാന്ധിനഗറിലുണ്ടായിരുന്ന പ്രതികൾ പിന്നീട് എങ്ങോട്ടാണ് കടന്നതെന്ന് പൊലീസിന് വ്യക്തമായ ധാരണയില്ല. ഇവരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് അന്വേഷണ സംഘം.
നേരത്തേ സുനിലിന്റെ ക്രിമിനൽ സ്വഭാവം തിരിച്ചറിഞ്ഞ് ഇയാളെ ജോലിയിൽ നിന്ന് താരം പറഞ്ഞുവിട്ടിരുന്നു. എന്നാൽ ഇവർ അഭിനയിക്കുന്ന പുതിയ മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് സ്ഥലത്ത്, വാഹനങ്ങൾക്ക് ഡ്രൈവർമാരെ ഏർപ്പെടുത്തിയത് സുനിലാണ്. താരത്തിന്റെ വാഹനം മൂന്ന് ദിവസമായി ഓടിച്ചത് സുനിലിന്റെ സുഹൃത്തായ മാർട്ടിനാണ്. മാർട്ടിനെ തെറ്റിദ്ധരിപ്പിച്ചാണ് സുനിലും മറ്റ് രണ്ട് പേരും വാഹനം തട്ടിയെടുത്തതെന്നാണ് പൊലീസിന് ഇയാൾ നൽകിയ മൊഴി.
പാലാരിവട്ടം വരെ പ്രതികൾ താരവുമായി സഞ്ചരിച്ച വാഹനത്തെ പുറകെ പിന്തുടർന്ന മാർട്ടിൻ താരത്തിന്റെ ആവശ്യപ്രകാരം ഇവരെ ലാലിന്റെ വീട്ടിൽ എത്തിച്ചിരുന്നു. കൊരട്ടി സ്വദേശിയായ ഇയാളെ ലാലാണ് പൊലീസിനെ ഏൽപ്പിച്ചത്. ഐ.ജി പി ഗോപിനാഥ് ലാലിന്റെ വസതിയിൽ രാത്രി തന്നെ എത്തിയിരുന്നു.
ലാൽ നിർമ്മിച്ച് അദ്ദേഹത്തിന്റെ മകൻ ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് തൃശ്ശൂരിൽ നടന്നത്. സുനിലിനെ ഒഴിവാക്കിയ ശേഷം സ്ഥിരം ഡ്രൈവറെ താരം ചുമതല ഏൽപ്പിച്ചിരുന്നില്ല. മൂന്ന് ദിവസമായി മാർട്ടിനായിരുന്നു താരത്തിന്റെ വാഹനം ഓടിച്ചിരുന്നത്.