കെവിന്റെ കൊലപാതകം; നീനുവിന്റെ സഹോദരന്‍ ഷാനു മുഖ്യ സൂത്രധാരന്‍

കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ്, ബിജെപി ഇന്ന് കോട്ടയത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

കോട്ടയം: കോട്ടയത്തെ ദുരഭിമാനക്കൊലയുടെ മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയെന്ന് പിടിയിലായവര്‍. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നും പേടിപ്പിച്ച് ബന്ധം അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു.

സംഭവത്തെ കുറിച്ച് നീനുവിന്റെ മാതാപിതാക്കള്‍ക്കും അറിവുണ്ടായിരുന്നുവെന്നും പിടിയിലായവര്‍. ആക്രമണത്തിന്റെ തലേദിവസം സംഘം കോട്ടയത്ത് ഹോട്ടലില്‍ മുറിയെടുത്തിരുന്നു. തട്ടിക്കൊണ്ടു പോകാന്‍ സംഘം രൂപീകരിച്ചതും ഷാനുവായിരുന്നു. അക്രമി സംഘത്തില്‍ ഭൂരിഭാഗവും നീനുവിന്റെ ബന്ധുക്കളായിരുന്നുവെന്നും പൊലീസിനോട് പിടിയിലായവര്‍ വ്യക്തമാക്കി.

അതേസമയം, നീനുവിന്റെ അച്ഛനും അമ്മയും എവിടെയാണെന്ന് വ്യക്തമല്ല. വാര്‍ത്ത പുറത്ത് വന്നതിന് ശേഷം രണ്ട് പേരേയും കണ്ടിട്ടില്ല. പള്ളിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു രണ്ടു പേരും. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി ഇന്നലെ പിടിയില്‍ ആയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ട് പേരാണ് അറസ്റ്റിലായത്. തിരുനെല്‍വേലിയില്‍ നിന്ന് തെന്മല പൊലീസാണ് ഇവരെ പിടികൂടിയത്. ഇടമണ്‍ നിഷാന മന്‍സിലില്‍ നിയാസ്, റിയാസ് മന്‍സിലില്‍ റിയാസ് എന്നിവരാണ് ഇപ്പോള്‍ പൊലീസ് പിടിയിലായിരിക്കുന്നത്.

കേസില്‍ പതിമൂന്നോളം പേര്‍ പ്രതികളാകുമെന്നാണ് വിവരം. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ 13 പേരുണ്ടെന്ന് പിടിയിലായ ആള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം, കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ്, ബിജെപി ഇന്ന് കോട്ടയത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

അതിനിടെ, സംഭവത്തില്‍ വീഴ്ചവരുത്തിയ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആയ എം.എസ്.ഷിബുവിനേയും എഎസ്‌ഐയേയും സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം എസ്‌പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടേതാണ് ഉത്തരവ്. ഹരിശങ്കറാണ് പുതിയ കോട്ടയം എസ്‌പി. കെവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പരാതി ലഭിച്ചിട്ടും നടപടിയെടുക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. കെവിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും.

ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. അന്നു രാവിലെ ആറ് മണിക്ക് മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബാണ് ആദ്യം പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പരാതി പൊലീസ് സ്വീകരിച്ചില്ല. ഇതിനുപിന്നാലെ രാവിലെ 11 മണിക്ക് ഭാര്യ നീനു പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തി. പക്ഷേ പൊലീസ് പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാന്‍ തയ്യാറായില്ല. കോട്ടയത്ത് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയുണ്ടെന്നും അതു കഴിഞ്ഞ് അന്വേഷിക്കാമെന്നാണ് എസ്‌ഐ എം.എസ്.ഷിബു പറഞ്ഞത്. നവവരനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത ചാനലുകള്‍ പുറത്തുവിട്ടതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Neenus brother was behind kevins murder says detained accusts

Next Story
അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി വനിതയുടെ സംസ്കാരം ശനിയാഴ്ചmalayali killed in usa
The moderation of comments is automated and not cleared manually by malayalam.indianexpress.com