കൊച്ചി: മൂന്നാറിന്‍റെ മലമടക്കുകളില്‍ നീലവസന്തം തീര്‍ക്കുന്ന നീലക്കുറിഞ്ഞി പൂക്കാന്‍ ഇനി വെറും 45 ദിവസത്തിന്‍റെ അകലം മാത്രം. ലോകമെമ്പാടുമുള്ള പത്തു ലക്ഷത്തോളം സഞ്ചാരികള്‍ കുറിഞ്ഞിപ്പൂക്കാലം കാണാനെത്തുമെന്നാണ് വനം വകുപ്പും വിനോദ സഞ്ചാര വകുപ്പും പ്രതീക്ഷിക്കുന്നത്.
കുറിഞ്ഞികള്‍ വ്യാപകമായി പൂക്കുന്ന വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ നീലക്കുറിഞ്ഞി പൂക്കാലത്തെ വരവേല്‍ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്.
രാജമല സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കായി ടിക്കറ്റ് കൗണ്ടറിനു സമീപം നിര്‍മിച്ച വിശ്രമകേന്ദ്രം അടുത്തിടെ സഞ്ചാരികള്‍ക്കു തുറന്നു കൊടുത്തിരുന്നു. 450 പേര്‍ക്ക് ഇരിക്കാവുന്ന വിധത്തില്‍ 30 ലക്ഷം രൂപ മുടക്കിയാണ് ഈ കേന്ദ്രം നിര്‍മിച്ചത്. ഇരിപ്പിടങ്ങള്‍, നാല് ബയോ ടോയ്‌ലറ്റുകള്‍, എല്‍ഇഡി സ്‌ക്രീന്‍ തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ വിശ്രമ കേന്ദ്രത്തിലുള്ളത്. ഇതോടൊപ്പം രാജമലയ്ക്കുള്ളിലുള്ള വഴിയില്‍ ബയോടോയ്‌ലറ്റുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. സഞ്ചാരികളുമായെത്തുന്ന വനം വകുപ്പിന്‍റെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനും തിരിക്കാനുമായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സന്ദര്‍ശകരേ… ഇതിലേ ഇതിലേ…
ജൂലൈ രണ്ടാംവാരം മുതല്‍ മൂന്നു മാസം നീളുന്നതാണ് നീലക്കുറിഞ്ഞി സീസണെന്നാണ് കണക്കാക്കിയിരിക്കുന്നത്. പത്തു ലക്ഷത്തോളം പേരെ നീലക്കുറിഞ്ഞി വസന്തം കാണാന്‍ പ്രതീക്ഷിക്കുന്നതെന്നു സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും മൂന്നു ലക്ഷത്തിലധികം പേര്‍ക്കു മാത്രമായിരിക്കും നീലക്കുറിഞ്ഞി പൂക്കള്‍ കാണാന്‍ അവസരം ലഭിക്കാൻ സാധ്യതയുളളൂ. നിലവില്‍ 2750 പേര്‍ക്കാണ് ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ പ്രവേശനം അനുവദിക്കുന്നത്. നീലക്കുറിഞ്ഞി പൂക്കാലം പ്രമാണിച്ചു നാല്‍പ്പതു ശതമാനം ടിക്കറ്റുകള്‍ കൂടുതല്‍ അനുവദിച്ചാലും നാലായിരം പേര്‍ക്കു മാത്രമായിരിക്കും ഒരു ദിവസം നീലക്കുറിഞ്ഞി പൂക്കാലം കാണാന്‍ അവസരം ലഭിക്കുക.
ടിക്കറ്റിന് 110 രൂപയാണ്. 75 ശതമാനം പ്രവേശന ടിക്കറ്റുകളും ജൂണ്‍ ആദ്യവാരം മുതല്‍ ഓണ്‍ലൈനായി നല്‍കുമ്പോള്‍ 25 ശതമാനം ടിക്കറ്റുകള്‍ മാത്രാണ് കൗണ്ടറുകള്‍ വഴി നല്‍കുക. ബാക്കിയുള്ള 25 ശതമാനം ടിക്കറ്റുകള്‍ പഴയ മൂന്നാര്‍, മറയൂര്‍, രാജമല അഞ്ചാം മൈല്‍ എന്നിവടങ്ങളിലെ വനം വകുപ്പ് ടിക്കറ്റ് കൗണ്ടറുകള്‍ വഴി വിതരണം ചെയ്യും.
മൂന്നാറിന്‍റെ പരിസ്ഥിതിയെ നശിപ്പിക്കുന്ന തരത്തില്‍ കൂടുതലാളുകളെ നീലക്കുറിഞ്ഞി സീസണില്‍ ഇരവികുളം നാഷണല്‍ പാര്‍ക്കിലും അനുവദിക്കേണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ അഭിപ്രായം. സോഫ്റ്റ്‌വെയറിന്‍റെ സഹായത്തോടെ മൂന്നാറിലെ നിലവിലുള്ള പാര്‍ക്കിങ്ങിന്‍റെയും കടത്തിവിടാവുന്ന വാഹനങ്ങളുടെയും കൃത്യമായ കണക്കു മനസിലാക്കി കൂടുതലായി വരുന്ന വാഹനങ്ങള്‍ നഗരത്തിനു പുറത്തു തടയാനും അധികൃതര്‍ ആലോചിക്കുന്നുണുണ്ടെന്നാണ് വിവരം.
ഇടുങ്ങിയ റോഡുകളും അവസാനിക്കാത്ത ഗതാഗതക്കുരുക്കുമുള്ള മൂന്നാറിലും രാജമലയിലേക്കുള്ള വഴിയിലും വരും നാളുകളില്‍ എങ്ങനെ വന്‍തോതിലുള്ള വാഹനപ്രവാഹവും സഞ്ചാരികളുടെ പ്രവാഹവും നിയന്ത്രിക്കുകയെന്നത് ശ്രമകരമായ ജോലിയായിരിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
“ഇപ്പോള്‍ തന്നെ രാജമലയ്ക്ക് സമീപവും മൂന്നാര്‍-രാജമല റൂട്ടിലും മിക്ക ദിവസങ്ങളിലും തിരക്ക് നിയന്ത്രിക്കാന്‍ ഞങ്ങള്‍ പെടാപ്പാടു പെടുകയാണ്. വരും നാളുകളില്‍ എന്തായിരിക്കും സ്ഥിതിയെന്നറിയില്ല” ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയും മെസേജിങ് ആപ്പുകളും സജീവമല്ലാതിരുന്ന 2006-ലെ നീലക്കുറിഞ്ഞി പൂക്കാലത്ത് മൂന്നര ലക്ഷത്തോളം ആളുകളാണ് നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറിലെത്തിയത്. ഇത്തവണ ഇതിന്‍റെ പലമടങ്ങ് സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നീലക്കുറിഞ്ഞി പൂക്കാലം കാണാനൊരുങ്ങുന്നവര്‍ അറിയേണ്ടത്
- നീലക്കുറിഞ്ഞികള്‍ പൂക്കാന്‍ തുടങ്ങുക ജൂലൈ രണ്ടാംവാരം മുതല്‍. തുടര്‍ന്നുള്ള മൂന്നു മാസമാണ് നീലക്കുറിഞ്ഞി പൂക്കാലമായി കണക്കാക്കുക.
- നിലവില്‍ ഒരു ദിവസം ഇരവികുളം നാഷണല്‍ പാര്‍ക്കിനുള്ളില്‍ നീലക്കുറിഞ്ഞി കാണാന്‍ അവസരം ലഭിക്കുക 4000 പേര്‍ക്കു മാത്രം
- 75 ശതമാനം ടിക്കറ്റുകള്‍ ഓണ്‍ലൈനായും ബാക്കി 25 ശതമാനം ടിക്കറ്റുകള്‍ കൗണ്ടറുകളിലൂടെയും നല്‍കും
- ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങുക ഈ മാസം ആദ്യവാരം മുതല്‍. ഓണ്‍ലൈനില്‍ 150 രൂപയും കൗണ്ടര്‍ വഴി 110 രൂപയുമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക
- ഐടി സംവിധാനത്തിലൂടെ പാര്‍ക്കിങ് സൗകര്യവും മൂന്നാറിലെത്തുന്ന വാഹനങ്ങളുടെ കണക്കും ജില്ലാ ഭരണകൂടം കണ്ടെത്തും. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ സഞ്ചാരികളെയോ വാഹനങ്ങളെയോ മൂന്നാറിലേക്കു കടത്തി വിടില്ല.