/indian-express-malayalam/media/media_files/uploads/2018/05/neelakurinji-.jpg)
തൊടുപുഴ: നിവേദിത പി ഹരന്‍ റിപ്പോര്‍ട്ടു പ്രകാരമുള്ള സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയും ജോയ്‌സ് ജോര്‍ജ് എംപി ഉള്‍പ്പടെയുള്ളവരുടെ ഭൂമി സംരക്ഷിച്ചും നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
കഴിഞ്ഞ ഏപ്രില്‍ 24-ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കാനും നീലക്കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി 3200 ഹെക്ടറില്‍ നിജപ്പെടുത്താനും നീലക്കുറിഞ്ഞി സങ്കേതത്തിലെ സെറ്റില്‍മെന്റ് ഓഫീസറായി സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കാനും തീരുമാനിച്ചത്. ഈ മന്ത്രിസഭാ തീരുമാനമാണ് സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങിയിരിക്കുന്നത്. കൊട്ടക്കമ്പൂര്‍ വില്ലേജിലെ 58-ആം ബ്ലോക്ക്, വട്ടവട വില്ലേജിലെ 62-ആം ബ്ലോക്ക് എന്നിവിടങ്ങളിലെ പട്ടയ ഭൂമികള്‍ നിര്‍ദിഷ്ട സങ്കേതത്തില്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ചതോടെ ജോയ്‌സ് ജോര്‍ജ് എംപി ഉള്‍പ്പടെയുള്ളവരുടെ ഭൂമി നീലക്കുറിഞ്ഞി സങ്കേതത്തിന് പുറത്താകുമെന്ന് ഉറപ്പായിട്ടുണ്ട്.
കൊട്ടക്കമ്പൂര്‍ സന്ദര്‍ശിച്ച മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. പന്ത്രണ്ട് വർഷം മുമ്പ് വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് നീലക്കുറിഞ്ഞി സങ്കേതം പ്രഖ്യാപിച്ചത്. ഇവിടുത്തെ ഭൂമി പ്രശ്നത്തിന്റെയും മറ്റും തർക്കത്തെ തുടർന്ന് ഇത് നടപ്പാക്കാതെ തുടരുകയായിരുന്നു. ഇപ്പോൾ അന്നത്തെ സങ്കേതത്തിന്റെ ഭൂമി മാറ്റി വരച്ചാണ് പുതിയ സങ്കേതം നിർമ്മിക്കാനൊരുങ്ങുന്നതെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു.
നീലക്കുറിഞ്ഞി സങ്കേതത്തിലെ ഭൂമി സംബന്ധമായ കാര്യങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ കണ്ടെത്തലുകള്‍ പ്രകാരം പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവു പ്രകാരം അഞ്ചുനാട് പ്രദേശത്ത് സമഗ്ര പട്ടയ പരിശോധനയ്ക്കു ശേഷം മാത്രമേ യൂക്കാലിപ്റ്റസ്-ഗ്രാന്റിസ് മരങ്ങള്‍ മുറിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചിരുന്നു. എന്നാല്‍ ഈ നിയമം ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതാണെന്നു കണ്ടെത്തിയാണ് പുനപരിശോധിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു.
'കുറിഞ്ഞിമല സാങ്ച്വറിയുടെ വിസ്തൃതി നിജപ്പെടുത്തുമ്പോള്‍ ദേവികുളം താലൂക്കിലെ കൊട്ടക്കമ്പൂര്‍ വില്ലേജ് ബ്ലോക്ക് 58-ലെയും വട്ടവട വില്ലേജ ബ്ലോക്ക് 62-ലെയും പട്ടയഭൂമി ഒഴികെ ബ്ലോക്ക് നമ്പര്‍ 59,60,61, 63 എന്നിവയിലുള്ള ഭൂമി കൂടി പ്രധാനമായും ഗ്രാന്റീസ് തോട്ടങ്ങള്‍ ഉള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഉചിതമായ രീതിയില്‍ 3200 ഹെക്ടറില്‍ കുറയാത്ത വിധം അതിരുകള്‍ പുനര്‍നിര്‍ണയം ചെയ്യേണ്ടതാണ്. ഈ ഉത്തരവിലെ കാര്യ നിര്‍വഹണത്തിനായി ഒരു മുതിര്‍ന്ന ഐഎഎസ് ഓഫീസറെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കേണ്ടതാണ്. ഓഫീസര്‍ക്ക് കേരള ലാന്‍ഡ് അസൈന്‍മെന്റ് ആക്ട് പ്രകാരമുള്ള കളക്ടറുടെ അധികാരം നല്‍കി റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്. കൂടാതെ ഓഫീസറെ 1972-ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ സെക്ഷന്‍ 18 ബി പ്രകാരം കലക്ടറായി പ്രഖ്യാപിച്ച് വനംവകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതാണ്' ഉത്തരവില്‍ പറയുന്നു.
അതേസമയം മന്ത്രിതല സംഘത്തിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും കൈവശക്കാരെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ശരിയായ കൈവശ രേഖയുള്ള ആരെയും കുടിയൊഴിപ്പിക്കേണ്ടതില്ല.ഇപ്പോള്‍ സാങ്ച്വറി പ്രദേശമായി ഇന്റന്‍ നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെട്ട കൃഷി ചെയ്തു ജീവിക്കുന്ന എല്ലാവര്‍ക്കും 1964-ലെ ഭൂമി പതിവു ചട്ടപ്രകാരം പട്ടയം നല്‍കേണ്ടതാണ്. ഇത്തരത്തില്‍ പട്ടയം നല്‍കാന്‍ പഞ്ചായത്തോ വില്ലേജോ കൃഷി വകുപ്പോ നല്‍കിയ രേഖകളോകൈവശാവകാശ രേഖകളോ തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ ബാങ്ക് രേഖകള്‍ പരിശോധിച്ച് ഉടമസ്ഥവകാശം തിട്ടപ്പെടുത്താവെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കൊട്ടക്കമ്പൂര്‍ വട്ടവട മേഖലയിലെ ആളുകളുടെ ഭൂമി പരിശോധനയ്ക്കായി സ്‌പെഷ്യല്‍ ഓഫീസര്‍ അതാതു സ്ഥലങ്ങളില്‍ സ്‌പെഷ്യല്‍ ക്യാമ്പ് ഓഫീസുകള്‍ തുറക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇതോടൊപ്പം അഞ്ചുനാട് മേഖലയിലെ പട്ടയ ഭൂമിയുടെ പരിശോധനയ്ക്കായി ഭൂ ഉടമ നേരിട്ടു ഹാജരാകണമെന്നും അതേ സമയംമേഖലയിലെ അക്കേഷ്യ-യൂക്കാലിപ്റ്റസ് -ഗ്രാന്റീസ് തോട്ടങ്ങളല്ലാത്ത പട്ടയ ഭൂമിയുടെ പരിശോധന നടത്തുമ്പോള്‍ തക്കതായ കാരണങ്ങളാല്‍ വരാന്‍ പറ്റാത്തവര്‍ക്ക് അടുത്ത അനന്തരാവകാശിയെ ബന്ധപ്പെട്ട പഞ്ചായത്തില്‍ നിന്നോ വില്ലേജില്‍ നിന്നോയുള്ള സാക്ഷ്യപത്രം സഹിതം വന്നാല്‍ പരിഗണിക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം 58, 62 ബ്ലോക്കുകളിലെ പട്ടയഭൂമി ഒഴിവാക്കുമ്പോള്‍ കൈയേറ്റക്കാരെല്ലാം രക്ഷപെടുമെന്ന ആശങ്ക ഇപ്പോള്‍ തന്നെ ശക്തമായിട്ടുണ്ട്. പഞ്ചായത്ത് നല്‍കുന്ന കൈവശാവകാശ രേഖയുള്ളവരുടെ അവകാശം അംഗീകരിക്കണമെന്നു പറയുമ്പോള്‍ ഇത്തരത്തില്‍ കൈവശരേഖയുണ്ടാക്കി ആര്‍ക്കും ഭൂമി സംരക്ഷിക്കാനാവുമെന്നു റവന്യൂ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.ഇതിനിടെ ജൂണിനു മുമ്പ് സെറ്റില്‍മെന്റ് ഓഫീസറെ നിയമിച്ച് ഏരിയല്‍/ഡ്രോണ്‍ സര്‍വേ പ്രദേശത്തു പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും നടപടികള്‍ ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ലായെന്നതാണ് യാഥാര്‍ഥ്യം. ഫലത്തില്‍ നീലക്കുറിഞ്ഞി സങ്കേതത്തിന്റെ പുതിയ ഉത്തരവു പുറത്തുവരുമ്പോഴും കൈയേറ്റക്കാര്‍ക്കു യാതൊരു നഷ്ടവും സംഭവിക്കുന്നില്ലെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു.
കൈയേറ്റക്കാരുടെ ഭൂമി സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തി മാറ്റിവരയ്ക്കുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.