തൊടുപുഴ: നീലക്കുറിഞ്ഞി പൂക്കാലം തുടങ്ങുന്നതിനു മുമ്പുതന്നെ വിവാദങ്ങളുടെ പൂക്കാലത്തിനും മൂന്നാറില്‍ തുടക്കമായി. നീലക്കുറിഞ്ഞി പൂക്കാലത്ത് സഞ്ചാരികളെ നിയന്ത്രിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരേ ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍ രംഗത്തെത്തി.
ചില ഉദ്യോഗസ്ഥര്‍ തങ്ങളുടെ അജണ്ട നടപ്പാക്കാനാണ് മൂന്നാറില്‍ ശ്രമിക്കുന്നതെന്നും അവരാണ് മൂന്നാറിലെത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതെന്നും രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. “നേരത്തേ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നീലക്കുറിഞ്ഞി പൂക്കാലവുമായി ബന്ധപ്പെട്ട് ഒന്‍പതു യോഗങ്ങള്‍ കൂടിയിരുന്നെങ്കിലും ഈ യോഗത്തിലെ തീരുമാനങ്ങളൊന്നും ഉദ്യോഗസ്ഥര്‍ നടപ്പാക്കിയിട്ടില്ല.” എംഎൽഎ കുറ്റപ്പെടുത്തി.
“പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മൂന്നാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രതീക്ഷയുള്ള നീലക്കുറിഞ്ഞി പൂക്കാലത്ത് പരമാവധി സഞ്ചാരികളെ അകറ്റി നിര്‍ത്താനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. നീലക്കുറിഞ്ഞി പൂക്കാലവുമായി ബന്ധപ്പെട്ടു ഞാന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയും മുഖ്യമന്ത്രി വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ നടപടികള്‍ക്കു പകരം സഞ്ചാരികളെ നിയന്ത്രിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. ഇത് അംഗീകരിക്കാനാവില്ല” എസ്.രാജേന്ദ്രന്‍ പറഞ്ഞു.
Read More:നീലക്കുറിഞ്ഞി പൂക്കാൻ ഇനി ഒന്നര മാസം കൂടി: അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
നീലക്കുറിഞ്ഞി ചെടികള്‍ പൂവിടുന്ന ഇരവികുളം ദേശീയോദ്യാനത്തില്‍ പൂക്കാലം കാണാന്‍ പ്രതിദിനം നാലായിരം പേര്‍ക്കു മാത്രമാണ് അവസരം ലഭിക്കുക. ലഭ്യമാകുന്ന ടിക്കറ്റിന്റെ കണക്കും വാഹനപാര്‍ക്കിങ് സൗകര്യവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുമെന്നും കൂടുതലായി വരുന്ന സഞ്ചാരികളെ വിവിധ കേന്ദ്രങ്ങളിൽ തടഞ്ഞു തിരിച്ചയക്കുമെന്നും ജില്ലാ കലക്ടർ ജി.ആര്‍.ഗോകുല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നീലക്കുറിഞ്ഞി പൂക്കാലത്ത് പത്തുമുതല്‍ പതിനഞ്ചു ലക്ഷം സഞ്ചാരികളെ വരെയാണ് മൂന്നാറിലേക്ക് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നീലക്കുറിഞ്ഞി പൂക്കാലത്തോടനുബന്ധിച്ച് വ്യാപകമായി വിനോദ സഞ്ചാര വകുപ്പ് ഉള്‍പ്പടെയുള്ളവര്‍ പരസ്യങ്ങളും മറ്റും നല്‍കി സഞ്ചാരികളെ ആകര്‍ഷിക്കുന്നുമുണ്ട്.
ജൂലൈ രണ്ടാം വാരത്തില്‍ തുടങ്ങുമെന്നു പ്രതീക്ഷിക്കുന്ന നീലക്കുറിഞ്ഞി പൂക്കാലം മൂന്നുമാസം നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാലയളവിനുള്ളില്‍ മൂന്നു ലക്ഷത്തി അറുപതിനായിരം പേര്‍ക്ക് മാത്രമായിരിക്കും നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുളള ക്രമീകരണപ്രകാരം നീലക്കുറിഞ്ഞി കാണാന്‍ അവസരം ലഭിക്കുക. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രം നീലക്കുറിഞ്ഞി കാണാന്‍ അവസരം ലഭിക്കുമ്പോള്‍ എന്തിനാണ് പത്തുലക്ഷത്തോളം ആളുകളെ മൂന്നാറിലേക്ക് ക്ഷണിക്കുന്നതെന്ന ചോദ്യമാണ് രാജേന്ദ്രന്‍ ഉന്നയിക്കുന്നത്. നിയമസഭാ സമ്മേളനത്തിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.