കൊച്ചി: വീണ്ടുമൊരു നീലക്കുറിഞ്ഞി പൂക്കാലം കൂടി കടന്നുപോകാനൊരുങ്ങുകയാണ്. ഇത്തവണത്തെ നീലക്കുറിഞ്ഞി പൂക്കാലം അവസാനിക്കാൻ ഇനി വെറും രണ്ടാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. ഇനി ഒരു വ്യാഴവട്ടത്തിന് ശേഷമെ നീലകുറിഞ്ഞികൾ മൂന്നാറിന്റെ മലനിരകളിൽ വിരുന്നെത്തുകയുള്ളു. നീണ്ട പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ തുടക്കമാകുന്നത്.
പൂജാ അവധി പ്രമാണിച്ച് നീലകുറിഞ്ഞി കാണാന്‍ വന്‍തിരക്കാണ് ഈ ദിവസങ്ങളില്‍ മൂന്നാറില്‍ അനുഭവപ്പെടുന്നത്. പ്രളയംമൂലം രണ്ടുമാസം വൈകി പൂത്ത നീലക്കുറിഞ്ഞി പൂക്കൾ വീണ്ടും കനത്ത മഴ പെയ്തതോടെ പലഭാഗത്തും അഴുകിപ്പോയിരുന്നു. എങ്കിലും ആയിരകണക്കിന് ആളുകളാണ് പൂക്കാലം കാണൻ മൂന്നാറിലെത്തികൊണ്ടിരിക്കുന്നത്.
മൂന്നാറിലെ നീലക്കുറിഞ്ഞി കാഴ്ച pic.twitter.com/Bi0tl3ad49
— IE Malayalam (@IeMalayalam) October 20, 2018
നിലവില്‍ ഇരവികുളം നാഷണല്‍പാര്‍ക്കിലും കൊളുക്കുമലയിലുമാണ് സഞ്ചാരികള്‍ക്ക് നീലക്കുറിഞ്ഞി വസന്തം കാണാന്‍ അവസരം ലഭിക്കുക. മൂന്നാര്‍ ടൗണില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക്. ഇവിടേക്ക് ഓണ്‍ലൈനായും നേരിട്ടും ടിക്കറ്റ് ബുക്കു ചെയ്യാനുള്ള സൗകര്യമുണ്ട്.
കൊളുക്കുമലയിലെത്താന്‍ മൂന്നാറില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയുള്ള സൂര്യനെല്ലിയിലെത്തണം. അവിടെ നിന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അംഗീകാരമുള്ള ജീപ്പുകളില്‍ 11 കിലോമീറ്റര്‍ ദൂരമുള്ള ദുര്‍ഘടപാതയിലൂടെ സഞ്ചരിച്ചാല്‍ കൊളുക്കുമലയിലെത്തും. 7 പേര്‍ക്ക് 2000 രൂപയാണ് ഇതിനായി നല്‍കേണ്ടത്. ഇതിനൊപ്പം കൊളുക്കുമലയില്‍ പ്രവേശിക്കാന്‍ സ്വകാര്യ തേയില കമ്പനിക്ക് ആളൊന്നിന് 100 രൂപ വീതം വേറെയും നല്‍കണം.
ഓരോ ട്രിപ്പിനും നിരക്ക് നിശ്ചയിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ ട്രിപ്പുകളെടുക്കാന്‍ സഞ്ചാരികളെ നീലക്കുറിഞ്ഞിയുള്ള സ്ഥലങ്ങളില്‍ പലതും കാണിക്കാതെ ഒരു വിഭാഗം ഡ്രൈവര്‍മാര്‍ എളുപ്പത്തില്‍ സര്‍വ്വീസ് പൂര്‍ത്തിയാക്കുന്നതായി സഞ്ചാരികള്‍ കുറ്റപ്പെടുത്തുന്നു. അതേസമയം അപ്രതീക്ഷിതമായ പ്രളയം നീലക്കുറിഞ്ഞി പൂക്കാലത്തെ തകർത്തെന്ന് ഇരവികുളം നാഷണല്‍പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി.നാലരലക്ഷം സഞ്ചാരികളെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെ പൂക്കാലം കാണാനെത്തിയത് എണ്‍പതിനായിത്തോളം സഞ്ചാരികള്‍ മാത്രമാണ്.
Read More: Neelakurinji Flowering Season 2018: നീലക്കുറിഞ്ഞി ഇവിടെയും പൂക്കും
ടൂറിസം വകുപ്പാകട്ടെ നീലക്കുറിഞ്ഞി പൂക്കാലത്ത് എട്ടുലക്ഷത്തോളം സഞ്ചാരികളെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സീസൺ മുന്നില്‍ കണ്ട് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിപുലമായ പ്രചാരണപരിപാടികളും ടൂറിസം വകുപ്പ് തയാറാക്കിയിരുന്നു.
നീലക്കുറിഞ്ഞി പൂക്കാലത്ത് സഞ്ചാരികളുടെ വരവ് കുറഞ്ഞത് ദോഷകരമായി ബാധിച്ചത് മൂന്നാറിലെ വ്യാപാരമേഖലയെയാണ്. മാസങ്ങള്‍ക്ക് മുമ്പേ ബുക്കിങ് ലഭിച്ചിരുന്ന വന്‍കിട ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം പ്രളയത്തെത്തുടര്‍ന്ന് ആളൊഴിഞ്ഞതോടെ മാസങ്ങളോളം അടച്ചിടേണ്ടി വന്നിരുന്നു.