തൊടുപുഴ: നീലക്കുറിഞ്ഞി ഭൂമിയുമായി ബന്ധപ്പെട്ട മുൻ നിലപാട് കൈയൊഴിഞ്ഞുകൊണ്ട് വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്മി. വാർഡന്രെ പുതിയ നിലപാട് സർക്കാരിനെ വീണ്ടും കുരുക്കിലാക്കുന്നതായി മാറിയിരിക്കുന്നു.

നീലക്കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് അന്ത്യമാകുന്നതിന് മുമ്പ് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി തന്റെ പഴയ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തിരുത്തി. ഈ തിരുത്തലാണ് പുതിയ വിവാദങ്ങൾക്ക് വഴി തുറക്കുന്നതായി മാറുന്നത്.

നേരത്തേ കുറിഞ്ഞി സങ്കേതത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തി മാറ്റണമെന്നും ഈ മേഖലയില്‍ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളുമാണുള്ളതെന്നും പ്രദേശത്തെ കര്‍ഷകര്‍ യൂക്കാലിയാണ് കൃഷി ചെയ്തിരിക്കുന്നതെന്നും വാര്‍ഡന്‍ ഇടുക്കി ജില്ലാ കലക്ടര്‍ ജി.ആര്‍.ഗോകുലിനു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് വിവാദമാകുകയും അതിര്‍ത്തികള്‍ മാറ്റാനോ സങ്കേതത്തിന്റെ വിസ്തൃതി കുറയ്ക്കാനോ വനം വകുപ്പ് ആവശ്യപ്പെട്ടിട്ടെല്ലെന്നും വാര്‍ഡന് അതിര്‍ത്തി മാറ്റാന്‍ പറയാന്‍ അവകാശമില്ലെന്നും വ്യക്തമാക്കി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തന്നെ രംഗത്തെത്തിയിരുന്നു.

മൂന്നാർ കേസുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന നേതാവും ഹൗസിങ് ബോർഡ് ചെയർമാനുമായ പി.പ്രസാദ് ദേശീയ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയുടെ ഭാഗമായി വിവരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി അഡ്വക്കേറ്റ് ജനറലിനു നല്‍കാന്‍ തയാറാക്കിയ സ്റ്റേറ്റ്‌മെന്റ് ഓഫ് ഫാക്ട്‌സിലാണ് ലക്ഷ്മി തന്റെ പഴയ കണ്ടെത്തലുകള്‍ മാറ്റിയിരിക്കുന്നത്.

നീലക്കുറിഞ്ഞി സങ്കേതത്തില്‍ ഉള്‍പ്പെടുന്ന കൊട്ടക്കമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 58, വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 62 എന്നിവ റവന്യൂ പുറമ്പോക്കാണെന്നും കുറിഞ്ഞി സങ്കേതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളായ ഇവിടങ്ങളിലെ ഭൂരിഭാഗം ഭൂമിയും കള്ളപ്പട്ടയമുണ്ടാക്കിയോ അല്ലാതെയോ കൈയേറിയിട്ടുണ്ടെന്നും സെറ്റില്‍മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുത്താല്‍ മാത്രമേ കുറിഞ്ഞി സങ്കേതം യാഥാർഥ്യമാവുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കുറിഞ്ഞി സങ്കേതത്തിന്റെ സെറ്റില്‍മെന്റ് ഓഫീസറായ സബ് കലക്ടര്‍ പലതവണ സെറ്റില്‍മെന്റു നടപടികള്‍ക്കായി ശ്രമിച്ചെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സര്‍വേ മുന്നോട്ടു പോകാനാവാത്ത സ്ഥിതിയാണുള്ളതെന്നും പലപ്പോഴും സമരവുമായി രംഗത്തെത്തുന്നവരില്‍ ഭൂരിഭാഗവും പ്രദേശത്ത് ഭൂമി സ്വന്തമായി ഇല്ലാത്തവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

plantation in kottakkambur ,

കൊട്ടക്കമ്പൂരിലെ യൂക്കാലി തോട്ടങ്ങള്‍

നിലവിലുള്ള നിയമപ്രകാരം കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിച്ച സ്ഥലത്ത് വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ മാത്രമേ സര്‍വേ പൂര്‍ത്തിയാക്കാനാവൂ. 2006 ല്‍ പ്രഖ്യാപിച്ച ആദ്യത്തെ വിജ്ഞാപനത്തില്‍ കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി 3200 ഹെക്ടറായാണ് നിശ്ചയിച്ചിരുന്നതെന്നും എന്നാല്‍ പിന്നീട് പുറപ്പെടുവിച്ച തിരുത്തല്‍ വിജ്ഞാപനത്തില്‍ കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി 2230 ഹെക്ടര്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തി മാറ്റണമെന്ന തരത്തില്‍ ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ടു നല്‍കിയത് കൈയേറ്റക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണെന്നു വനംവകുപ്പിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു.

വാര്‍ഡന്‍  നൽകിയ  പുതിയ റിപ്പോര്‍ട്ട് പ്രകാരം വ്യാജ പട്ടയങ്ങളുള്ള സ്ഥലമാണെന്നും സര്‍ക്കാര്‍ ഏറ്റെടുക്കമെന്നും നിര്‍ദേശിക്കുന്ന പ്രദേശത്താണ് ജോയ്‌സ് ജോര്‍ജ് എംപിയുടെയും മറ്റു പ്രമുഖരുടെയും ഭൂമി സ്ഥിതി ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ