തൊടുപുഴ: മൂന്നാറിനെ നീലപ്പുതപ്പണിയിക്കുന്ന നീലക്കുറിഞ്ഞി പൂക്കാലം ആഘോഷമാക്കാന്‍ ടൂറിസം വകുപ്പും. നീലക്കുറിഞ്ഞി പൂക്കാലത്തിനു സഞ്ചാരികളെ വരവേല്‍ക്കാനുള്ള ക്രമീകരണങ്ങളെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു.
ഇടമുറിയാതെ പെയ്യുന്ന കനത്തമഴ ക്രമീകരണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തടസം സൃഷ്ടിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. നീലക്കുറിഞ്ഞി പൂക്കാലത്തെ മൂന്നാറിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ഒന്നാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ മന്ത്രി പൂക്കാലവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ക്കായി സര്‍ക്കാര്‍ 2.19 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി.നീലക്കുറിഞ്ഞി പൂക്കാലവുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാനായി മൂന്നാറിലെത്തിയതായിരുന്നു മന്ത്രി.
നീലക്കുറിഞ്ഞിക്കാലത്ത് സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ ക്രാഷ് ഗാര്‍ഡുകള്‍ സ്ഥാപിക്കും. സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാവശ്യമായ ക്രമീകരണങ്ങള്‍ മൂന്നാറിലെ വിവിധ സ്ഥലങ്ങളിലായി പുരോഗമിക്കുകയാണ്. ആധുനിക നിലവാരത്തിലുള്ള താല്‍ക്കാലിക ടോയ്ലെറ്റുകള്‍ സ്ഥാപിക്കാന്‍ രണ്ടു ദിവസം മതിയാകും.
വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന വലിയ വാഹനങ്ങള്‍ മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റേഷന് സമീപമുള്ള ഹൈ ആള്‍ട്ടിറ്റിയൂഡ് സെന്റര്‍ കേന്ദ്രീകരിച്ച് പാര്‍ക്കിംഗ് സംവിധാനമൊരുക്കി വനം വകുപ്പിന്റെയും കെഎസ്ആര്‍ടിസിയുടെയും ബസുകളില്‍ ഇരവികുളത്തേക്ക് സഞ്ചാരികളെ എത്തിക്കും.
പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോകള്‍ക്കും ടാക്സികള്‍ക്കും സഞ്ചാരികളെ കൊണ്ടുപോകാനും സൗകര്യം ലഭിക്കും. അടിയന്തര സാഹചര്യങ്ങളില്‍ സഞ്ചാരികള്‍ക്കു ചികിത്സ ഉറപ്പാക്കാന്‍ രണ്ടു മെഡിക്കല്‍ ടീമുകള്‍ ഇരവികുളത്തും മൂന്നാര്‍ ടൗണിലുമായി പ്രവര്‍ത്തിക്കും.
നീലക്കുറിഞ്ഞി പൂക്കാലവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ചുമതലയില്‍ ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട നിരീക്ഷണത്തിനായി ഉദ്യോഗസ്ഥ തലത്തിലും ജനപ്രതിനിധികളുടെ തലത്തിലും രണ്ടു പ്രത്യേക സമിതികളുണ്ടാകും. ഇതിന് ഇടുക്കി ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ നേതൃത്വം നല്‍കും.

നീലക്കുറിഞ്ഞി പൂക്കാലം വിലയിരുത്താന്‍ മൂന്നാറിലെത്തിയ മന്ത്രി ശീതകാല പച്ചക്കറി പഴത്തോട്ടങ്ങുടെ ഈറ്റില്ലമായ വട്ടവടയും സന്ദര്‍ശിച്ചു. വട്ടവട-കൊട്ടക്കമ്പൂര്‍, കാന്തല്ലൂര്‍ മേഖലകളെ കൂട്ടിയിണക്കി ഫാം ടൂറിസം പദ്ധതി ആരംഭിക്കുന്നതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷിയില്‍ താല്‍പര്യമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാനും ഫാം ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണിത്.
മഴ തുടരുന്നതിനിടയിലും ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ നീലക്കുറിഞ്ഞികള്‍ ഇടവിട്ടു പൂവിടാന്‍ തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. നേരത്തേ ജൂലൈ രണ്ടാം വാരം ആരംഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന നീലക്കുറിഞ്ഞി പൂക്കാലം കനത്തമഴയെത്തുടര്‍ന്നു ചെടികള്‍ പൂവിടുന്നതു രണ്ടാഴ്ചയിലധികം വൈകുകയായിരുന്നു. പത്തു ദിവസം വെയില്‍ ലഭിച്ചാല്‍ ചെടികള്‍ പൂവിടുമെന്നതിനാല്‍ എത്രയും വേഗത്തില്‍ പൂക്കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാനാണിപ്പോള്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്.