തൊടുപുഴ: നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ക്ക് വിരാമമായിട്ടില്ലെങ്കിലും വരാനൊരുങ്ങി നിൽക്കുന്ന നീലക്കുറിഞ്ഞി പൂക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി വനംവകുപ്പ്. 2018 ജൂലൈ മൂന്ന് മുതല്‍ ആരംഭിക്കുന്ന നീലക്കുറിഞ്ഞി പൂക്കാലത്ത് മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് വനംവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാവിധ സൗകര്യവും ഒരുക്കുമെന്ന് വനം മന്ത്രി കെ രാജു അറിയിച്ചു.

നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാനെത്തിയ മന്ത്രിസഭാ ഉപമസമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 2018 ജൂലൈ മൂന്ന് മുതലുള്ള മൂന്നു മാസക്കാലത്തിനുള്ളില്‍ എട്ടു ലക്ഷം പേര്‍ നീലക്കുറിഞ്ഞി കാണാന്‍ മാത്രമായി മൂന്നാറിലെത്തുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
ഇതിനായി എത്തുന്ന വിദേശികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികള്‍ക്ക് മതിയായ അടിസ്ഥാന സൗകര്യമൊരുക്കാനാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയെന്നും മന്ത്രി പറഞ്ഞു.

നീലക്കുറിഞ്ഞി കൂടുതലായി പൂക്കുന്ന ഇരവികുളം നാഷണല്‍ പാര്‍ക്കിലെ രാജമലയില്‍ നിലവില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം വരെ നാലുവരെയുള്ള സന്ദര്‍ശന സമയം നീലക്കുറിഞ്ഞി പൂക്കുന്ന മൂന്നുമാസക്കാലം രാവിലെ ഏഴു മുതല്‍ അഞ്ചുവരെയാക്കി വര്‍ധിപ്പിക്കും. സഞ്ചാരികളെ നീലക്കുറിഞ്ഞി പൂക്കുന്ന രാജമലയിലേക്കു കൊണ്ടു പോകുന്നതിനുള്ള ബസുകളുടെ എണ്ണം ഏഴില്‍ നിന്ന് 12 ആക്കി വര്‍ധിപ്പിക്കും. ടൗണിലേക്കു വന്‍തോതില്‍ വാഹനങ്ങള്‍ ഒഴുകിയെത്തുമെന്നതിനാല്‍ സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി കൂടുതല്‍ സ്ഥലം കണ്ടെത്തുന്നതിന്റെ ഭാഗമായി കണ്ണന്‍ദേവന്‍ കമ്പനിയുമായും പഞ്ചായത്തുമായും ചര്‍ച്ച നടത്തി കൂടുതല്‍ സ്ഥലം കണ്ടെത്തി പാര്‍ക്കിങിനുള്ള സൗകര്യം ലഭ്യമാക്കും. രാജമലയിലെ പ്രവേശന ടിക്കറ്റിന്റെ 50 ശതമാനം ഓണ്‍ലൈന്‍ വഴിയാക്കും.

സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനായി മൂന്നാര്‍ ടൗണിനുള്ളിലും രാജമലയിലേക്കുള്ള പാതയിലും ബയോ ടോയ്‌ലറ്റുകള്‍ പുതുതായി നിര്‍മിക്കും. വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് ,പോലീസ് എന്നിവരുടെ സഹായം തേടും. നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ ഇതു പറിച്ചുകൊണ്ടു പോകുന്നതു പതിവായതിനാല്‍ കുറിഞ്ഞി ചെടികള്‍ നശിപ്പിക്കുന്നത് തടയാന്‍ പാര്‍ക്കിനുള്ളില്‍ കൂടുതല്‍ വനംവകുപ്പ് ജീവനക്കാരെ നിയമിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം നീലക്കുറിഞ്ഞി പൂക്കാലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കൂടി നടപ്പാക്കേണ്ട മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരുന്നു. എന്നാല്‍ യോഗം കഴിഞ്ഞു രണ്ടു മാസം പിന്നിട്ടിട്ടും യാതൊരു തരത്തിലുള്ള നടപടികളും മുന്നോട്ടു പോയില്ലെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ