തൊടുപുഴ:  നീലക്കുറിഞ്ഞി വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നീലക്കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടെ ഇടുക്കിയിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി വിഷയത്തില്‍ വിശദീകരണം നല്‍കിയത്. കട്ടപ്പനയില്‍ പുതുതായി നിര്‍മിച്ച സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.

കൊട്ടക്കമ്പൂരിലെ നിര്‍ദിഷ്ട നീലക്കുറിഞ്ഞി സാങ്ച്വറിയുടെ വിസ്തൃതി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി നീലക്കുറിഞ്ഞി സങ്കേതങ്ങളുമായി ബന്ധപ്പെട്ട് ഒരുവിഭാഗം വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. ‘നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കാന്‍ ചേര്‍ന്ന യോഗം വലിയ തര്‍ക്കമായിരുന്നുവെന്നാണ് പറയുന്നതെങ്കിലും ഇതു ശരിയല്ല. വളരെ സൗഹാര്‍ദ പൂര്‍ണമായാണ് യോഗം പൂര്‍ത്തിയാക്കിയത്. നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിരുകള്‍ നിര്‍ണയിക്കണമെങ്കില്‍ സര്‍വേ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ കൊട്ടക്കമ്പൂര്‍ മേഖലയിലെ ആളുകള്‍ ആശങ്കമൂലം ഇതിനു തടസം നില്‍ക്കുകയാണ്. ഇതാണ് സര്‍വേ മുടങ്ങാന്‍ കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചു സര്‍വേ പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിരുകള്‍ നിര്‍ണയിക്കാനാവൂ. ഇതിനായാണ് മൂന്നംഗ മന്ത്രിതല സംഘത്തെ നിയോഗിച്ചത്. ഈ സംഘം കളക്ടറുടെ നേതൃത്വത്തില്‍ പ്രദേശത്തെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കും. തുടര്‍ന്നായിരിക്കും അതിര്‍ത്തി നിര്‍ണയിക്കുക. കേരളത്തിന്റെയും ലോകത്തിന്റെയും തന്നെ സ്വത്തായ നീലക്കുറിഞ്ഞി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നീലക്കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട് കരുതിക്കൂട്ടി വിവാദങ്ങളുണ്ടാക്കാന്‍ ഒരു വിഭാഗം ശ്രമിക്കുകയാണ്. എന്നാല്‍ ഈ നീക്കം വിലപ്പോവില്ലെന്നും പിണറായി പറഞ്ഞു. 

ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു മുന്തിയ പരിഗണയാണു സര്‍ക്കാര്‍ നല്‍കുന്നതെന്നു പറഞ്ഞ പിണറായി അടുത്ത മാസം സംഘടിപ്പിക്കുന്ന പട്ടയമേളയില്‍ ആയിരക്കണക്കിനു പട്ടയങ്ങള്‍ നല്‍കുമെന്നും പറഞ്ഞു. രണ്ടുവര്‍ഷത്തനുള്ളില്‍ ഇടുക്കി ജില്ലയിലെ അര്‍ഹരായ കര്‍ഷകര്‍ക്കെല്ലാം പട്ടയം നല്‍കുമെന്നു പറഞ്ഞ പിണറായി പട്ടയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചത് ഈ സര്‍ക്കാരാണെന്നും കൂട്ടിച്ചേര്‍ത്തു. കട്ടപ്പനയ്ക്കടുത്തുള്ള പത്തുചെയിന്‍ മേഖലയിലെ ഏഴുചെയിനിലുള്ളവര്‍ക്ക് ഉടന്‍ പട്ടയം നല്‍കും.ബാക്കിയുള്ള മൂന്നുചെയിനിലെ ആളുകളുടെ പ്രശ്‌നം പരിഹരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഇടുക്കിയിലെത്തിയ പിണറായി തങ്കമണിയിലെ സഹകരണ തേയില ഫാക്ട്‌റിയും കട്ടപ്പനയില്‍ പുതുതായി നിര്‍മിച്ച സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. വൈദ്യുതി മന്ത്രി എംഎം മണി, ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി ജയചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ