തൊടുപുഴ: വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് നീലക്കുറിഞ്ഞി പൂവിട്ടു. പത്തുലക്ഷത്തിലധികം സഞ്ചാരികള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നാറിലെ നീലക്കുറിഞ്ഞി പൂക്കാലത്തിന് തുടക്കമായി. വട്ടവട മലനിരകളില്‍ നീലക്കുറിഞ്ഞി പൂത്തുതുടങ്ങിയതാണ് ഇത്തവണ ആദ്യമായി കണ്ടത്. വട്ടവട മലനിരകളിലെ പഴത്തോട്ടം, ചിലന്തിയാര്‍, വഞ്ചിവയല്‍ മേഖലകളിലാണ് നീലക്കുറിഞ്ഞി ചെടികള്‍ പൂവിട്ടു തുടങ്ങിയിട്ടുള്ളത്.

കുറിഞ്ഞി സീസണിനു മുന്നോടിയായാണ് ഇത്തരത്തില്‍ നീലക്കുറിഞ്ഞികള്‍ പൂക്കാന്‍ തുടങ്ങുന്നതെന്നാണ് വിവരം. 12 വര്‍ഷത്തിനു ശേഷമുള്ള ഇത്തവണത്തെ നീലക്കുറിഞ്ഞി പൂക്കാലത്തിന് ജൂലൈ അവസാനവാരമോ ഓഗസ്റ്റ് മാസത്തിന്റെ ആദ്യ ആഴ്‌ചകളിലോ തുടക്കമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നീലക്കുറിഞ്ഞികള്‍ വ്യാപകമായി പൂക്കുന്ന മൂന്നാറിനു സമീപമുള്ള ഇരവികുളം നാഷണല്‍ പാര്‍ക്കിനു പുറമേ വട്ടവട, പാമ്പാടുംചോല മേഖലകളിലും കുറിഞ്ഞികള്‍ പൂക്കുന്നതിനാല്‍ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ കുറിഞ്ഞികള്‍ പൂക്കുന്നതു കാണാന്‍ അവസരം ലഭിക്കാത്തവര്‍ക്കും വട്ടവട ഉള്‍പ്പടെയുള്ള മേഖലകളില്‍ നിന്നു കുറിഞ്ഞിപ്പൂക്കള്‍ കാണാനാവും.

ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ പ്രതിദിനം നാലായിരം പേര്‍ക്കു മാത്രമായിരിക്കും കുറിഞ്ഞി വസന്തം കാണാന്‍ അവസരം നല്‍കുകയെന്നും ബാക്കിയുള്ളവരെ തടയുമെന്നും ജില്ലാ ഭരണകൂടം നിലപാടെടുത്തിട്ടുണ്ട്. അതേസമയം നീലക്കുറിഞ്ഞി പൂക്കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളൊന്നും പൂര്‍ത്തിയായിട്ടില്ലെന്നും റോഡുകള്‍ പോലും ടാര്‍ ചെയ്‌തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ തന്നിഷ്‌ടപ്രകാരമാണ് കാര്യങ്ങള്‍ നടത്തുന്നതെന്നുമുള്ള ആരോപണവുമായി ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍ ആരോപിച്ചിരുന്നു.

ജൂലൈ അവസാന വാരം മുതല്‍ മൂന്നുമാസം വരെ നീളുന്ന നീലക്കുറിഞ്ഞി പൂക്കാലത്തില്‍ എട്ടുമുതല്‍ പത്തുലക്ഷം വരെ സഞ്ചാരികളെത്തുമെന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ