തൊടുപുഴ: ഒരു വ്യാഴവട്ടത്തിനു ശേഷം വീണ്ടുമൊരു നീലക്കുറിഞ്ഞി പൂക്കാലമെത്തുമ്പോഴും നിര്‍ദിഷ്‌ട നീലക്കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട നടപടികള്‍ ഇഴയുന്നു. കഴിഞ്ഞ ജൂണ്‍ ഒന്നിനു മുമ്പ് നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തികള്‍ നിര്‍ണയിക്കുമെന്നും ഇതിനായി സെറ്റില്‍മെന്റ് ഓഫീസറെ നിയമിക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും ജൂണ്‍ പിന്നിട്ടിട്ടും നടപടികളൊന്നുമായിട്ടില്ല.
കഴിഞ്ഞ ഏപ്രില്‍ 24-നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തി 3200 ഹെക്‌ടറായി തന്നെ നിലനിര്‍ത്താനും ഇതിനായി സെറ്റില്‍മെന്റ് ഓഫീസറെ നിയമിക്കാനും തീരുമാനിച്ചത്. തുടര്‍ന്നു മേയ് 15-ന് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കിയിരുന്നു. നീലക്കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട ഭൂമിയുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കാനും ഇതില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളുടെ സര്‍വേയ്‌ക്കായി ഏരിയല്‍ സര്‍വേ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജൂണ്‍ പിന്നിട്ടിട്ടും സെറ്റില്‍മെന്റ് ഓഫീസറുടെ നിയമനം ഉള്‍പ്പടെയുള്ള നടപടികളൊന്നും നടന്നിട്ടില്ല.
നീലക്കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട നടപടികള്‍ വൈകിപ്പിക്കുന്നത് കൈയ്യേറ്റക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണെന്നും ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ നിര്‍ദിഷ്‌ട നീലക്കുറിഞ്ഞി സങ്കേതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാന്‍ വനം മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം.മണി, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതി നിര്‍ദിഷ്‌ട നീലക്കുറിഞ്ഞി ഉദ്യാനം ഉള്‍പ്പെടുന്ന കൊട്ടക്കമ്പൂര്‍ പ്രദേശം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നു മന്ത്രി സഭാ ഉപസമിതി നല്‍കിയ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് നീലക്കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട ഉത്തരവു സര്‍ക്കാര്‍ പുറത്തിറക്കിയത്. എന്നാല്‍ ഉപസമിതിയിലെ നിര്‍ണായ ശുപാര്‍ശകള്‍ പലതും അവഗണിച്ചാണ് നീലക്കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട ഉത്തരവു പുറപ്പെടുവിച്ചതെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

നിര്‍ദിഷ്‌ട കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട നടപടികള്‍ സര്‍ക്കാര്‍ വൈകിപ്പിക്കുന്നതിനു പിന്നില്‍ കൈയ്യേറ്റക്കാരെ സഹായിക്കാനുള്ള നീക്കമാണുള്ളതെന്ന് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് ബിജോ മാണി ആരോപിച്ചു. കൊട്ടക്കമ്പൂര്‍ വില്ലേജിലെ 58-ാം ബ്ലോക്കും വട്ടവട വില്ലേജിലെ 62-ാം ബ്ലോക്കും താമസക്കാരുണ്ടെന്ന പേരില്‍ നിര്‍ദിഷ്‌ട കുറിഞ്ഞി സങ്കേതത്തില്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ചത് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് ഉൾപ്പെടെയുള്ളവരുടെ ഭൂമി സംരക്ഷിക്കാന്‍ വേണ്ടിയാണ്. നടപടികള്‍ പരമാവധി വൈകിപ്പിച്ച് കൈയ്യേറ്റക്കാരെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, ബിജോ മാണി കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം ഇപ്പോള്‍ സര്‍വേ നടപടികളും പരിശോധനയും തുടങ്ങാത്തതിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങളുമുണ്ടെന്നാണ് വിവരം. നീലക്കുറിഞ്ഞി പൂക്കാലമായതോടെ നിര്‍ദിഷ്‌ട നീലക്കുറിഞ്ഞി സങ്കേതത്തിനുള്ളിലുള്ള പ്രദേശങ്ങളിലും കുറിഞ്ഞിച്ചെടികള്‍ പൂവിട്ടു തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ പരിശോധന നടത്തിയാല്‍ ഇവിടങ്ങളില്‍ കുറിഞ്ഞിയുടെ സാന്നിധ്യം കണ്ടെത്തിയാല്‍ ആ പ്രദേശങ്ങള്‍ സങ്കേതത്തിന്റെ ഭാഗമാക്കേണ്ടി വരും. ജോയ്‌സ് ജോര്‍ജ് എംപി ഉള്‍പ്പടെയുള്ളവരുടെ ഭൂമി സ്ഥിതി ചെയ്യുന്ന കൊട്ടക്കമ്പൂര്‍ മേഖലയില്‍ നീലക്കുറിഞ്ഞിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതൊഴിവാക്കാനാണ് പരിശോധന വൈകിപ്പിക്കുന്നതെന്നാണ് വിവരം. ഇതിനിടെ ദേവികുളം സബ് കലക്‌ടര്‍ ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ കലക്‌ടര്‍ വി.ആര്‍.ഗോകുല്‍ ഉത്തരവിട്ടിട്ടുണ്ട്.