കൊട്ടക്കമ്പൂരിലെ ഭൂമി കൈയേറ്റത്തിന്റെ പേരില്‍ വിവാദത്തിലായ ഇടുക്കി എംപി ജോയ്സ് ജോര്‍ജിനെ വേദനിപ്പിക്കാതെ സര്‍ക്കാര്‍ നിയോഗിച്ച മന്ത്രി സഭാ ഉപസമിതിയുടെ സന്ദര്‍ശനം. മാധ്യമങ്ങളിൽ സി പി ഐ നേതാക്കൾ വാക്കെടുത്ത് സർക്കാരിനെ വെട്ടുന്നതിനിടയിലാണ് സംസ്ഥാന നേതാക്കളായ രണ്ട് മന്ത്രിമാർ പ്രധാനവിഷയം തൊടാതെ മൂന്നാർ സന്ദർശനം നടത്തിയത്. സിപി ഐയുടെ വനം, റവന്യൂ മന്ത്രിമാരടങ്ങുന്ന ഉപസമിതിയാണ് പൊളളുന്ന വിഷയത്തിൽ തൊടാതെ ദ്വിദിന സന്ദർശനം കഴിഞ്ഞ് മടങ്ങിയത്. ഇവർക്കൊപ്പം ഉപസമിതിയിൽ സിപി എമ്മിന്രെ നേതാവും വൈദ്യുതി മന്ത്രിയുമായ എം എം മണിയും ഉണ്ടായിരുന്നു.
നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട സെറ്റില്‍മെന്റുമായി ബന്ധപ്പെട്ട് കര്‍ഷകരുമായി സംസാരിക്കാനാണ് വനം മന്ത്രി കെ രാജുവും, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും വൈദ്യുതി മന്ത്രി എംഎം മണിയും ഉള്‍പ്പെട്ട മൂന്നംഗ മന്ത്രി തല സമിതി തിങ്കളാഴ്ച നീലക്കുറിഞ്ഞി സങ്കേതത്തിലുള്‍പ്പെട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്. എന്നാല്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിതല സംഘം ജോയസ് ജോര്‍ജിന്റെ വിവാദ ഭൂമി ഉള്‍പ്പെടുന്ന കൊട്ടക്കമ്പൂര്‍ വില്ലേജ് സന്ദര്‍ശിക്കാതെ മടങ്ങുകയായിരുന്നു.
നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കൈയേറ്റക്കാരുണ്ടൈന്ന വിവരം പുറത്തുവന്ന മേഖലകളായിരുന്നു കൊട്ടക്കമ്പൂര്‍ വില്ലേജിലെ 58 ആം ബ്ലോക്കും 62ആം ബ്ലോക്കും. എന്നാല്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാതെ പകരം ജനവാസ കേന്ദ്രമായ കടവരി പ്രദേശത്താണ് മന്ത്രിതല സംഘം സന്ദര്‍ശനം നടത്തിയത്.
മന്ത്രിമാർ സന്ദർശനം നടത്തുന്ന ,സമയത്താണ് സി പി ഐയുടെ സംസ്ഥാന നേതാവും ഹൗസിങ്ങ് ബോർഡിന്രെ ചെയർമാനുമായ പി പ്രസാദ് സംസ്ഥാന സർക്കാരിനും സി പി ഐ ഭരിക്കുന്ന വകുപ്പുനുമെതിരെ ഹരിത ട്രിബ്യൂണലിനെ സമീപിച്ചതായി വാർത്ത വന്നത്. മൂന്നാറിലെ ഭൂപ്രശ്നവുമായി ബന്ധപ്പെട്ടാണ് പ്രസാദ് ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചിരിക്കുന്നത്.
യഥാര്‍ഥ രേഖകള്‍ കൈവശംവയ്ക്കുന്ന നീലക്കുറിഞ്ഞി സങ്കേതത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പരമ്പരാഗത കര്‍ഷകരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് പ്രഖ്യാപിച്ചു. തങ്ങള്‍ കൈവശംവയ്ക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട യഥാര്‍ഥ രേഖകള്‍ കൈവശമുള്ള കര്‍ഷകര്‍ക്ക് യാതൊരു തരത്തിലുമുള്ള ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനം കടവരിയില്‍ പൂര്‍ത്തിയാക്കിയശേഷം കടവരി കമ്യൂണിറ്റി ഹാളില്‍ പ്രദേശവാസികളുമായി സംസാരിക്കുമ്പോഴാണ് മന്ത്രി സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. കടവരി ഉള്‍പ്പടടെയുള്ള നീലക്കുറിഞ്ഞി സങ്കേതത്തില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ ധാരാളം പരമ്പരാഗത കര്ഷരുണ്ടെന്നാണ് സന്ദര്‍ശനത്തിലൂടെ മനസിലാക്കാനായതെന്നും ഈ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി. നീലക്കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട സെറ്റില്‍മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കര്‍ഷകര്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നു പറഞ്ഞ മന്ത്രി സെറ്റില്‍മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കര്‍ഷകര്‍ സഹായിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുകയുള്ളുവെന്നും അഭിപ്രായപ്പെട്ടു.
നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതത്തിന്റെ സെറ്റില്‍മെന്റ് പ്രദേശങ്ങളുടെ സന്ദര്‍ശനത്തിനെത്തിയ മന്ത്രി സഭാ ഉപ സമിതി അംഗമായ വനം മന്ത്രി കെ രാജുവിനോട് വട്ടവടയില്‍ പരാതി പറയുന്ന സ്ത്രീകള്‍.
തിങ്കളാഴ്ച രാവിലെ പത്തിന് മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ നിന്നാണ് മന്ത്രി സഭാ ഉപസമിതിയുടെ സന്ദര്‍ശനം തുടങ്ങിയത്. വട്ടവടയില്‍ മന്ത്രിമാരെ സ്വീകരിക്കാന്‍ സ്ത്രീകളും കുട്ടികളുമടങ്ങിയ നൂറുകണക്കിനാളുകളെത്തിയിരുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച പ്ലക്കാര്‍ഡുകളുമേന്തിയാണ് നാട്ടുകാര്‍ മന്ത്രിസഭാ ഉപസമിതിക്കു മുന്നിലെത്തിയത്. യൂക്കാലി വെട്ടാന്‍ അനുവദിക്കുക, 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിക്കുവേണ്ടി 450 വര്‍ഷമായി പ്രദേശത്തു താമസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയവയായിരുന്നു നാട്ടുകാരുടെ പ്രധാന ആവശ്യങ്ങള്‍.
റവന്യൂ മന്ത്രിക്കു പുറമേ വനം മന്ത്രി കെ രാജു, വൈദ്യുതി മന്ത്രി എം എം മണി, ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്, മുന്‍ എംഎല്‍എ എ കെ മണി, ദേവികുളം സബ് കളക്ടര്‍ വി ആര് പ്രംകുമാര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അനില്‍ ഭരദ്വാജ്, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന് ആര് ലക്ഷ്മി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മൂന്നാറില്‍ നടന്ന യോഗത്തില്‍ മന്ത്രി സഭാ ഉപസമിതി ജനങ്ങളില്‍ നിന്നു പരാതികള്‍ സ്വീകരിച്ചു മടങ്ങി. സി പി ഐ കൈയേറ്റകാര്യത്തിലും അനധികൃത നിർമ്മാണങ്ങളുടെ കാര്യത്തിലും ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർആരോപിക്കുന്നു. മാധ്യമങ്ങളിൽ വാക് പോര് നടത്തുന്ന നേതാക്കൾ നടപടികളുടെ കാര്യത്തിൽ കൈയേറ്റക്കാർക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് അവർ ആരോപിച്ചു. പി. പ്രസാദിനെ പോലുളള സി പിഐ നേതാക്കൾ കോടതിയെ സമീപിക്കുന്ന സമയത്തു തന്നെയാണ് സ്വന്തം പാർട്ടിയിലെ മന്ത്രിമാർ കൈയറ്റക്കാർക്ക് അനുകൂല തീരുമാനമെടുക്കുന്നതെന്നും ഇത് ജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണെന്നും അവർ കുറ്റപ്പെടുത്തുന്നു