കൊച്ചി: നീലക്കുറിഞ്ഞി പൂക്കാലം കാണാന്‍ സഞ്ചാരികള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ കാത്തിരിക്കുന്ന നീലക്കുറിഞ്ഞി പൂക്കാലത്തെ വീണ്ടും വൈകിപ്പിച്ച് തിരിമുറിയാതെ പെയ്യുന്ന കനത്ത മഴ. ഇടുക്കി ജില്ലയിലുടനീളം കനത്ത മഴ തുടരുന്നതിനാല്‍ നേരത്തെ ഓഗസ്റ്റ് പകുതിയോടെ തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്ന നീലക്കുറിഞ്ഞി പൂക്കാലം സെപ്റ്റംബറില്‍ മാത്രമേ തുടങ്ങുയുള്ളൂവെന്നാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കുന്നത്.
നീലക്കുറിഞ്ഞി ചെടികളില്‍ പൂവിടുന്നതിനു മുന്നോടിയായുള്ള മൊട്ടുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെങ്കിലും കനത്ത മഴ തുടരുന്നതിനാല്‍ പൂക്കള്‍ വിരിയാന്‍ തുടങ്ങിയിട്ടില്ല. നേരത്തേ ജൂലൈ രണ്ടാംവാരം തുടങ്ങുമെന്നു പ്രതീക്ഷിച്ചിരുന്ന പൂക്കാലം കനത്ത മഴയില്‍ വൈകുകയായിരുന്നു. എന്നാല്‍ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കനത്ത മഴ തുടരുന്നതിനാല്‍ പൂക്കാലം തുടങ്ങാന്‍ ഇനിയും ഏറെ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും.
കനത്ത മഴ മാറി പത്തുദിവസം വെയില്‍ തെളിഞ്ഞാല്‍ ചെടികളില്‍ മുഴുവന്‍ പൂക്കള്‍ നിറയുമെന്നും എന്നാല്‍ കനത്ത മഴ തുടരുന്നതാണ് ഇതിനു വെല്ലുവിളിയാകുന്നതെന്നും അധികൃതര്‍ പറയുന്നു. കനത്ത മഴയില്‍ ചില ചെടികളില്‍ വിരിയാന്‍ തുടങ്ങിയ പൂക്കള്‍ കൊഴിയുന്നുമുണ്ട്. നേരത്തേ നീലക്കുറിഞ്ഞി പൂക്കാലത്തോടനുബന്ധിച്ച് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 15 മുതല്‍ പൂക്കാലം തുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ കനത്തമഴ പ്രതീക്ഷകള്‍ തെറ്റിച്ചതിനാല്‍ ടിക്കറ്റ് ബുക്കു ചെയ്തവര്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് 48 മണിക്കൂറിനകം പണം തിരികെ നൽകും.