തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരമുണ്ടാകണമെന്ന് മുതിര്‍ന്ന നേതാവും എംപിയുമായ ഡോ. ശശി തരൂര്‍. സംഘടനാ തിരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഗുണം ചെയ്യുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടര്‍പ്പട്ടികയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കപ്പെട്ടുവെന്നും തരൂര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാനെത്തിയതായിരുന്നു എംപി.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് തരൂരടക്കം അഞ്ച് എംപിമാര്‍ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന മധുസൂധനന് മിസ്ത്രിക്ക് കത്തയച്ചിരുന്നു. വോട്ടര്‍പട്ടിക പുറത്ത് വിടണമെന്ന് ആവശ്യം മധുസൂധനന് ഇതിന് പിന്നാലെ അംഗീകരിക്കുകയും ചെയ്തു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവര്ക്കും പട്ടിക ലഭ്യമാക്കുമെന്നാണ് അദ്ദേഹം എംപിമാരെ അറിയിച്ചത്.
അതേസമയം ഭാരത് ജോഡോ യാത്രയ്ക്ക് വളരെ ആവേശകരമായ സ്വീകാര്യതയാണ് പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. “ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഐതിഹാസികമായ പദയാത്രയ്ക്കാണ് രാഹുല്‍ ഗാന്ധി തുടക്കം കുറിച്ചിരിക്കുന്നത്. ഇ കെട്ട കാലത്ത് ഇന്ത്യ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ചരിത്രപരമായ ഒരു നീക്കമാണ് അദ്ദേഹം നടത്തുന്നത്,” സതീശന് പറഞ്ഞു.
ഭാരത് ജോഡോ യാത്രയെ വിമര്‍ശിക്കുന്ന സിപിഎമ്മിന്റേത് ഇടുങ്ങിയ ചിന്താഗതിയാണെന്നും സതീശന് വിമര്‍ശിച്ചു. “അനാവശ്യമായ ആരോപണ പ്രത്യാരോപണങ്ങള്‍ പ്രസക്തിയില്ല. ഫാസിസത്തെയാണ് എതിര്‍ക്കുന്നത്. അതില്‍ സിപിഎം എന്തിനാണ് അസ്വസ്ഥരാകുന്നത്,” സതീശന് ചോദിച്ചു.
എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതി കണ്ടെത്തിയെന്ന പൊലീസിന്റെ വാദത്തോടും സതീശന് പ്രതികരിച്ചു. “ഭാരത് ജോഡോ യാത്ര കേരളത്തില്‍ എത്താനിരിക്കെയാണ് പ്രതിയെ കണ്ടെത്തിയെന്ന് പറയുന്നത്. ഈ യാത്ര അവരെ ഭയപ്പെടുത്തുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് ഒരു നെഗറ്റീവ് വാര്‍ത്ത കൊണ്ടുവരുന്നത്. അവര്‍ വിശദാംശങ്ങള്‍ പുറത്ത് വിടട്ടെ, അപ്പോള്‍ പ്രതികരിക്കാം,” സതീശന് വ്യക്തമാക്കി.