കോഴിക്കോട്: ഡ്രൈവിംഗ് ടെസ്റ്റും കഴിഞ്ഞ് വാഹനവുമായി നിരത്തിലിറങ്ങാൻ ദിവസങ്ങളോളം കാത്തിരുന്നവരല്ലേ നിങ്ങളെല്ലാം. എന്നാൽ ഇനി ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ കാത്തിരിപ്പിന്റെ ആവശ്യമില്ല. ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞാലുടൻ തന്നെ ലൈസൻസ് ചൂടപ്പം പോലെ കൈയ്യിൽ തരുന്ന പുതിയ പദ്ധതിക്ക് കോഴിക്കോട് തുടക്കമായി.

കോഴിക്കോട് ആർടി ഓഫീസിൽ ഇന്നലെ ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ചവർക്കെല്ലാം ഒരു മണിക്കൂറിനുള്ളിൽ തന്നെ തങ്ങളുടെ ലൈസൻസ് കൈയ്യിൽ കിട്ടി. ടെസ്റ്റ് കഴിഞ്ഞ് ഒരു മണിക്കൂർ കാത്തിരുന്ന് ലൈസൻസും വാങ്ങിയാണ് എല്ലാവരും മടങ്ങിയത്. തിരുവനന്തപുരത്തും പാറശാലയിലും കണ്ണൂരും ഈ സംവിധാനത്തിൽ തന്നെയായിരുന്നു ടെസ്റ്റ് നടത്തിയത്.

ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞാലുടൻ തന്നെ ലൈസൻസിനുള്ള നടപടികളിലേക്ക് കടക്കും. കംപ്യൂട്ടർ അൻുബന്ധ പരീക്ഷ സംവിധാനമുള്ള ഇവിടങ്ങളിൽ ലൈസൻസ് ഒപ്പിട്ട് ലാമിനേറ്റ് ചെയ്ത നൽകാൻ മിനിറ്റുകളുടെ താമസമേയുള്ളൂ.

അപേക്ഷകൻ നൽകുന്ന കവറിൽ ഏറ്റവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ലൈസൻസ് ലഭിക്കാൻ താമസമുണ്ടായിരുന്നു. വിലാസക്കാരനെ കാണാതെ വന്നാൽ ലൈസൻസിനായി മോട്ടോർ വാഹന വകുപ്പിൽ തന്നെ പിന്നീട് നേരിട്ടെത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതിൽ നിന്നെല്ലാമുള്ള മാറ്റമാണ് സാധിച്ചിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ