തൊടുപുഴ: നെടുങ്കണ്ടം കസ്റ്റിമരണത്തിനിരയായ രാജ്കുമാറിന്റെ മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം നടത്തി. നേരത്തെ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്താത്ത പരിക്കുകളാണ് റീപോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
കാലുകള്‍ ബലമായി അകത്തിയതിന്റെ പരിക്കുകളും രാജ്കുമാറിന്റെ നെഞ്ചിന്റേയും തുടയുടേയും വയറിന്റേയും ഭാഗത്ത് കൂടുതല്‍ പരിക്കുകള്‍ ഉണ്ടെന്നും കണ്ടെത്തി. ഇന്ന് രാവിലെയാണ് രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്തത്. കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ വച്ചാണ് റീപോസ്റ്റുമോര്‍ട്ടം നടത്തിയത്.
രാജ്കുമാറിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും ഇതേ തുടര്‍ന്നുണ്ടായ അണുബാധയിലൂടെ ന്യൂമോണിയ ബാധിച്ചതാണ് മരണകാരണമെന്നായിരുന്നു നേരത്തെ നടത്തിയ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതിനാല്‍ അണുബാധയുടെ തോത് മനസിലാക്കാന്‍ ആന്തിരാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പാലക്കാട്ടു നിന്നുള്ള ഡോ. പി.ബി ഗുജ്റാള്‍, കോഴിക്കോട്ട് നിന്നുള്ള ഡോ. കെ. പ്രസന്നന്‍, ഡോ. എ.കെ ഉന്മേഷ് എന്നിവരടങ്ങിയ സംഘമാണ് റീ പോസ്റ്റ്മോര്‍ട്ടം ചെയ്തത്. വാഗമണ്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സംസ്‌കരിച്ച രാജ്കുമാറിന്റെ മൃതദേഹം നിശ്ചയിച്ചതിലും ഒന്നര മണിക്കൂര്‍ വൈകിയാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ പുറത്തെടുത്തത്. ജുഡീഷ്യല്‍ പ്രതിനിധികള്‍, ഇടുക്കി ആര്‍.ഡി.ഒ, ഫൊറന്‍സിക് സര്‍ജന്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങള്‍.
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തില്‍ മൃതദേഹം പൂര്‍ണ്ണമായും സ്‌കാന്‍ ചെയ്യുകയാണ് ചെയ്തത്. ഇതിലൂടെ ശരീരത്തിലുണ്ടായ മുഴുവന്‍ പൊട്ടലുകളെക്കുറിച്ചും വിവരം ലഭിച്ചു. ഡി.എന്‍.എ പരിശോധനയ്ക്കായി മൃതദേഹത്തില്‍ നിന്ന് സാമ്പിളുകള്‍ എടുത്തിട്ടുണ്ട്.