ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തെ തുടര്‍ന്ന് ആരോപണവിധേയനായ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ സ്ഥലം മാറ്റി. ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്.പിയായാണ് സ്ഥലം മാറ്റം. പകരം മലപ്പുറം എസ്.പിയായ ടി. നാരായണനെ ഇടുക്കി എസ്.പിയായി നിയമിച്ചു. കെ.ബി വേണുഗോപാലിനെതിരെ വ്യാപകമായി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് നടപടി.
നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ എസ്.പിയുടെ ഇടപെടല്‍ ഉണ്ടായെന്നും എസ്.പി എല്ലാ സംഭവങ്ങളും അറിഞ്ഞിരുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അന്വേഷണത്തിനായി സിറ്റിങ് ജഡ്ജിയെ വിട്ടുനല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏറെ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികള്‍ പൊലീസ് സേനയില്‍ ഉള്ളവരായതിനാല്‍ പൊലീസ് തന്നെ കേസ് അന്വേഷിക്കുന്നത് യുക്തിസഹമല്ല എന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടിരുന്നു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെയും ആവശ്യം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ സമരത്തിന്റെ ആദ്യ ഘട്ടം വിജയം കണ്ടു എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.