തൊടുപുഴ: കസ്റ്റഡി മരണം നടന്ന നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ പൊലീസ് കംപ്ലയിൻസ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ.മോഹനനും അംഗങ്ങളും സന്ദര്‍ശിച്ചു. ഇരുഭാഗത്തിന്റേയും ഭാഗങ്ങള്‍ കേട്ട് തെളിവുകള്‍ ശേഖരിച്ച് നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് മോഹനന് വ്യക്തമാക്കി വ്യക്തമാക്കി.
രാജ്കുമാറിനെ പൊലീസ് അനധികൃതമായി കസ്റ്റഡിയിൽ വച്ചു മർദിച്ചതു മൂന്നു ദിവസമെന്നാണ് റിമാൻഡ് റിപ്പോര്‍ട്ട്. ജൂണ്‍ 12-ന് വൈകിട്ട് അഞ്ചുമുതൽ അറസ്റ്റ് രേഖപ്പെടുത്തുന്ന 15 വരെ രാജ്കുമാറിനെ കസ്റ്റഡിയിൽ വച്ച് അതിക്രൂരമായി മർദിച്ചെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നു ക്രൈംബ്രാഞ്ച് പറയുന്നു. കേസിലെ പ്രതികളായ പൊലീസുകാർ സ്റ്റേഷൻ രേഖകളിലടക്കം കൃത്രിമം കാണിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. സ്റ്റേഷൻ രേഖകൾ അടക്കം പിടിച്ചെടുത്താണ് ക്രൈംബ്രാഞ്ച് വിവരങ്ങൾ കോടതിയിൽ ഹാജരാക്കിയത്.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഒ സജീവ് ആന്റണിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അറസ്റ്റിലായ നെടുങ്കണ്ടം എസ്ഐ സാബു ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ കഴിയുകയാണ്. ആരോഗ്യം മെച്ചപ്പെട്ടാല്‍ ഇദ്ദേഹത്തെ ഇന്ന് തന്നെ റിമാൻഡ് ചെയ്യും. കസ്റ്റഡി മർദനത്തിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. എസ്ഐയുടെ നേതൃത്വത്തിലായിരുന്നു രാജ്കുമാറിനെ തല്ലിച്ചതച്ചത്.
രാജ്കുമാറിനെ പൊലീസുകാര്‍ മർദിച്ചത് മദ്യ ലഹരിയിലായിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കസ്റ്റഡിയില്‍ മർദിച്ച നാല് ദിവസവും പൊലീസുകാര്‍ മദ്യപിച്ചിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്റ്റേഷന് വളപ്പിലെ കാന്താരിച്ചെടിയിലെ മുളകുപറിച്ച് രാജ്കുമാറിന്റെ സ്വകാര്യ ഭാഗങ്ങളില്‍ തേച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഒരുദിവസം പോലും രാജ്കുമാറിനെ ഉറങ്ങാന്‍ അനുവദിച്ചില്ല.
Read More: രാജ്കുമാറിനെ പൊലീസ് മർദ്ദിച്ചത് മദ്യലഹരിയിൽ; സ്വകാര്യ ഭാഗങ്ങളിൽ കാന്താരിമുളക് തേച്ചു: ക്രൈംബ്രാഞ്ച്
മർദനത്തിന്റെ വിവരങ്ങള്‍ ഇടുക്കി എസ്പിയെ അറിയിച്ച ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ നെടുങ്കണ്ടം എസ്ഐ കെ.എ.സാബു ഭീഷണിപ്പെടുത്തിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
അതിനിടെ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ താഴെത്തട്ടിലുള്ള ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ അമർഷം രേഖപ്പെടുത്തി. കേസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം സംസ്ഥാന പൊലീസ് മേധാവിക്കടക്കം പരാതി നൽകുമെന്നും സേനയിലെ ഒരു വിഭാഗം അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
രാജ്കുമാറിന്റെ കുടുംബം കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കിയതായി രാജ്കുമാറിന്റെ കുടുംബം പറഞ്ഞു. സര്‍ക്കാര്‍ കൂടെയുണ്ടെന്നും ഭയപ്പെടേണ്ടെന്നും അറിയിച്ചതായി രാജ്കുമാറിന്റെ ഭാര്യാമാതാവ് സുന്ദരി പറഞ്ഞു.
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. സിപിഎം പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.
ഇടുക്കി എസ്പിക്കെതിരെ ആരോപണം ഉന്നയിച്ചുള്ളതാണ് പത്രക്കുറിപ്പ്. കേസില്‍ ഇടുക്കി എസ്പിയുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും സംരക്ഷിക്കാനോ വെള്ളപൂശാനോ സിപിഎം ശ്രമിക്കില്ല. കുറ്റക്കാരായ എല്ലാവര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണം-സിപിഎം ആവശ്യപ്പെട്ടു.
ഇടുക്കി എസ്പിക്കെതിരെ വിമര്‍ശനവുമായി മന്ത്രി എം.എം.മണി നേരത്തെ രംഗത്തെത്തിയിരുന്നു. കേസില്‍ ഇടുക്കിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന വിമര്‍ശനവും എം.എം.മണി ആരോപിച്ചിരുന്നു.