തൊടുപുഴ: നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ പോലീസ് മര്‍ദനത്തിനിരയായി മരിച്ച ഉകോലാഹലമേട് സ്വദേശി രാജ് കുമാറിന്റെ(50) കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് നാരായണുറുപ്പ് കമ്മീഷന്‍ തൊടുപുഴ പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ സിറ്റിംഗ് നടത്തി. കസ്റ്റഡി മരണത്തിനിരയായ രാജ്കുമാറിന്റെ മരണത്തിന്റെ അന്വേഷണത്തിന്റെ ആദ്യപടിയെന്ന നിലയിലാണ് സിറ്റിംഗ് നടത്തിയതെന്നു ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
രാജ്കുമാറിന്റെ ഭാര്യയും അമ്മയും മകനും ചിട്ടി തട്ടിപ്പു കേസിലെ കൂട്ടു പ്രതികളായ ശാലിനിയും മഞ്ജുവും ഉള്‍പ്പടെ പത്തുപേരാണ് മൊഴി നല്‍കാനെത്തിയത്. കസ്റ്റഡി മരണത്തിലെ ഏറ്റവും സുപ്രധാനമായ ഘടകമാണ് പോസ്റ്റ്മോര്‍ട്ടം. ഇതില്‍ പല പോരായ്മകള്‍ കണ്ടതിനെത്തുടര്‍ന്നാണ് റീ പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നും ഇതിലൂടെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായും കമ്മീഷന്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരെ വിസ്തരിക്കുമെന്നും കമ്മീഷന് ഇതിനുള്ള അധികാരമുണ്ടെന്നും നാരാണയണക്കുറുപ്പ് പറഞ്ഞു. ആദ്യ സിറ്റിങ്ങില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ചേര്‍ത്ത് അടുത്ത സിറ്റിംഗ് തൊടുപുഴയില്‍ തന്നെ നടത്തുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് അറിയിച്ചു.
ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ ജൂണ്‍ 21നാണ് പീരുമേട് സബ് ജയിലില്‍ വച്ചുമരിച്ചത്. സംസ്ഥാനത്ത് വന്‍ കോളിളക്കമുണ്ടാക്കിയ രാജ്കുമാര്‍ കസ്റ്റഡി മരണക്കേസ് സിബിഐക്കു വിടാന്‍ അടുത്തിടെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.