നെടുങ്കണ്ടം: രാജ്കുമാർ കസ്റ്റഡി മരണത്തിൽ ആരോപണവിധേയനായ ഇടുക്കി എസ്പി കെ.ബി.വേണുഗോപാലിനെ നീക്കം ചെയ്യുന്ന ഉത്തരവ് ഇന്ന് പുറപ്പെടുവിച്ചേക്കും. അറസ്റ്റിലായ എസ്ഐ കെ.എ.സാബു, മൊഴി നൽകിയതോടെ എസ്പിക്കെതിരേ സ്ഥലംമാറ്റം നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥർ കൊടിയ മർദനം നടത്തിയിരുന്നതായാണ് റിമാൻഡ് റിപ്പോർട്ട്. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ രാജ്കുമാറിന് പ്രാകൃത മർദനമുറകൾ ഏൽക്കേണ്ടിവന്നതായി പറയുന്നു. ഒന്നാംപ്രതി എസ്ഐ കെ.എ.സാബുവും നാലാം പ്രതി സജീവ് ആന്റണിയും ചേർന്ന് മർദിച്ച് അവശനാക്കുകയായിരുന്നു. 12ന് വൈകുന്നേരം അഞ്ചുമുതൽ 16ന് രാത്രി 12 വരെ അനധികൃതമായി കസ്റ്റഡിയിൽ വച്ച് നടപടിക്രമങ്ങൾ പാലിക്കാതെയും സുപ്രീം കോടതി നിർദേശങ്ങൾ അവഗണിച്ചുമാണ് പൊലീസ് ഉദ്യോഗസ്ഥർ പെരുമാറിയത്.
ഹരിത ഫിനാൻസ് നടത്തിപ്പുകാരനായ രാജ്കുമാർ നാട്ടുകാരിൽനിന്നു പിരിച്ചെടുത്ത പണം കണ്ടെത്തുന്നതിനായാണ് മർദനം നടത്തിയതെന്ന് ഇരുവരും സമ്മതിച്ചിട്ടുണ്ട്. സജീവ് ആന്റണി വണ്ടിപ്പെരിയാറിൽവച്ചും രാജ്കുമാറിനെ മർദിച്ചു. പൊലീസ് സ്റ്റേഷനിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനം നടത്തി. ഇരുകാലുകളും ബലംപ്രയോഗിച്ച് പിന്നിലേക്ക് വിടർത്തിപിടിച്ച് കാലുകളിലും പുറത്തും മർദിച്ചു. കാൽവെള്ളയിൽ ബലമുള്ള ദണ്ഡ് ഉപയോഗിച്ച് നിരന്തരമായി അതിശക്തമായി പ്രഹരിച്ചതായും റിമാൻഡ് റിപ്പോർട്ട് പറയുന്നു.
Read More: നെടുങ്കണ്ടം കസ്റ്റഡി മരണം: ജസ്റ്റിസ് വി.കെ.മോഹനന് പൊലീസ് സ്റ്റേഷന് സന്ദര്ശിച്ചു
ഇതേത്തുടർന്ന് രാജ്കുമാറിന് നടക്കാനോ കാലുകൾ ചലിപ്പിക്കാനോ കഴിയാത്ത നിലയിലായി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയുധം ഉപയോഗിച്ച് പോറൽ ഏൽപിക്കുകയും ചെയ്തു. ശരീരത്തിൽ പലയിടത്തും വലിയ മുറിവുകളും ആഴത്തിലുള്ള ചതവുകളുമുണ്ട്. തുടകളിലും കാൽവെള്ളയിലും ഉണ്ടായ ചതവാണ് ന്യുമോണിയ ബാധിക്കാൻ കാരണമെന്നും ഇത് മൂർച്ഛിച്ചാണ് മരണം സംഭവിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
രാജ്കുമാറിന്റെ ദേഹത്തുണ്ടായ പരുക്കുകൾ ഓടിവീണതുമൂലം ഉണ്ടായ മുറിവുകൾ അല്ലെന്നും പൊലീസ് സർജൻ കണ്ടെത്തിയിരുന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രാകൃത ശിക്ഷാരീതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു.
രാജ്കുമാറിന്റെ കസ്റ്റഡി മരണക്കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ.എം.സാബു മാത്യുവാണ് ഇന്നലെ തിരുവനന്തപുരത്തെത്തി ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.