കസ്റ്റഡി കൊലപാതകം: ഒടിഞ്ഞ വടിയും കുരുമുളക് സ്‌പ്രേയും കണ്ടെത്തി, എസ്ഐ സാബുവിനെ കസ്റ്റഡിയിൽ വിട്ടു

രണ്ടാം പ്രതി എഎസ്ഐ റെജിമോന്‍, മൂന്നാം പ്രതി ഡ്രൈവര്‍ നിയാസ് എന്നിവരെ എട്ടു ദിവസത്തേക്ക് റിമാൻഡിൽ വിട്ടു

Nedunkandam Custody Murder,കസ്റ്റഡി മരണം, Rajkumar,രാജ്കുമാർ, Rajkumar Murder, Custody Murder, Repostmortem, ie malayalam,

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസിൽ ഒന്നാം പ്രതി എസ്ഐ സാബുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 6 മണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. രണ്ടാം പ്രതി എഎസ്ഐ റെജിമോന്‍, മൂന്നാം പ്രതി ഡ്രൈവര്‍ നിയാസ് എന്നിവരെ എട്ടു ദിവസത്തേക്ക് റിമാൻഡിൽ വിട്ടു. പീരുമേട് കോടതിയിലാണ് ഇവരെ ഹാജരാക്കിയത്.

ഇന്നലെ എട്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റെജിമോൻ, നിയാസ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരും രാജ്കുമാറിനെ ക്രൂരമായി മർദിച്ചതായി മൊഴി നൽകി. ഇന്നലെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ഇരുവരെയും തെളിവെടുപ്പിനെത്തിച്ച ശേഷം ഒടിഞ്ഞ വടിയും ലാത്തിയും കരുമുളക് സ്‌പ്രേയും അന്വേഷണ സംഘം തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു. കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, വ്യാജ തെളിവ് ചമയ്ക്കല്‍ എന്നിവയിലാകും കേസിൽ കുറ്റപത്രം സമര്‍പ്പിക്കുക.

നിയാസ്, എഎസ്ഐ റെജിമോന്‍ എന്നിവര്‍ നേരത്തെ ഒളിവില്‍ പോയിരുന്നു. ആരോപണവിധേയനായ ഇടുക്കി എസ്‌പി കെ.ബി.വേണുഗോപാലിനെ സ്ഥലം മാറ്റിയിട്ടുണ്ട്. ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്‌പിയായാണ് സ്ഥലം മാറ്റം. പകരം മലപ്പുറം എസ്‌പിയായ ടി.നാരായണനെ ഇടുക്കി എസ്‌പിയായി നിയമിച്ചു.

രാജ്കുമാറിന്‍റെ കസ്റ്റഡി കൊലപാതകത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായി എന്ന ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഇടുക്കി എസ്‌പി കെ.ബി.വേണുഗോപാലിനെ ഭീകരവിരുദ്ധ സേനയിലേക്ക് സ്ഥലം മാറ്റിയത്. എന്നാല്‍ എസ്‌പി വേണുഗോപാലിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് സസ്പെന്‍ഡ് ചെയ്യണമെന്നാണ് സിപിഐയുടേയും കോണ്‍ഗ്രസിന്റെയും ആവശ്യം. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ ഇതു സംബന്ധിച്ച് ഇന്നലെ അതൃപ്തി തുറന്നു പ്രകടിപ്പിച്ചിരുന്നു.

കൊലപാതകത്തില്‍ നെടുങ്കണ്ടം എസ്‌ഐ കെ.എ.സാബു, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സജീവ് ആന്റണി എന്നിവരാണ് ഇതുവരെ റിമാന്‍ഡിലായത്. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ എസ്‌പിയുടെ ഇടപെടല്‍ ഉണ്ടായെന്നും എസ്‌പി എല്ലാ സംഭവങ്ങളും അറിഞ്ഞിരുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യൽ അന്വേഷണം സംബന്ധിച്ച തീരുമാനമായത്. അന്വേഷണത്തിനായി സിറ്റിങ് ജഡ്ജിയെ വിട്ടുനല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏറെ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

പ്രതികള്‍ പൊലീസ് സേനയില്‍ ഉള്ളവരായതിനാല്‍ പൊലീസ് തന്നെ കേസ് അന്വേഷിക്കുന്നത് യുക്തിസഹമല്ല എന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടിരുന്നു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെയും ആവശ്യം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ സമരത്തിന്റെ ആദ്യ ഘട്ടം വിജയം കണ്ടു എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nedungandam custodial death arrest policemen produce in court

Next Story
കാല്‍ചുവട്ടിലെ മണ്ണൊലിച്ച് കര്‍ണാടക കോണ്‍ഗ്രസ്; ഒരു എംഎല്‍എ കൂടി രാജിവെച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com