തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടന്‍ നെടുമുടി വേണു ഇനി ഓർമ്മ. അയ്യന്‍കാളി ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിച്ചു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 73 വയസായിരുന്നു. നേരത്തെ കോവിഡ് ബാധിച്ചിരുന്നു.
ഭൗതികശരീരം ഇന്ന് രാവിലെ 10.30 മണി മുതല്‍ 12.30 വരെ അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചിരുന്നു. അതുവരെ വട്ടിയൂര്‍ക്കാവിലെ തിട്ടമംഗലത്തെ സ്വവസതിയിലായിരിക്കും ഭൗതിക ദേഹം.
നാടകരംഗത്തു നിന്നുമാണ് നെടുമുടി സിനിമയിൽ എത്തിയത്. അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി എന്നിവരുമായുള്ള സൗഹൃദമാണ് നെടുമുടി വേണുവിനെ സിനിമയിലേക്ക് എത്തിച്ചത്. അരവിന്ദൻ സംവിധാനം ചെയ്ത ‘തമ്പ്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം.
Read more: അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു, അത് വേണുചേട്ടനായിരുന്നു: മഞ്ജുവാര്യർ എഴുതുന്നു
മലയാളസിനിമയിലെ ബഹുമുഖ പ്രതിഭയായിരുന്നു നെടുമുടി വേണു. സിനിമ, നാടന്‍ പാട്ട്, കഥകളി, നാടകം എന്നിവയിലെല്ലാം കഴിവുതെളിയിച്ച കലാകാരൻ. നടൻ എന്നതിനപ്പുറം തിരക്കഥ രചന, സംവിധാനം എന്നിവയിലും നെടുമുടി വേണു കഴിവു തെളിയിച്ചു. കാറ്റത്തെ കിളിക്കൂട് അടക്കം ആറോളം സിനിമകളുടെ തിരക്കഥാരചനയിൽ പങ്കാളിയായി. പാച്ചി എന്ന അപരനാമത്തിൽ ആയിരുന്നു പല ചലച്ചിത്രങ്ങൾക്കും അദ്ദേഹം തിരക്കഥ ഒരുക്കിയിരുന്നത്.
Read more: ഞാൻ അദ്ദേഹത്തിന്റെ ആരാധകനാണ്; നെടുമുടി വേണുവിനെ ഓർത്ത് കമൽഹാസൻ
‘പൂരം’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും അരങ്ങേറ്റം കുറിച്ചു. മൃദംഗം പോലുള്ള വാദ്യോപകരണങ്ങൾ വായിക്കുന്നതിലും പ്രാവിണ്യം നേടിയിരുന്നു നെടുമുടി വേണു. സീരിയൽ രംഗത്തും തിളങ്ങിയ താരമാണ് നെടുമുടി വേണു.
തമ്പ്, ആരവം, തകര, ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ,അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, പഞ്ചവടിപ്പാലം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, പാളങ്ങൾ, പഞ്ചാഗ്നി, താളവട്ടം, വൈശാാലി, ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വന്ദനം, ഹിസ് ഹൈനസ് അബ്ദുള്ള, പെരുന്തച്ചൻ, സർഗം, മണിച്ചിത്രത്താഴ്, സുന്ദരക്കില്ലാഡി, ബെസ്റ്റ് ആക്ടർ, നോർത്ത് 24 കാതം എന്നു തുടങ്ങി അഞ്ഞൂറോളം ചിത്രങ്ങളിൽ വേഷമിട്ടു. മൂന്നു തവണ ദേശീയ പുരസ്കാരങ്ങളും ആറു സംസ്ഥാന പുരസ്കാരങ്ങളും ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്.
പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ആണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.
നെടുമുടി വേണുവിന്റെ നിര്യാണത്തില്‍
മുഖ്യമന്ത്രി അനുശോചിച്ചു
“മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താത്പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു,” അനുശോചനക്കുറിപ്പിൽ മുഖ്യമന്ത്രി കുറിച്ചു.