തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സിജെഎം) തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചതായി പറയുന്നത്. രാജ്കുമാറിന്റെ കേസില്‍ ഇടുക്കി മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രന്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്തില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജൂൺ 15ന് രാത്രി 9.30 ന് അറസ്റ്റ് ചെയ്ത പ്രതി രാജ്കുമാറിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത് പിറ്റേ ദിവസം രാവിലെ 10.40 നാണ്. രാജ്കുമാറിനെ 24 മണിക്കൂറിലധികം കസ്റ്റഡിയിൽ സൂക്ഷിച്ചത് മജിസ്‌ട്രേറ്റ് ശ്രദ്ധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രി രേഖകൾ പരിശോധിച്ചില്ല. പ്രതിയെ മജിസ്‌ട്രേറ്റ് കണ്ടത് പൊലീസ് ജീപ്പിനുളളിൽവച്ചാണ്. വിശദമായ പരിശോധനകളൊന്നും മജിസ്‌ട്രേറ്റ് നടത്തിയില്ലെന്നും സിജെഎം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Also Read: നെടുങ്കണ്ടം കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനം
മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുന്‍പ് രാജ്കുമാറിനെ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. പക്ഷേ, ഇതിന്റെ മെഡിക്കല്‍ രേഖകള്‍ മജിസ്‌ട്രേറ്റ് പരിശോധിച്ചില്ല. രാജ്കുമാറിന്റെ ശരീരത്തിലെ അടയാളങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കസ്റ്റഡി മരണ കേസിൽ ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചുവെന്ന് മുൻപും ആരോപണങ്ങൾ ഉയർന്നിരുന്നു. സംഭവത്തിൽ ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.