തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണം ഇനി സിബിഐ അന്വേഷിക്കും. കേസ് അന്വേഷണം സിബിഐക്ക് വിടാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. നേരത്തെ കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതും അസ്വാഭാവിക മരണവും സിബിഐ അന്വേഷിക്കും.
നേരത്തെ, കേസ് അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി കോടതിയും വിമർശിച്ചിരുന്നു. കേസിൽ പ്രതിയായ എസ്ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി പൊലീസിനെതിരെ വിമർശനം ഉയർത്തിയത്. നിലവിൽ ക്രൈബ്രാഞ്ച് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും നടക്കുന്നുണ്ടായിരുന്നു.
Read Also: നെടുങ്കണ്ടം കസ്റ്റഡി മരണം: ഒന്നാം പ്രതി സാബുവിന് ഉപാധികളോടെ ജാമ്യം
രണ്ട് കോടിയോളം രൂപയുടെ ഹരിത വായ്പത്തട്ടിപ്പു കേസില്‍ അറസ്റ്റിലായ വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ് കുമാര്‍ (49), പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദനത്തിനിരയാകുകയും പിന്നീട് പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിക്കുകയും ആയിരുന്നു. കസ്റ്റഡിയിൽ രാജ്കുമാർ ക്രൂരമർദനത്തിന് ഇരയായതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ജൂൺ 12നാണ് രാജ്കുമാറിനെ പൊലീസ് കസ്റ്റഡിലെടുക്കുന്നത്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്താതെ നെടുങ്കണ്ടം പൊലീസ് നാല് ദിവസം അനധികൃതമായി കസ്റ്റഡിയിൽ വച്ച് ക്രൂരമർദനത്തിന് ഇരയായെന്നാണ് കണ്ടെത്തൽ. കസ്റ്റഡി മരണത്തെ തുടർന്ന് പീരുമേട് സബ്ജയിലിൽ കഴിയവെയാണ് രാജ്കുമാർ മരിക്കുന്നത്