തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് വായ്പാ തട്ടിപ്പ് കേസിലെ പ്രതി ശാലിനി. പൊലീസ് ക്രൂര മര്‍ദന മുറകളാണ് തങ്ങള്‍ക്കെതിരെ നടത്തിയതെന്ന് ശാലിനി പറഞ്ഞു. രാജ്കുമാറിനെയും തന്നെയും നിഷ്ഠൂരമായി മര്‍ദിച്ചെന്നും ശാലിനി പറഞ്ഞു.
മുളക് പ്രയോഗം നടത്തി. പച്ചമുളക് ഞെരടിയാണ് പ്രയോഗിച്ചത്. അതിക്രൂരമായ മര്‍ദനമാണ് അവിടെ നടന്നത്. വാങ്ങിയ പണം തിരിച്ചു നല്‍കാന്‍ കൈ കൂപ്പി രാജ്കുമാര്‍ പൊലീസിനോട് സാവകാശം ആവശ്യപ്പെട്ടു. എന്നാല്‍, പൊലീസ് മര്‍ദനം തുടര്‍ന്നു. ചൂരല് കൊണ്ട് കുറേ അടിച്ചു. വേട്ട പട്ടി മൃഗത്തെ വേട്ടയാടും വിധമായിരുന്നു മര്‍ദനമെന്നും ശാലിനി പറഞ്ഞു.
Read Also: സ്ഥലം മാറ്റത്തിൽ ഒതുക്കരുത്; നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ
എസ്.ഐയുടെ നേതൃത്വത്തിലാണ് മര്‍ദനം നടന്നത്. എട്ട്, ഒന്‍പത് പൊലീസുകാര്‍ ഉണ്ടായിരുന്നു. എല്ലാവരെയും കണ്ടാല്‍ അറിയുമെന്നും ശാലിനി പറഞ്ഞു. എസ്.ഐക്ക് പിന്നിൽ മറ്റ് ആളുകൾ ഉള്ളതായി സംശയിക്കുന്നു. രാജ്കുമാറിനെ വേട്ടയാടിയത് പോലെ തന്നെയും വേട്ടയാടുമെന്നും ശാലിനി മാധ്യമങ്ങളോട് പറഞ്ഞു.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പൊലീസിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ ജില്ല നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. എസ്.പിക്കെതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കരുതെന്നും എസ്.പിയെ ഭീകരവിരുദ്ധ സ്ക്വാഡിലേക്ക് മാറ്റിയതിലുള്ള എതിർപ്പും സിപിഐ അറിയിച്ചു. കട്ടപ്പന ഡിവൈഎസ്‍പിക്കെതിരെയും നടപടിയെടുക്കണം. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിന് ഭൂഷണമല്ലെന്നും സിപിഐ ഓർമ്മിപ്പിച്ചു.
കസ്റ്റഡി കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസ് നാരായാണ കുറുപ്പാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. ആറ് മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏറെ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികള്‍ പൊലീസ് സേനയില്‍ ഉള്ളവരായതിനാല്‍ പൊലീസ് തന്നെ കേസ് അന്വേഷിക്കുന്നത് യുക്തിസഹമല്ല എന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടിരുന്നു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെയും ആവശ്യം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ സമരത്തിന്റെ ആദ്യ ഘട്ടം വിജയം കണ്ടു എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.