കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ ഒന്നാം പ്രതി മുൻ എസ്ഐ സാബുവിനെ അറസ്റ്റ് ചെയ്തു. സിബിഐ സംഘമാണ് കൊച്ചിയിൽ നിന്ന് സാബുവിനെ അറസ്റ്റ് ചെയ്തത്. സാബുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ഇന്നലെ രാത്രി സിബിഐ സംഘം അറസ്റ്റ് ചെയ്തത്. മറ്റ് ആറു പ്രതികളുടെയും ജാമ്യം റദ്ദാക്കാൻ സിബിഐ കോടതിയെ സമീപിക്കും.
2 കോടിയോളം രൂപയുടെ വായ്പത്തട്ടിപ്പു കേസില്‍ അറസ്റ്റിലായ വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ് കുമാര്‍ (49), പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദനത്തിനിരയാകുകയും പിന്നീട് പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിക്കുകയും ആയിരുന്നു.
കസ്റ്റഡിയിൽ രാജ്കുമാർ ക്രൂരമർദനത്തിന് ഇരയായതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസിൽ കെ.എ.സാബുവിനെതിരെയും സിവില്‍ പൊലീസ് ഓഫിസറും ഡ്രൈവറുമായ സജിമോന്‍ ആന്റണിക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിട്ടുളളത്.
കേസിൽ നേരത്തെ അറസ്റ്റിലായ സാബുവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കസ്റ്റഡി പീധനത്തിന് പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷൻ വാദങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ പിന്നാട് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് റദ്ദാക്കിുകയായിരുന്നു.