ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. ആദ്യ പോസ്റ്റ്മോര്‍ട്ടത്തില്‍ വീഴ്ച്ചയുണ്ടായതായി ജസ്റ്റിസ് ടി. നാരയണക്കുറുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. കൂടാതെ മുറിവുകളുടെ പഴക്കത്തെ കുറിച്ചും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചില്ലെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ആര്‍.ഡി.ഒയ്ക്കും പൊലീസിനും നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ കൊല്ലപ്പെട്ട രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും. കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ടി. നാരയണക്കുറുപ്പ് കമ്മീഷന്‍ ഇന്ന് നെടുങ്കണ്ടത്തെത്തും. തുടര്‍ന്ന് കമ്മീഷന്‍ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കും. പീരുമേട് സബ് ജയിലിലും കോട്ടയം മെഡിക്കല്‍ കേളേജിലും സംഘം പരിശോധന നടത്തും.രാജ് കുമാറിന്റെ കുടുംബത്തേയും കമ്മീഷൻ കാണും.

Read More: Kerala News Today Highlights:നെടുങ്കണ്ടം കസ്റ്റഡി മരണം: ഏഴ് പൊലീസുകാര്‍ പ്രതികളെന്ന് ക്രൈംബ്രാഞ്ച്

കസ്റ്റഡി മരണത്തിലെ എല്ലാവശങ്ങളും സമഗ്രമായി അന്വേഷിക്കുമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ നാരായണക്കുറുപ്പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എറണാകുളം മറൈന്‍ഡ്രൈവിലെ ജിസിഡിഎ ബില്‍ഡിങ്ങില്‍ പുറ്റിങ്ങല്‍ കമ്മീഷന്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസിലാകും കമ്മീഷന്റെ പ്രവര്‍ത്തനം. പ്രദേശവാസികളുടെ മൊഴിയെടുക്കാന്‍ നെടുങ്കണ്ടത്തോ പരിസരത്തോ സൗകര്യപ്രദമായ സ്ഥലത്ത് സിറ്റിങ് നടത്തും. ആറുമാസത്തിനുള്ളില്‍ തന്നെ റിപോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ഏഴ് പൊലീസുകാര്‍ ആണ് പ്രതികളായുള്ളത്.സസ്പെന്‍ഷനില്‍ കഴിയുന്ന നെടുങ്കണ്ടം സ്റ്റേഷനിലെ എട്ട് പൊലീസുകാരില്‍ ഏഴ് പേരും രാജ്കുമാറിനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

എ.എസ്.ഐ റെജിമോന്‍, സി.പി.ഒ നിയാസ് എന്നിവരാണ് മൂന്നാം മുറ പ്രയോഗിച്ചതെന്നാണ് മൊഴി. അറസ്റ്റിലായ എസ്.ഐ കെ.എ സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവരാണ് ഇത് സംബന്ധിച്ച മൊഴി നല്‍കിയിരിക്കുന്നത്.

രാജ്കുമാറിനും തനിക്കും അതിക്രൂരമായ പീഡനമാണ് പൊലീസുകാരില്‍ നിന്നുണ്ടായതെന്ന് നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ഹരിത ഫിനാന്‍സ് ഉടമയായ ശാലിനി വെളിപ്പെടുത്തിയിരുന്നു.
ഒമ്പത് പൊലീസുകാരാണ് മര്‍ദ്ദിച്ചതെന്നും പൊലീസുകാരുടേത് കൊല്ലാന്‍ വേണ്ടിത്തന്നെയുള്ള പീഡനമായിരുന്നെന്നും ശാലിനി പറഞ്ഞിരുന്നു. ഈ പൊലീസുകാരെ കണ്ടാല്‍ തിരിച്ചറിയുമെന്നും ശാലിനി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.