കൊച്ചി∙ നെടുമ്പാശേരി വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനം 12.25ന് വിമാനത്താവളത്തില്‍ ഇറങ്ങി. മുംബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനം 12.32നും ഇറങ്ങി.

മസ്കറ്റിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം, മാലദ്വീപിൽ നിന്നുള്ള ഇൻഡിഗോ വിമാനം, തിരുച്ചിറപ്പള്ളി, ബംഗളൂരുവിൽ നിന്നുള്ള വിമാനങ്ങളും കൊച്ചിയിൽ ഇറങ്ങും. 1.35ന് ബംഗളൂരുവിലേക്കുള്ള എയർ ഏഷ്യ വിമാനം പുറപ്പെട്ടു. 2.05ന് അഹമ്മദാബാദ് (ഗോ എയർ), 2.55ന് ഹുബ്ലി (ഇൻഡിഗോ) വിമാനങ്ങളും പുറപ്പെട്ടു.

ശക്തമായ മഴയെ തുടർന്ന് വെള്ളം കയറിയ വിമാനത്താവളം വെള്ളിയാഴ്ചയാണ് അടച്ചിട്ടത്. മഴക്കെടുതിയില്‍ വിമാനത്താവളത്തിലെ ഒരു ഭാഗത്തെ ചുറ്റുമതില്‍ പൊളിഞ്ഞുവീണിരുന്നു. ഇതിന് താത്ക്കാലികമായ ഒരു പരിഹാരം കാണും.

Read More: നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച പ്രവർത്തന സജ്ജമാകുമെന്ന് സിയാൽ അധികൃതർ

ഏഴ് വിമാനങ്ങളാണ് നെടുമ്പാശേരിയിൽ കുടുങ്ങിയത്. കൊച്ചിയിൽ എത്തേണ്ട വിമാനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ ഇറക്കുകയും ചെയ്തു. മഴയ്ക്കു ശമനമില്ലാത്തതും ജലനിരപ്പ് ഉയർന്നതും കണക്കിലെടുത്ത് കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിനു വിമാനത്താവളത്തിന്റെ പ്രവർത്തനം ‍ഞായറാഴ്ചവരെ നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ തവണ പ്രളയമുണ്ടായപ്പോള്‍ 15 ദിവസത്തോളം നെടുമ്പാശേരി വിമാനം അടച്ചിടേണ്ട അവസ്ഥ വന്നു. റണ്‍വേയില്‍ അടക്കം വലിയ രീതിയില്‍ വെള്ളം പൊങ്ങിയിരുന്നു. എന്നാല്‍, ഇത്തവണ പ്രതിസന്ധി അത്ര രൂക്ഷമായിട്ടില്ലെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ പ്രളയ കാലത്ത് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടിരുന്ന ദിവസങ്ങളിൽ ദക്ഷിണ നാവികസേനയുടെ എയർപോർട്ടിൽനിന്നും ചെറു വിമാനങ്ങൾ സർവീസ് നടത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.