തിരുവനന്തപുരം: നെടുമങ്ങാട് 16 വയസുകാരി മീരയെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് മഞ്ജുഷയെയും കാമുകന്‍ അനീഷിനെയും തെളിവിനെടുപ്പിനെത്തിച്ചു. ഏക മകളെ ഒഴിവാക്കി കാമുകനൊപ്പം ജീവിക്കാനായി തെക്കുംകര പറണ്ടോട്‌ കുന്നില്‍ വീട്ടില്‍ മഞ്‌ജുഷ നടപ്പാക്കിയ കൊലപാതകം അതേപടി പൊലീസിന് കാണിച്ച് കൊടുത്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കഴുത്തില്‍ ഷാള്‍ മുറുക്കുന്നത് പോലെ കാണിച്ചാണ് കൊലപാതകം നടത്തിയത് എങ്ങനെയെന്ന് മഞ്ജുഷ കാണിച്ചത്.

മഞ്ജുഷയുടെ വസതിയിലും മൃതശരീരം കണ്ടെത്തിയ സ്ഥലത്തുമായിരുന്നു തെളിവെടുപ്പ്. നാട്ടുകാര്‍ പലതവണ ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് മഞ്ജുഷയെയും അനീഷിനെയും തെളിവെടുപ്പിനായി മഞ്ജുഷയുടെ വസതിയിലെത്തിച്ചത്. കുട്ടിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയതായും ഇതിന് ശേഷം മൃതശരീരം ഇവിടെ സൂക്ഷിച്ച ശേഷം ബൈക്കില്‍ ഇന്ധനം നിറയ്ക്കാന്‍ പോയതായും പ്രതികള്‍ വിവരിച്ചു. കട്ടിലില്‍ ഇരിക്കുകയായിരുന്ന മകളുടെ കഴുത്തില്‍ ആദ്യം ഷാള്‍ ചുറ്റി ഞെരിച്ചതു മഞ്‌ജുഷയാണ്‌. പിന്നാലെ മഞ്‌ജുഷയുടെ കാമുകന്‍ അനീഷ്‌ കൈകള്‍ കൊണ്ട്‌ കഴുത്തുഞെരിച്ചു. കുഴഞ്ഞുവീണ മീരയെ ബൈക്കിലിരുത്തി പ്രതി അനീഷിന്റെ വീട്ടിലെത്തിച്ചു.

Read More: നെടുമങ്ങാട്ട് പെണ്‍കുട്ടിയെ കൊന്നത് കഴുത്ത് ഞെരിച്ച്; അമ്മയ്ക്കും കാമുകനുമെതിരെ കൊലക്കുറ്റം ചുമത്തി

ഇവിടെ എത്തിച്ച മീരയുടെ മൃതശരീരം വീടിന്റെ മതില്‍ വഴി കടത്തിയതായും തുടര്‍ന്ന് കല്ലുകെട്ടി കിണറ്റിലെറിഞ്ഞതായും അനീഷ് വിശദീകരിച്ചു. അനീഷിന്റെ വീടിനടുത്തുള്ള കിണറിനരികിലെ കുറ്റിക്കാട്ടില്‍ കിടത്തിയപ്പോള്‍ മീര നേരിയ ശബ്‌ദം പുറപ്പെടുവിച്ചതായി തോന്നി. മഞ്‌ജുഷ വീണ്ടും കഴുത്ത്‌ ഞെരിക്കുമ്പോഴേക്കും അനീഷ്‌ കിണറിന്റെ മൂടി മാറ്റി. തുടര്‍ന്നു മീരയുടെ ശരീരത്തില്‍ കല്ലുകെട്ടി കിണറ്റിലെറിഞ്ഞു.

സ്വന്തം വീട്ടില്‍നിന്ന്‌ അനീഷ്‌ തന്റെ അമ്മയെ ഉച്ചയോടെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞുവിട്ടു. സന്ധ്യയോടെ ഇയാള്‍ മഞ്‌ജുഷയുടെ വീട്ടിലെത്തി. ഇരുവരുടെയും അവിഹിതബന്ധം നേരില്‍ക്കണ്ട മീര എതിര്‍ത്തപ്പോള്‍, നാട്ടിലുള്ള ചില ആണ്‍കുട്ടികളുമായി നിനക്കും ബന്ധമുണ്ടെന്നു പറഞ്ഞ്‌ മകളെ മഞ്‌ജുഷ കൈയേറ്റം ചെയ്‌തു. തുടര്‍ന്ന്‌ മീരയുടെ കഴുത്തില്‍ കിടന്ന ഷാളില്‍ മഞ്‌ജുഷ ചുറ്റിപ്പിടിച്ചു ഞെരിച്ചു.

ഷാളുപയോഗിച്ച്‌ കഴുത്ത്‌ ഞെരിക്കുമ്പോള്‍ പുറത്ത്‌ നല്ല മഴയായിരുന്നു. മഴ തോരുന്നതിനു മുമ്പേ കിണറ്റില്‍ തള്ളിയതിനു ശേഷം, മീര ഒരു പയ്യനൊപ്പം ഒളിച്ചോടിയെന്നും പിടികൂടാന്‍ തിരുപ്പതിയില്‍ പോവുകയാണെന്നും മാതാപിതാക്കളെയും മൂത്ത സഹോദരിയെയും മഞ്‌ജുഷ വിളിച്ചറിയിച്ചു. തന്റെ വാടകവീട്ടിലെ സാമഗ്രികള്‍ അവിടെനിന്നു മാറ്റി വീട്‌ ഒഴിയണമെന്നും നിർദേശിച്ചു. മീരയെ കിണറ്റിലെറിഞ്ഞശേഷം പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങി.

മീര മിക്കവാറും ഞായറാഴ്‌ചകളില്‍ മഞ്ച പേരുമല ചരുവിളയില്‍ താമസിക്കുന്ന അമ്മൂമ്മ വത്സലയെ കാണാനെത്തുമായിരുന്നു. പള്ളിയില്‍ പോകാനും ഒഴിവുസമയങ്ങളില്‍ അമ്മൂമ്മയ്‌ക്ക്‌ കൂട്ടിരിക്കാനും വേണ്ടിയായിരുന്നു വരവ്‌. അമ്മൂമ്മയ്‌ക്കും അമ്മയുടെ മൂത്ത സഹോദരി സിന്ധുവിനുമൊപ്പം ആഹാരം കഴിക്കും. അമ്മ മഞ്‌ജുഷയ്‌ക്കുള്ള പൊതിച്ചോറുമായേ മടങ്ങാറുണ്ടായിരുന്നുള്ളൂ. ഒരു ഞായറാഴ്‌ച വത്സലയ്‌ക്ക്‌ ഒരു കല്യാണത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ പിറ്റേന്നാണു മീര കാണാനെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.