തിരുവനന്തപുരം: അടിയന്തരാവസ്ഥയുടെ വാര്‍ഷികത്തില്‍ തന്നെ പൊലീസ് മര്‍ദനത്തില്‍ മറുപടി പറയേണ്ടി വന്നത് വിധി വൈപരീത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി നെടുങ്കണ്ടത്ത് പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവത്തെ കുറിച്ച് നിയമസഭയില്‍ ചര്‍ച്ച നടക്കുമ്പോഴാണ് മുഖ്യമന്ത്രി അടിയന്തരാവസ്ഥയെ കുറിച്ച് ഓര്‍മ്മിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തി കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണം ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കസ്റ്റഡി മരണവും പൊലീസ് മര്‍ദനവും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെതിരെ ശക്തമായി രംഗത്തുവന്നു. പി.ടി.തോമസ് എംഎല്‍എയാണ് ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചത്. പി.ടി.തോമസിന്റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയതോടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിക്കുകയായിരുന്നു.

Read Also: ജയിലുകളിൽ ജാമർ സ്ഥാപിക്കുമെന്ന് പിണറായി വിജയൻ

കസ്റ്റഡി മരണത്തില്‍ അന്വേഷണം കൃത്യമായി നടത്തുമെന്ന് പിണറായി പറഞ്ഞു. ആരെയും സംരക്ഷിക്കില്ല. എത്ര ഉന്നതരായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടും. അന്വേഷണത്തില്‍ ഏറെ കാര്യങ്ങള്‍ വെളിവാകേണ്ട കാര്യമുണ്ട്. ഒരു തെറ്റായ നടപടിയെയും സര്‍ക്കാര്‍ ന്യായീകരിക്കില്ല. ഉന്നതരായ ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അതും അന്വേഷണ വിധേയമാക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കും. അതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

പീരുമേട് സബ് ജയിലിൽ റിമാന്‍ഡിലായിരുന്ന വാഗമൺ സ്വദേശി കുമാറാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലിരിക്കെ മരിച്ചത്. കസ്റ്റഡിയിൽ മർദനമേറ്റാണ് കുമാർ മരിച്ചതെന്നും പൊലീസുദ്യോഗസ്ഥർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്ന് സിഐയും വനിതാ പൊലീസും ഉൾപ്പെടെ അഞ്ചുപേരെ സ്ഥലം മാറ്റുകയും ചെയ്തു.

കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്നത് മൂലം സമൂഹത്തിലുണ്ടാകുന്ന ആശങ്കയും ഗുരുതര സാഹചര്യവും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പി.ടി.തോമസ് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വായ്പാ തട്ടിപ്പ് കേസില്‍ പിടികൂടിയ രാജ്‍കുമാറിനെ നെടുങ്കണ്ടം പൊലീസ് ക്രൂരമായി മർദിച്ചെന്ന് പി.ടി.തോമസ് സഭയിൽ ആരോപിച്ചു. അറസ്റ്റ് ചെയ്ത ശേഷം 105 മണിക്കൂറോളം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.