കൊച്ചി: നെടുമ്പാശേരി വിമാനത്താവളം സാധാരണ നിലയിലേക്കെന്ന് അധികൃതർ. കഴിഞ്ഞ മൂന്ന് ദിവസമായി അടഞ്ഞു കിടക്കുന്ന വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഞായറാഴ്ച മൂന്ന് മണിയോടെ പുനഃരാരംഭിക്കാമെന്നാണ് അധികൃതര്‍ കരുതുന്നത്. വിമാനത്താവളത്തില്‍ നിന്ന് വെള്ളം പിന്‍വലിഞ്ഞു തുടങ്ങിയിട്ടുള്ളതാണ് അധികൃതർക്ക് പ്രതീക്ഷ നൽകുന്നത്.

റണ്‍വേയിലെ വെള്ളം കുറഞ്ഞിട്ടുണ്ട്. ദ്രുതഗതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഞായറാഴ്ച തന്നെ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ സാധിക്കുമെന്ന് സിയാല്‍ അധികൃതർ പറയുന്നു.

മഴക്കെടുതിയില്‍ വിമാനത്താവളത്തിലെ ഒരു ഭാഗത്തെ ചുറ്റുമതില്‍ പൊളിഞ്ഞുവീണിരുന്നു. ഇതിന് താത്ക്കാലികമായ ഒരു പരിഹാരം കാണും. കനത്ത മഴയെ തുടര്‍ന്ന് കുടുങ്ങി പോയ എട്ട് വിമാനങ്ങളില്‍ ആറെണ്ണം ഇതിനോടകം നെടുമ്പാശേരിയില്‍ നിന്ന് പോയിട്ടുണ്ട്. ബാക്കിയുള്ള രണ്ടെണ്ണം നാളെ പോകും. റണ്‍വേ സാധാരണ നിലയിലേക്ക് എത്തുകയാണ്. റണ്‍വേയില്‍ നിന്ന് മഴവെള്ളം പൂര്‍ണമായി നീക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും സിയാല്‍ അധികൃതർ അറിയിച്ചു.

കുടുങ്ങിക്കിടന്ന വിമാനങ്ങളിലൊന്ന് പറന്നു പൊങ്ങുന്നു

കഴിഞ്ഞ തവണ പ്രളയമുണ്ടായപ്പോള്‍ 15 ദിവസത്തോളം നെടുമ്പാശേരി വിമാനം അടച്ചിടേണ്ട അവസ്ഥ വന്നു. റണ്‍വേയില്‍ അടക്കം വലിയ രീതിയില്‍ വെള്ളം പൊങ്ങിയിരുന്നു. എന്നാല്‍, ഇത്തവണ പ്രതിസന്ധി അത്ര രൂക്ഷമായിട്ടില്ലെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ പ്രളയ കാലത്ത് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടിരുന്ന ദിവസങ്ങളിൽ ദക്ഷിണ നാവികസേനയുടെ എയർപോർട്ടിൽനിന്നും ചെറു വിമാനങ്ങൾ സർവീസ് നടത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.