തിരുവനന്തപുരം: ബ്ലൂ വെയിൽ ഗെയിം തടയാൻ സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസിന്റെ സൈബർ സെൽ, സൈബർഡോം എന്നിവ മുഖേന ശക്തമായ ഇടപെടലാണുണ്ടാകുന്നത്. സൈബർ ഇടങ്ങളിൽ കടന്നു ചെല്ലുമ്പോൾ അവശ്യം വേണ്ട മുൻകരുതലും ജാഗ്രതയും വിവേകവും സൃഷ്ടിക്കാൻ എല്ലാവരും മുൻകയ്യെടുക്കണം. വിപത്കരവും വിദ്രോഹപരവുമായ ഉള്ളടക്കമുള്ള സൈറ്റുകൾ റിപ്പോർട് ചെയ്യാനുള്ള സന്നദ്ധത ഓരോരുത്തരും കാണിക്കേണ്ടതുണ്ട്. ഇവ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾ, ഹാഷ് ടാഗുകൾ, ലിങ്കുകൾ എന്നിവ ശ്രദ്ധയിൽ വന്നാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാൻ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ബ്ലൂ വെയിൽ ഗെയിം വ്യാപിക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കുമെന്ന കേന്ദ്ര സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നു. സോഷ്യൽ മീഡിയകളിലൂടെ ബ്ളൂ വെയിൽ ലഭ്യമാവുന്നതു തടയാൻ കേന്ദ്ര ഐടി. വകുപ്പ് നിർദ്ദേശം നൽകിയിരിക്കുകയാണ്‌. ഗെയിം നിരോധിച്ച് ഇൻറർനെറ്റിൽ ലഭ്യമല്ലാതാക്കാൻ വിവിധ വകുപ്പുകൾ ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനോട് അനുകൂലമായി കേന്ദ്ര സർക്കാർ പ്രതികരിച്ചതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.