ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് 272 സീറ്റുകളെന്ന ഭൂരിപക്ഷം ലഭിക്കില്ലെന്ന് എബിപി-സി വോട്ടര്‍ സര്‍വെ. എന്‍ഡിഎയ്ക്ക് 233 സീറ്റുകളാണ് ലഭിക്കുകയെന്നാണ് പ്രവചനം. അതേസമയം കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ 167 സീറ്റുകള്‍ നേടും. ബിജെപി ഒറ്റയ്ക്ക് നേടുന്നത് 203 സീറ്റുകളാണ്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 109 സീറ്റ് നേടും.

130 സീറ്റുകള്‍ നേടുന്ന മറ്റ് പാര്‍ട്ടികളാണ് നിര്‍ണായകമായി മാറുക. അതേസമയം വൈ.എസ്.ആര്‍.സി.പി, ബി.ജെ.ഡി, എം.എന്‍.എഫ്, ടി.ആര്‍.എസ് എന്നീ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചാല്‍ എന്‍ഡിഎയുടെ സീറ്റുകള്‍ 278 കടക്കും.

എന്നാല്‍ യുപിഎയ്ക്ക് എഐയുഡിഎഫ്, എല്‍ഡിഎഫ്, ടിഎംസി, മഹാഗദ്ബന്ധന്‍ കൂട്ടുകെട്ട് എന്നിവരുടെ പിന്തുണ ലഭിച്ചാല്‍ സീറ്റ് നില 257 ആകുമെന്നും പ്രവചനമുണ്ട്. കേരളത്തില്‍ യുഡിഎഫിന് വന്‍ജയമാണ് സീ വോട്ടര്‍ സര്‍വെ പ്രവചിക്കുന്നത്. കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്‍ 16-ലും യുഡിഎഫ് ജയിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു.

അവശേഷിക്കുന്ന നാല് സീറ്റുകളില്‍ എല്‍‍ഡിഎഫ് അടക്കമുളള മറ്റുളളവര്‍ ജയിക്കും. നിലവില്‍ 12 സീറ്റുകള്‍ യുഡിഎഫിനും എട്ട് സീറ്റുകള്‍ എല്‍ഡിഎഫിനും ആണുളളത്. എല്‍ഡിഎഫിന്‍റെ എട്ട് സീറ്റില്‍ പകുതിയും യുഡിഎഫ് പിടിച്ചെടുക്കും എന്ന പ്രവചനാണ് ഇപ്പോള്‍വരുന്നത്.

അതേസമയം ശബരിമല വിഷയം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയ്ക്കും എന്‍ഡിഎയ്ക്കും ഇക്കുറിയും അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നും സര്‍വ്വേ പറയുന്നു. തമിഴ്നാട്ടില്‍ ആകെയുള്ള 39 സീറ്റുകളും ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം തൂത്തുവാരുമെന്നാണ് സര്‍വ്വേ പ്രവചനം.

ഉത്തര്‍പ്രദേശില്‍ എന്‍ഡിഎയ്ക്ക് 25 സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയെന്ന് പ്രവചനം. ഡിസംബറില്‍ 36 സീറ്റുകള്‍ കിട്ടുമെന്ന പ്രചവചനത്തിൽ നിന്നാണ് സീറ്റ് കുത്തനെ കുറഞ്ഞത്. സമാജ്‌വാദി -ബഹുജൻ സമാജ്, രാഷ്ട്രീയ ലോക്ദള്‍ എന്നിവരുടെ മഹാഗദ്ബന്ധനാണ് യു.പിയില്‍ നേട്ടം കൈവരിക്കുക.

51 സീറ്റുകളാണ് സഖ്യം നേടുക. 2014ല്‍ 73 ലോക്സഭാ സീറ്റുകളില്‍ വിജയിച്ച എന്‍ഡിഎയ്ക്ക് 48 സീറ്റുകളാണ് നഷ്ടപ്പെടുന്നത്. വോട്ടോഹരിയുടെ കാര്യത്തിലും മഹാഗദ്ബന്ധനാണ് മുന്നിലുണ്ടാവുക. എന്‍ഡിഎയ്ക്ക് 42 ശതമാനം വോട്ടോഹരി ഉളളപ്പോള്‍ 43 ശതമാനം വോട്ടോഹരിയാണ് മഹാഗദ്ബന്ധന്‍ നേടുക. വോട്ടോഹരിയില്‍ ചെറിയ അന്തരം മാത്രമാണെങ്കിലും സീറ്റുകളുടെ കാര്യത്തില്‍ എന്‍ഡിഎ ഏറെ പിറകിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.