സുൽത്താൻ ബത്തേരി: കേരളത്തിലെ ദേശീയ ജനാധിപത്യസഖ്യം നിര്‍ജ്ജീവമെന്ന് ആദിവാസി ഗോത്രമഹാസഭ അദ്ധ്യക്ഷ സി.കെ. ജാനു. കഴിഞ്ഞ മൂന്നുനാലുമാസമായി സഖ്യത്തിന്റെ യോഗം പോലും നടന്നിട്ടില്ല. എന്‍.ഡി.എ. യില്‍ ഘടകകക്ഷിയാകുന്ന ഘട്ടത്തില്‍ ഗോത്രമഹാസഭയ്ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ചിലത് ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ചില പദ്ധതികളും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അതേക്കുറിച്ചൊന്നും ഇപ്പോള്‍ മിണ്ടാട്ടമില്ല സി.കെ. ജാനു പറഞ്ഞു.

ബി ജെ പി ദേശീയ സമ്മേളനം കോഴിക്കോട് നടന്നതിനെ തുടർന്ന് ജാനുവിനെ എൻ ഡി യുടെ സംസ്ഥാന നേതൃത്വത്തിലേയ്ക്ക് എടുത്തിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്താണ് ജനാധിപത്യ രാഷ്ട്രീയ സഭയെന്ന പുതിയ പാർട്ടിയുണ്ടാക്കി ജാനു എൻ ഡി എ സ്ഥാനാർത്ഥിയായി സുൽത്താൻ ബത്തേരിയിൽ മത്സരിച്ചത്.

ബി.ജെ.പി. അവരെ ഭൂസമരത്തെക്കുറിച്ച് ഗോത്രമഹാസഭയോട് ആലോചിക്കേണ്ടതില്ല. ഒരു പാര്‍ട്ടിയെന്ന നിലയില്‍ അവര്‍ക്ക് അക്കാര്യത്തില്‍ രാഷ്ട്രീയ നയമുണ്ട്, സ്വാതന്ത്ര്യമുണ്ട്. മുത്തങ്ങയുടെ പതിനാലം വാര്‍ഷിക ദിനാചരണത്തോടെ ഗോത്രമഹാസഭ ഭൂസമരത്തിന്റെ പുതിയ മുഖം തുറക്കും. സമരത്തിന്റെ ശൈലിയും സ്ഥലവും തീയതിയും മുത്തങ്ങ ദിനാചരണദിനമായ ഫെബ്രുവരി 19 ന് പ്രഖ്യാപിക്കും. സി.കെ. ജാനു പറഞ്ഞു.

ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് സംഘടനയുടെ പ്രവര്‍ത്തനം. അവരുടെ ജീവിതം കോളനികളില്‍ കൂടുതല്‍ ദുസ്സഖമായിരിക്കുകയാണ്. ഒറ്റമുറി കുടിലില്‍ നാലും അഞ്ചും കുടുംബങ്ങളാണ് കഴിയുന്നത്. പ്രായപൂര്‍ത്തിയായി വിവാഹം കഴിച്ചവര്‍ക്ക് മാറിത്താമസിക്കാന്‍ ഇടമില്ല. ഇത് കുടുംബാംഗങ്ങള്‍ക്ക് തമ്മിലുള്ള നിരന്തര കലഹത്തിന് കാരണമാകുന്നുണ്ട്. കോളനികളില്‍ പട്ടിണിയുമുണ്ട്. വീണ്ടും സമരത്തിനിറങ്ങാതെ മറ്റ് വഴികളൊന്നും ആദിവാസികള്‍ക്ക് മുന്നിലില്ലെന്ന് ജാനു പറഞ്ഞു.

തിരുവനന്തപുരം നഗരത്തിൽ നിയമവിരുദ്ധമായാണ്  ലോ അക്കാദമി ഭൂമി  കൈവശം വച്ചിരിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്.  അതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആലോചിക്കുന്നു. മുത്തങ്ങ ദിനാചരണ പരിപാടികള്‍ക്ക് ശേഷം സമരം എപ്പോള്‍, എങ്ങനെയെന്ന് തീരുമാനമുണ്ടാകും. ജാനു കൂട്ടിച്ചേര്‍ത്തു.

19 ന് രാവിലെ മുത്തങ്ങയിലെ ജോഗി സ്മാരകത്തില്‍ ഗോത്രപൂജയോടെ ദിനാചരണം തുടങ്ങും. ദിനാചരണ സമ്മേളനവും പൊതുയോഗവും കൽപ്പറ്റിയിൽ നടക്കും. റാലിക്കുശേഷം നടക്കുന്ന പൊതുയോഗത്തില്‍ സമരപ്രഖ്യാപനം ഉണ്ടാകും. ജാനു പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.