ന്യൂഡെല്‍ഹി: പ്രമുഖ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന കേസിൽ ദേശീയ വനിതാ കമ്മീഷന്‍ സംസ്ഥാന ഡിജിപിയോട് വിശദീകരണം തേടി. ഡി.ജി.പി ലോക്നാഥ് ബെഹ്റയോട് നേരിട്ടു ഹാജരാകാനാണ് വനിതാ കമ്മിഷന്റെ നിര്‍ദേശം.
കേസിൽ ഇതുവരെ പൊലീസ് എടുത്ത നടപടികൾ വിശദീകരിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിന്റെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനും കേസ് അന്വേഷണം ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കണമെന്നും ചെയർപേഴ്സൻ ലളിത കുമാരമംഗലം നിർദേശിച്ചു. നടിയിൽനിന്നും സംവിധായകനിൽനിന്നും കൂടുതൽ വിവരങ്ങളും കമ്മിഷൻ തേടിയിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ കുടുക്കിയതാണെന്നും നീതി കിട്ടണമെന്നും സുനി ജാമ്യാപേക്ഷയില്‍ അഭ്യര്‍ഥിച്ചു.

സുനിക്കൊപ്പം ബിജീഷ്, മണികണ്ഠന്‍ എന്നിവരും അഭിഭാഷകര്‍ മുഖേനെ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ശനിയാഴ്ച്ച രാത്രിയോടെയാണ് പ്രതികള്‍ തന്നെ സമീപിച്ചതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.