തിരുവനന്തപുരം: എന്‍സിപി, എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി എ. കെ ശശീന്ദ്രന്‍. എല്‍ഡിഎഫ് വിടുമെന്ന വാര്‍ത്തകള്‍ വെറു അഭ്യൂഹങ്ങള്‍ മാത്രമാണെന്നും സംസ്ഥാന അധ്യക്ഷന്‍ ടി. പി പീതാംബരന്‍ മാസ്റ്ററും പാലാ എംഎല്‍എ മാണി സി കാപ്പനും എല്‍ഡിഎഫ് വിടില്ലെന്ന കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും എ. കെ ശശീന്ദ്രന്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലും ഇല്ലാത്തവയാണെന്നും മന്ത്രി വ്യക്തമാക്കി.
താന്‍ എന്‍സിപി വിട്ട് കോണ്‍ഗ്രസ് എസിലേക്ക് പോകുന്നു എന്നത് അണികളില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കുന്നതിന് വേണ്ടി ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതാണെന്ന് മന്ത്രി മന്ത്രി പറഞ്ഞു. ഇത്തരം പ്രചാരണങ്ങള്‍ കൊണ്ട് എന്‍സിപിയുടെ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ അങ്കലാപ്പുണ്ടാക്കാനോ തെറ്റിദ്ധാരണ പരത്താനൊ കഴിയുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയാകുമ്പോള്‍ സ്വാഭാവികമായും തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ സീറ്റുകള്‍ ചോദിക്കും. ആ സീറ്റുകള്‍ ചോദിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാണ്, എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നതിനെ സംബന്ധിച്ചോ പാര്‍ട്ടി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ അപ്രസക്തവും അനവസരവുമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.
“ഞങ്ങളുടെ പാര്‍ട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഒരു കക്ഷിയാണ്. ആ നിലയില്‍ ഒരു പുതിയ രാഷ്ട്രീയ ചിന്ത ഉണ്ടാകേണ്ട കാര്യം ഞങ്ങള്‍ക്കില്ലയെന്ന് മാത്രമല്ല. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ മറ്റുതരത്തിലുള്ള ചിന്തകള്‍ എന്‍സിപിക്ക് ഇല്ല. എന്റെ കാര്യത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരും വിശ്വസിക്കുന്നില്ലെന്ന് എനിക്കറിയാം,” മന്ത്രി വ്യക്തമാക്കി.
കോണ്‍ഗ്രസ് എസില്‍ ചേരും എന്ന് പറയുന്നത് ഭാവനാ സൃഷ്ടിയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. എന്‍സിപി ഇതുവരെ മത്സരിച്ച സീറ്റുകളില്‍ തന്നെ മത്സരിക്കണമെന്ന കാര്യമാണ് ആവശ്യപ്പെടുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു. എന്‍സിപി കഴിഞ്ഞ പത്ത് നാല്‍പത് വര്‍ഷമായി എല്‍ഡിഎഫിന്റെ കൂടെതന്നെയാണ്. മുന്നണി ബന്ധങ്ങളെക്കുറിച്ചുള്ള ഒരു പുനരാലോചന ഒരു ഘട്ടത്തിലും എടുത്തിട്ടില്ല.
ഏത് ദേശീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളവും അന്തിമ തീരുമാനം അഖിലേന്ത്യാ കമ്മിറ്റിയുടേതാണ്. ആ കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. അതില്‍ ടി.പി പീതാംബരന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാന്‍ പാര്‍ട്ടി എവിടെയാണ് പറയുന്നതോ അവിടെ മത്സരിക്കുമെന്ന് ശശീന്ദ്രന്‍ പറഞ്ഞു. ഇനി മത്സരിക്കണ്ടെന്നാണ് പറയുന്നതെങ്കില്‍ മാറിനില്‍ക്കുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
ജോസ് കെ. മാണിയെ മുന്നണിയില്‍ എടുത്തതില്‍ എന്തു ചെയ്യണമെന്ന് എന്‍സിപിയാണോ തീരുമാനിക്കേണ്ടതെന്ന് മന്ത്രി ചോദിച്ചു. അത് കൂട്ടായെടുക്കേണ്ട തീരുമാനമാണ്. എന്‍സിപിക്കവകാശപ്പെട്ട സീറ്റുകളിലാണ് എന്‍സിപി മുന്നണിയോട് അവകാശപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. പാലാ സീറ്റ് ജോസ് കെ മാണി ആവശ്യപ്പെട്ടിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.