തിരുവനന്തപുരം: രാജിവച്ച എ.കെ.ശശീന്ദ്രനു പകരം തോമസ് ചാണ്ടി മന്ത്രിയാകും. ഗതാഗത വകുപ്പ് മന്ത്രിയായി തോമസ് ചാണ്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും. തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന എൻസിപിയുടെ ആവശ്യം എൽഡിഎഫ് അംഗീകരിച്ചു.

കുട്ടനാട്ടില്‍ നിന്ന് മൂന്നാം തവണയാണ് എം.എല്‍.എയായി തോമസ് ചാണ്ടി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യം ഡി.ഐ.സി സ്ഥാനാര്‍ത്ഥിയായി യു ഡി എഫിന്റെ ഭാഗമായും  പിന്നീട്  രണ്ടു തവണ എൻ.സി.പിയിലൂടെ എല്‍.ഡി.എഫ് മുന്നണിയിലും മത്സരിച്ച് വിജയിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരില്‍ ജലവിഭവവകുപ്പായിരിക്കും ചാണ്ടിയെ തേടിയെത്തുന്നതെന്നും പുതിയ മന്ത്രിസഭ അധികാരത്തിലേറുന്ന കാലത്ത് പ്രചാരണം ഉണ്ടായിരുന്നു.എന്നാല്‍ ശശീന്ദ്രനാണ് ആദ്യവട്ട മന്ത്രിയാകാനുളള നിയോഗം ഉണ്ടായത്.
വെട്ടിക്കാട് കളത്തില്‍ പറമ്പില്‍ വി.സി തോമസിന്റെയും ഏലിയാമ്മയുടെയും മകനാണ്.  1947 ആഗസ്ത് 29ന്‌ ചേന്നങ്കരിയിലാണ് ജനനം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. കെ എസ്‌യുിലായിരുന്നു തുടക്കം. പിന്നീട്  യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയരംഗത്ത് സജീമായി. നിലവിൽ എന്‍.സി.പിയുടെ ദേശീയ വര്‍ക്കിംഗ് കമ്മറ്റി അംഗമാണ്.
കുവൈറ്റിൽ   ബിസിനസ് നടത്തുന്ന തോമസ്  ചാണ്ടിയെ തേടി മന്ത്രിപദമെത്തുന്നത് അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയാണ്.

എൻ സി പിയുടെ മന്ത്രിയായിരുന്ന എ കെ ശശീന്ദ്രൻ  കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരത്തോടെയാണ്  മന്ത്രിസ്ഥാനം രാജിവച്ചത്. പുതുതായി ആരംഭിച്ച മംഗളം ചാനൽ ഒരുക്കിയ ഫോൺകെണിയെ തുടർന്നാണ് ശശീന്ദ്രന് ഗതാഗത മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്നത്. എന്നാൽ മംഗളം ചാനൽ വാർത്തയ്ക്കെതിരായി മാധ്യമരംഗത്തും നിന്നും സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിന്നും എതിർപ്പുയർന്നു. തുടർന്ന് വീട്ടമ്മയല്ല വിളിച്ചതെന്നും ഇത് തങ്ങളുടെ ജേണലിസ്റ്റാണെന്നും പറഞ്ഞ്  സി ഇ ഒ അജിത് കുമാർ വ്യാഴാഴ്ച രാത്രി ഖേദംപ്രകടപിപ്പിച്ചു. ഇതേ തുടർന്ന് ശശീന്ദ്രൻ തന്നെ വീണ്ടും മന്ത്രിയാകുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു.

കെ.കരുണാകരൻ ഡേമോക്രാറ്റിക്ക് ഇന്ദിരാ കോണ്ഗ്രസ്(കരുണാകരൻ) എന്ന സ്വന്തം പാർട്ടി തുടങ്ങിയപ്പോഴാണ്  തോമസ് ചാണ്ടി എന്ന പ്രവാസി വ്യവസായിയെ കുട്ടനാട് സീറ്റ് നല്കി കൂടെ നിർത്തിയത്.  2006ൽ ഡി ഐ സി (കെ) മത്സരിച്ച 17 മണ്ഡലങ്ങളിൽ വിജയമധുരം നുണയാന് തോമസ് ചാണ്ടിക്ക് മാത്രമാണ് ഭാഗ്യം ലഭിച്ചത്. പിന്നീട് ഡി ഐ സി (കെ) ശരത്പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയൽ  (എൻ സി പി) ലയിച്ചു. 2011 ൽഇടത് മുന്നണിയുടെ ഭാഗമായി രണ്ടാം തവണ കുട്ടനാട്ടിൽ നിന്നും ജയിച്ചു. മൂന്നാം തവണയും ആ വിജയം ആവർത്തിക്കുയായിരുന്നു തോമസ് ചാണ്ടി. മന്ത്രി സ്ഥാനം ശശീന്ദ്രന് നൽകുന്നതിനെതിരെ എൽ​ ഡി എഫ് മന്ത്രിസഭ അധികാരത്തിൽ വരുമ്പോൾ എതിർപ്പ് ഉയർന്നിരുന്നു.​എന്നാൽ ശശീന്ദ്രനൊപ്പമായിരുന്നു എൽ ഡി എഫിലെ ഏറ്റവുംവലിയ കക്ഷിയായ സി പി എമ്മിന്റെ നിലപാട്. എൻ​ സി പിയിലെ നല്ലൊരു വിഭാഗവും ശശീന്ദ്രന് ഒപ്പം നിലകൊണ്ടു. അങ്ങനെയാണ് അന്ന് ശശീന്ദ്രൻ മന്ത്രിയായത്. ശശീന്ദ്രൻ രണ്ടര വർഷം പൂർത്തിയാക്കുമ്പോൾ തോമസ് ചാണ്ടിയെ മന്ത്രിയാക്കുമെന്ന് ധാരണയുണ്ടാകുമെന്ന് അഭ്യൂഹം ഉയർന്നിരുന്നുവെങ്കിലും എൻ സി  പി സംസ്ഥാന നേതാക്കൾ അങ്ങനെ ഒരു തീരുമാനമില്ലെന്ന് അന്ന് പറഞ്ഞിരുന്നു.

ശശീന്ദ്രന് രാജിവെയ്പ്പിക്കുന്നതിലേയ്ക്ക് എത്തിയ ഫോൺസംഭാഷണത്തെ കുറിച്ച് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഐ ജി ദിനേന്ദ്രകശ്യപിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു.മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രനെ കുടുക്കിയ വിവാദ ഫോൺ സംഭാഷണ  കേസിൽ ചാനൽ മേധാവി ഉൾപ്പെടെ ഒമ്പത്  പേർക്കെതിരെ ക്രൈംബ്രാഞ്ച് പൊലീസ് കേസെടുത്തു. രണ്ട്  പരാതികളിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.ചാനൽ സിഇഒ അജിത് കുമാർ ഉൾപ്പടെയുളളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.ഗൂഡാലോചന, വ്യാജരേഖ ചമയ്‌ക്കൽ,  ഐടി ആക്‌ട്,  ഇലക്‌ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിട്ടുളളത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ