scorecardresearch
Latest News

എ.കെ.ശശീന്ദ്രന് പകരം തോമസ് ചാണ്ടി മന്ത്രിയാകും; തീരുമാനം എൻസിപി നേതൃയോഗത്തിൽ

എൻസിപി സംസ്ഥാന നേതൃയോഗത്തിലായിരുന്നു തീരുമാനം.

എ.കെ.ശശീന്ദ്രന് പകരം തോമസ് ചാണ്ടി മന്ത്രിയാകും; തീരുമാനം എൻസിപി നേതൃയോഗത്തിൽ

തിരുവനന്തപുരം: ലൈംഗിക ഫോൺ സംഭാഷണ ആരോപണത്തെ തുടർന്ന് എ.കെ.ശശീന്ദ്രൻ രാജിവച്ച സാഹചര്യത്തിൽ തോമസ് ചാണ്ടി മന്ത്രിയാകും. എൻസിപി സസംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. എ.കെ.ശശീന്ദ്രൻ കൈകാര്യം ചെയ്ത ഗതാഗത വകുപ്പ് ഇനി മുതൽ തോമസ് ചാണ്ടി കൈകാര്യം ചെയ്യും.

എൻസിപി യോഗതീരുമാനം കേന്ദ്രകമ്മിറ്റിയെ അറിയിക്കും. അനുമതി ലഭിച്ച ശേഷം മന്ത്രിസ്ഥാനം ഇടതുമുന്നണിയോട് ആവശ്യപ്പെടാനാണ് ധാരണ. നേതൃയോഗത്തിൽ തീരുമാനം പൊതുവായി ഉയർന്നുവന്നുവെന്ന് ഉഴവൂർ വിജയൻ മാധ്യമപ്രവർത്തകരെ അറിയിച്ചു. എ.കെ.ശശീന്ദ്രൻ തീരുമാനത്തെ പിന്തുണച്ചു.

മന്ത്രിയാക്കാനുള്ള എൻസിപി നേതൃയോഗ തീരുമാനത്തെ കുറിച്ച് പ്രതികരിക്കുന്നതിനിടെ, “ഗതാഗത വകുപ്പിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ എ.കെ.ശശീന്ദ്രൻ ഉദ്ദേശിച്ചത് പോലെ നടത്തു”മെന്ന് തോമസ് ചാണ്ടി പ്രതികരിച്ചു. “എൻസിപി നേതൃയോഗത്തിൽ ധാരണയായത് കൊണ്ട് മന്ത്രിയാകണമെന്നില്ലെ”ന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“നേതൃയോഗത്തിലെ തീരുമാനം എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരത് പവാർ അംഗീകരിക്കണം. ഇതിന് ശേഷം ഇടുമുന്നണി വിഷയത്തിൽ തീരുമാനം എടുക്കണം. അത്തരമൊരു സാഹചര്യത്തിൽ മന്ത്രിയാകുമെന്ന് ഉറപ്പിച്ച് പറയാറായിട്ടില്ല” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം എൻസിപി നേതൃയോഗത്തിൽ മന്ത്രിപദവി ഏറ്റെടുക്കണമെന്ന് ഐകകണ്ഠേന ആവശ്യമുയർന്നെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തിൽ രാജിവച്ച മന്ത്രി എ.കെ.ശശീന്ദ്രനും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. ഇതോടെ വിഷയം ദേശീയ നേതൃത്വത്തെ അറിയിക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു.

എ.കെ.ശശീന്ദ്രൻ കൈകാര്യം ചെയ്ത ഗതാഗത വകുപ്പ് തന്നെ തോമസ് ചാണ്ടിക്കും ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ച ശേഷം ഇക്കാര്യത്തിൽ ഇടതുമുന്നണിയെ നിലപാട് അറിയിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

നിലവിൽ എൻസിപിക്ക് രണ്ട് എംഎൽഎ മാരാണ് ഉള്ളത്. എ.കെ.ശശീന്ദ്രൻ മന്ത്രിയായപ്പോൾ തോമസ് ചാണ്ടിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു.

ലൈംഗിക ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് മന്ത്രി എ.കെ.ശശീന്ദ്രന് രാജി വയ്ക്കേണ്ടി വന്നത്. മംഗളം ചാനലാണ് മന്ത്രിയുടെ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവിട്ടത്. ഇത് എ.കെ.ശശീന്ദ്രൻ നിഷേധിച്ചിട്ടുണ്ട്. താൻ ഇത്തരമൊരു കാര്യം ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് രാജിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

പകരം മന്ത്രിയെ വേണമെന്നും വേണ്ടെന്നും സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ചയുണ്ടായിരുന്നു. ഗോവയിൽ ബിജെപി സർക്കാരിന് എൻസിപി പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇവർക്ക് അതൃപ്തി ഉണ്ടായിരുന്നത്. എന്നാൽ ഇന്നലെ എറണാകുളത്ത് സംസാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യത്തിലെ തീരുമാനം എൻസിപി യുടേതാണെന്ന് വ്യക്തമാക്കിയിരുന്നു.

“മന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് എൻസിപിയാണെന്നും, ഇക്കാര്യം അവർ തീരുമാനിക്കട്ടേയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.”

ഇപ്പോൾ ഗതാഗത വകുപ്പ് ഏറ്റെടുത്തിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. വകുപ്പ് മറ്റേതെങ്കിലും ഘടകക്ഷി ഏറ്റെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്ന് രാവിലെ തോമസ് ചാണ്ടി പറഞ്ഞിരുന്നു. താൻ മന്ത്രിയാകാൻ യോഗ്യനാണെന്നും മികച്ച ഭരണകർത്താവാണെന്നത് അദ്ദേഹം രാവിലെ സമർത്ഥിച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ncp state leadership decided to make thomas chandi transport minister