കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്കൊപ്പം മാത്രമേ എൻസിപിക്ക് നിൽക്കാനാവൂ എന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ മാസ്റ്റർ. സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞങ്ങളുടെ മന്ത്രിക്കൊപ്പമേ നിൽക്കാനാവൂ, ശത്രുക്കൾക്കൊപ്പം നിൽക്കാനാവില്ല”, പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.
സംസ്ഥാന മന്ത്രിമാരെ തീരുമാനിക്കുന്നത് ദേശീയ നേതൃത്വമാണെന്നും രാജിക്കാര്യവും പാർലമെന്ററി നേതൃത്വം തന്നെ തീരുമാനിക്കട്ടെയെന്നും എൻസിപി യോഗത്തിൽ തീരുമാനമായി. ഇക്കാര്യത്തിൽ സംസ്ഥാന സമിതിയിൽ തീരുമാനമായെന്നും ഇത് പാർലമെന്ററി കമ്മിറ്റിയെ അറിയിക്കുമെന്നും ടി.പി.പീതാംബരൻ മാസ്റ്റർ അറിയിച്ചു.
ജില്ലാ കലക്ടറുടെ റിപ്പോർട്ടിനെതിരായ പരാതി ജില്ലാ കലക്ടറെ അറിയിക്കാനാണ് കോടതി പറഞ്ഞത്. അത് അദ്ദേഹം കലക്ടറോട് പറയട്ടെ. ഉചിതമായ തീരുമാനം കൈക്കൊള്ളാൻ ഇടതുമുന്നണി യോഗം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അത് അദ്ദേഹം തീരുമാനിക്കട്ടെയെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.