കൊച്ചി: അധികാര ദുർവിനിയോഗം നടത്തി സ്വന്തം റിസോർട്ടിലേയ്ക്കുള്ള റോഡ് ടാർ ചെയ്യുകയും കായൽ കൈയേറുകയും ചെയ്തുവെന്ന ആരോപണത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപിയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്ത്. കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് ചാണ്ടിയുടെ രാജി ആവശ്യം ഉയർന്നത്.

എട്ട് ജില്ലാ പ്രസിഡന്റുമാരാണ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടത്. ചാണ്ടിയുടെ നിയമലംഘനം പാര്‍ട്ടിയും സര്‍ക്കാരും അന്വേഷിക്കണമെന്നും എന്‍സിപി നേതാക്കള്‍ ആവശ്യപ്പെട്ടു. “അന്വേഷണം നടക്കുമ്പോള്‍ മന്ത്രിമാര്‍ മാറി നില്‍ക്കുന്ന കീഴ്‍വഴക്കം മന്ത്രി കാണിക്കണം. നടപടി ഉണ്ടായില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്നും വിമത നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

തന്റെ റിസോര്‍ട്ടിലേക്ക് പോകാന്‍ രണ്ട് എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് തോമസ് ചാണ്ടി അനധികൃതമായി റോഡ് നിര്‍മ്മിച്ചെന്നും കായല്‍ നികത്തിയെന്നുമുള്ള വാര്‍ത്ത ഒരു സ്വകാര്യ ചാനലാണ് പുറത്ത് വിട്ടത്. മാര്‍ത്താണ്ഡം കായലില്‍ മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഏക്കര്‍ കണക്കിന് ഭൂമിയാണ് ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നതെന്നായിരുന്നു ആരോപണം.

കായല്‍ കൈയേറിയെന്നതടക്കം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് തോമസ് ചാണ്ടി ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കും. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇതിനുപിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയമുണ്ടെന്നും തോമസ് ചാണ്ടി പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.