തിരുവനന്തപുരം: ഗാതഗത മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെച്ച ഒഴിവിൽ പുതിയ മന്ത്രി ഉടൻ വേണമെന്ന് എൻസിപി. ശശീന്ദ്രന് പകരക്കാരനായി പാർട്ടിയുടെ മറ്റൊരു എം.എൽ.എ ആയ തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ പാർട്ടിയുടെ സംസ്ഥാന നേത്രത്വം തീരുമാനിച്ചിരുന്നു. മലപ്പുറം ഉപതിരഞ്ഞെടുപ്പിന് മുൻപ് തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ വേണമെന്ന് എൻസിപി സംസ്ഥാന നേത്രത്വം മുഖ്യമന്ത്രിയെ അറിയിക്കും. നാളെ നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഈ വിഷയം ചർച്ചചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

നേരത്ത പുതിയ മന്ത്രി ഉടൻ ഉണ്ടാവില്ലെന്നായിരുന്നു എൻസിപിയുടെ ദേശീയ അദ്ധ്യക്ഷൻ​ ശരദ് പവാർ അറിയിച്ചിരുന്നത്. ശശീന്ദ്രന് എതിരായുള്ള അന്വേഷണം പൂർത്തിയായതിന് ശേഷം മന്ത്രിയെ നിശ്ചയിക്കാം എന്നായിരുന്നു ദേശീയ അദ്ധ്യക്ഷന്രെ നിലപാട്. എന്നാൽ മന്ത്രി സ്ഥാനം ഉടൻ തന്നെവേണമെന്നും ഇല്ലെങ്കിൽ മലപ്പുറം തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാകും എന്ന് സംസ്ഥാന നേത്രത്വം അറിയച്ചതോടെ കേന്ദ്രനേത്രത്വം വഴങ്ങുകയായിരുന്നു.

ലൈംഗിക ഫോൺ സംഭാഷണ ആരോപണത്തെ തുടർന്ന് എ.കെ.ശശീന്ദ്രൻ രാജിവച്ച സാഹചര്യത്തിൽ തോമസ് ചാണ്ടി മന്ത്രിയാകും എന്നാണ് ഇന്ന് എൻസിപിയുടെ സംസ്ഥാന നേത്രത്വം അറിയിച്ചത്. എൻസിപി സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം ഉണ്ടായത്. നേതൃയോഗത്തിൽ തീരുമാനം പൊതുവായി ഉയർന്നുവന്നുവെന്ന് ഉഴവൂർ വിജയൻ മാധ്യമപ്രവർത്തകരെ അറിയിച്ചിരിന്നു. എ.കെ.ശശീന്ദ്രൻ തീരുമാനത്തെ പിന്തുണച്ചു എന്നും ഉഴവൂർ വിജയൻ പറഞ്ഞിരുന്നു.

ലൈംഗിക ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് മന്ത്രി എ.കെ.ശശീന്ദ്രന് രാജി വയ്ക്കേണ്ടി വന്നത്. മംഗളം ചാനലാണ് മന്ത്രിയുടെ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവിട്ടത്. ഇത് എ.കെ.ശശീന്ദ്രൻ നിഷേധിച്ചിട്ടുണ്ട്. താൻ ഇത്തരമൊരു കാര്യം ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് രാജിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഗൂഢാലോചന സംഭവത്തിന് പിന്നിലുണ്ടെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

പകരം മന്ത്രിയെ വേണമെന്നും വേണ്ടെന്നും സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ചയുണ്ടായിരുന്നു. ഗോവയിൽ ബിജെപി സർക്കാരിന് എൻസിപി പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇവർക്ക് അതൃപ്തി ഉണ്ടായിരുന്നത്. എന്നാൽ ഇന്നലെ എറണാകുളത്ത് സംസാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യത്തിലെ തീരുമാനം എൻസിപി യുടേതാണെന്ന് വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.