തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ കായൽ കൈയ്യേറ്റ വിഷയത്തിൽ രാജി തീരുമാനം ചർച്ച ചെയ്യാനുള്ള ഇടതുമുന്നണി യോഗം അവസാനിച്ചു. എൻസിപി യുടെ കടുത്ത നിർബന്ധത്തിന് വഴങ്ങി ഇന്ന് രാജിവയ്‌‌ക്കേണ്ടതില്ലെന്ന തീരുമാനമാണ് മുന്നണി യോഗം കൈക്കൊണ്ടത്.

ഗതാഗത വകുപ്പ്‌ മന്ത്രിയെക്കുറിച്ച്‌ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ എ.ജി.യുടെ നിയമോപദേശം പരിശോധിച്ച്‌ ഉചിതമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയോട്‌ ശുപാര്‍ശ ചെയ്‌തുവെന്ന് എൽ ഡി എഫ് കൺവീനർ വൈക്കം വിശ്വൻ അറിയിച്ചു.

ഇടതുമുന്നണി  യോഗത്തിൽ എൻ സി പി ഒഴികെയുളള ഘടകകക്ഷികളെല്ലാം തന്നെ തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. കലക്ടറുടെ റിപ്പോർട്ട് സർക്കാർ ആവശ്യപ്പെട്ട റിപ്പോർട്ടാണ്. ആ റിപ്പോർട്ടിനെതിരായാണ് മന്ത്രി കോടതിയെ സമീപിച്ചിരിക്കുന്നത് ഇത് ഗൗരവമുളള വിഷയമാണ്. സർക്കാരിനെതിരെ സർക്കാരിലെ ഒരു മന്ത്രി കോടതിയെ സമീപിക്കുന്ന സാഹചര്യമാണിതെന്ന് സി പി എമ്മുമായുളള  ഉഭയകക്ഷി ചർച്ചയിൽ സി പി ഐ  പറഞ്ഞു. മുന്നണി യോഗത്തിൽ കോടതി വിധി വരട്ടെ എന്ന് വാദവും ആയി എൻ സി പി നേതാക്കളെത്തയിപ്പോഴും ശക്തമായ വിമർശനമാണ് സി പി ഐയുടെ ഭാഗത്തുനിന്നുമുണ്ടായത്. സുപ്രീം കോടതി വിധിവരട്ടെ എന്നാണോ പറയുന്നത് എന്നായിരുന്നു സി പി ഐയുടെ പരിഹാസം. മന്ത്രി രാജിവെയ്ക്കണമെന്ന സി പി ഐയുടെ ആവശ്യത്തോട് ജനതാദൾ (എസ്) ശക്തമായ പിന്തുണ നൽകി. മറ്റ് ഘടകക്ഷികളൊന്നും എൻ സി പിക്കൊപ്പം നിലയുറപ്പിച്ചതുമില്ല. അങ്ങനെയാണ് നിയോമപദശത്തിന്രെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തിയത്.

ഇതേ സമയം 14 ന് എൻ സി പിയുടെ സംസ്ഥാന സമിതി ചേർന്നശേഷം മന്ത്രിയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാനുളള സാവകാശം നൽകുന്നതിനാണ് മുന്നണിയിലുണ്ടായ തീരുമാനമെന്നാണ് സൂചന. മറ്റൊരുഘടകകക്ഷിയുടെ മന്ത്രിയുടെ രാജി ആ കക്ഷിയുടെ തീരുമാനപ്രകാരമുളളതാകട്ടെയെന്ന മുന്നണി മര്യാദയുടെ ഭാഗമായാണ് ഇത് ഘടകകക്ഷികൾ അംഗീകരിച്ചതെന്നാണ് അറിയുന്നത്.

മന്ത്രി തോമസ് ചാണ്ടി അടക്കമുള്ള വിവിധ കക്ഷി നേതാക്കൾ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിൽ നടക്കുന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. അതേസമയം തോമസ് ചാണ്ടിക്കെതിരെ ബിജെപി നേതാക്കൾ പരാതിയുമായി ഗവർണ്ണറെ സമീപിച്ചു. കായൽ കൈയ്യേറിയ മന്ത്രിയെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇദ്ദേഹത്തെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് നേതാക്കൾ ഗവർണർ റിട്ട ജസ്റ്റിസ് പി.സദാശിവത്തെ കണ്ടത്. ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, ഒ.രാജഗോപാൽ എംഎൽഎ എന്നിവരാണ് ഗവർണറെ സമീപിച്ചത്.

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ തിടുക്കപ്പെട്ട് തീരുമാനം എടുക്കരുതെന്ന് എൻസിപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ എൽഡിഎഫ് നേതാക്കൾ ത്രിശങ്കുവിലായി. ഉചിതമായ തീരുമാനം കൈക്കൊള്ളുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും കൂടിക്കാഴ്ച നടത്തി.

ഈ വിഷയം ചർച്ച ചെയ്യുന്നതിന് അടിയന്തിര ഇടതുമുന്നണി യോഗം ഇന്നുച്ചയ്ക്ക് ചേരാനിരിക്കെയാണ് മൂന്ന് നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. എൻസിപി ദേശീയ നേതൃത്വം പ്രധാന നേതാക്കളോട് ഇത് സംബന്ധിച്ച് പ്രത്യേകം പ്രത്യേകം അഭ്യർത്ഥന നടത്തിയതാണ് ധൃതിപ്പെട്ട് മൂന്ന് നേതാക്കളും ചർച്ച നടത്താൻ കാരണം.

അതേസമയം തോമസ് ചാണ്ടിക്ക് അനുകൂലമായ തീരുമാനം സിപിഎം സംസ്ഥാന സമിതിയും സിപിഐ സംസ്ഥാന സമിതിയും എടുത്തിട്ടില്ല. അധികം വൈകിക്കാതെ രാജി ആവശ്യപ്പെടണമെന്നാണ് ഇരു രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിൽ രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ എകെജി സെന്ററിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷം മൂവരും തമ്മിൽ വിഷയത്തിൽ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ