/indian-express-malayalam/media/media_files/uploads/2017/03/ak-saseendran.jpg)
തിരുവനന്തപുരം : ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട എന്‍സിപി എംഎല്‍എ എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക്. മറ്റന്നാള്‍ ഉച്ച്ചയ്ക്കാകും സത്യപ്രതിജ്ഞ. ഗവര്‍ണര്‍ അവധിയിലായതിനാലാണ് സത്യപ്രതിജ്ഞ മറ്റനാളേക്ക് മാറ്റിവെച്ചത്.
ഇന്നലെ കൂടിയ എന്‍സിപിയുടെ ദേശീയ നിര്‍വാഹകസമിതി യോഗം ശശീന്ദ്രനെ ഉടന്‍ മന്ത്രിയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് നേതൃത്വത്തിനും കത്ത് നല്‍കിയിരുന്നു. നിയമസഭയുടെ നടപ്പു സമ്മേളനം തീരുംമുൻപുതന്നെ ശശീന്ദ്രൻ മന്ത്രിസഭയിൽ മടങ്ങിയെത്തുമെന്ന് എൻസിപി അദ്ധ്യക്ഷൻ ടി.പി.പീതാംബരൻ മാസ്റ്റർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം വന്നത്.
ശരത് പവാർ, പ്രഫുൽ പട്ടേൽ, താരിഖ് അൻവർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇന്നലെ എന്‍സിപി യോഗം നടന്നത്. ശശീന്ദ്രനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ല എന്ന് നേരത്തെ തന്നെ സിപിഎമ്മും സിപിഐയും അറിയിക്കുകയും ചെയ്തിരുന്നു.
നിലവിൽ എൻസിപിക്ക് രാജ്യത്തെ ഒരു സംസ്ഥാനത്തിലും മന്ത്രിപദവിയില്ല. കേരളത്തിൽ മാത്രമാണ് മന്ത്രിസ്ഥാനം ഉണ്ടായിരുന്നത്. എന്നാൽ ആദ്യം ഫോൺ കെണി കേസിൽ അകപ്പെട്ട് ശശീന്ദ്രനും പിന്നാലെ വന്ന തോമസ് ചാണ്ടി കായൽ കൈയ്യേറ്റ കേസിലും അകപ്പെട്ട് പുറത്തുപോയതോടെയാണ് മന്ത്രിസ്ഥാനം നഷ്ടമായത്.
2016 മെയ് 25 ന് പിണറായി വിജയൻ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി എ.കെ.ശശീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. 2017 മാർച്ച് 26 ന് ഫോൺ കെണി ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വിവാദങ്ങളെ തുടർന്ന് രാജിവച്ചു. മന്ത്രിസ്ഥാനത്ത് നിന്നും രാജിവച്ച് പത്ത് മാസം പിന്നിടുമ്പോഴാണ് ശശീന്ദ്രന് കേസിൽ അനുകൂല വിധി വരുന്നത്.
എ.കെ.ശശീന്ദ്രൻ രാജിവയ്ക്കാനിടയായ ഫോൺ കെണി വിവാദത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഏകാംഗ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ മാർച്ച് 26 ന് തീരുമാനിച്ചു. റിട്ട. ജില്ല ജഡ്‌ജി പി.എസ്.ആന്റണിയെയാണ് കമ്മീഷനായി നിയമിച്ചത്. കഴിഞ്ഞ വർഷം നവംബർ 21 ന് കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുളള സംവിധാനം വേണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ച മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് കമീഷന്‍ ശുപാര്‍ശ ചെയ്യുന്നു. മംഗളം ചാനലിന്റെ സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫോൺ കെണി വിവാദ കേസിൽ മംഗളം ചാനൽ സിഇഒ അജിത്കുമാർ ഉൾപ്പടെയുളളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരിയായ യുവതി നൽകിയ പരാതിയിൽ കോടതിയിൽ ശശീന്ദ്രന് എതിരെ കേസ് വന്നുവെങ്കിലും. 2018 ജനുവരി 24 ന് തനിക്ക് ഫോൺകെണി വിവാദത്തിൽ കുടുങ്ങിയ മുൻമന്ത്രി എ.കെ.ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് യുവതി കോടതിയിൽ പറയുകയായിരുന്നു. മന്ത്രിയുടെ ഔദ്യോഗികവസതിയിൽവച്ച് തന്നെ ആരും ശല്യം ചെയ്തിട്ടില്ലെന്ന് പരാതിക്കാരിയായ അവർ കോടതിയെ അറിയിച്ചു. ഫോണിൽ അശ്ലീലമായി സംസാരിച്ചത് ശശീന്ദ്രനാണോ എന്ന് തനിക്ക് ഉറപ്പില്ലെന്നും പരാതിക്കാരി തിരുവനന്തപുരം സിജെഎം കോടതിയിൽ വ്യക്തമാക്കി.
എന്നാൽ കേസിൽ പരാതിക്കാരി കോടതിയിൽ നിലപാട് മാറ്റിയത് ശശീന്ദ്രൻ ഭീഷണിപ്പെടുത്തിയിട്ടാകാമെന്ന് ചൂണ്ടിക്കാട്ടി തൈക്കാട് സ്വദേശിനി മഹാലക്ഷ്മി കോടതിയെ സമീപിച്ചു. എന്നാൽ വിധി മാറ്റിവയ്ക്കണമെന്ന ഹർജിയെ പരാതിക്കാരി എതിർത്തു. തുടർന്നാണ് കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്.
നേരത്തേ എ.കെ.ശശീന്ദ്രനോ തോമസ് ചാണ്ടിയോ ഇതില്‍ ആദ്യം കുറ്റവിമുക്തനാകുന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് എല്‍ഡിഎഫ് നേതൃത്വം അറിയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.