തിരുവനന്തപുരം: മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കെ പലരും ലയനത്തിന് താത്പര്യം പ്രകടിപ്പിച്ച് സമീപിച്ചതായി എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്റർ. അതേസമയം കേരള കോൺഗ്രസ് ബാലകൃഷ്ണപ്പിള്ള വിഭാഗവുമായി ലയന ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലയനം ആവശ്യമെങ്കിൽ, അത് സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ ഇന്ന് നടന്ന എൻസിപി യോഗത്തിൽ പീതാംബരൻ മാസ്റ്റർ ഒറ്റപ്പെട്ടതായാണ് റിപ്പോർട്ട്. പാർട്ടി എംഎൽഎമാരായ തോമസ് ചാണ്ടി, എകെ ശശീന്ദ്രൻ എന്നിവർ ശക്തമായാണ് പാർട്ടി യോഗത്തിൽ നിലപാടെടുത്തത്.

ടിപി പീതാംബരൻ മാസ്റ്ററുടേത് ഏകപക്ഷീയമായ തീരുമാനമാണെന്നാണ് ഇരുവിഭാഗവും വിമർശിച്ചത്. പാർട്ടിയിൽ ആലോചിക്കാതെയുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നും ഇരു കൂട്ടരും പറഞ്ഞു. സ്ഥാനമാനങ്ങൾ മോഹിച്ച് മാത്രം പാർട്ടിയിലേക്ക് വരുന്നവരെ അംഗീകരിക്കില്ലെന്നും കേരള കോൺഗ്രസ് ബിയുമായി ചർച്ചകൾ തുടരേണ്ടെന്നും ഇരു കൂട്ടരും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ