Kerala Rains: കൊച്ചി: പ്രളയം മൂലം കേരള ജനത കഷ്ടപ്പെടുമ്പോൾ രക്ഷാപ്രവര്‍ത്തനത്തിനായ് ഇറങ്ങിയിരിക്കുന്നവരുടെ സേവനങ്ങളെ അഭിനന്ദിക്കാതിരിക്കാനാകില്ല. മുതിര്‍ന്നവരെ പോലെ തന്നെ കുട്ടികളും സേവന രംഗത്തുണ്ട്. പൊലീസിനും ഫയര്‍ഫോഴ്സിനും സൈന്യത്തിനുമൊപ്പം തന്നെ എന്‍സിസി കേഡര്‍മാരും ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായത്തിനുണ്ട്. ഇത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ സല്യൂട്ട് നേടുന്നത്.
എറണാകുളം കാഞ്ഞൂറിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുമുള്ളതാണ് ചിത്രം. എന്‍സിസി കേഡറായ ഹരികൃഷ്ണന്റെ ചിത്രമാണ് ട്വിറ്റര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. ക്യാമ്പില്‍ മുതിര്‍ന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിലും അവരെ പരിചരിക്കുന്നതിലും അഭിനന്ദനാര്‍ഹമായ സേവനമാണ് ഹരികൃഷ്ണനെ പോലെയുള്ള എന്‍സിസി സ്കൗട്ടുകള് നടത്തുന്നത്.
കൊച്ചിയ്ക്ക് അടുത്തുള്ള കാഞ്ഞൂര്‍ ദുരിതാശ്വാസ ക്യാമ്പില്‍ നൂറ് കണക്കിന് ആളുകളാണുള്ളത്. ഇന്ന് രാവിലെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ക്യാമ്പിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു.
Young NCC scouts like Harikrishnan are working tirelessly at flood relief camps like these, helping the elderly and distributing water and food, Scene from Kanjoor @IndianExpress @IeMalayalam #KeralaFloods pic.twitter.com/hRsgugLQ92
— Vishnu Varma (@VishKVarma) August 15, 2018
ജീവനും ജീവിതവും കൈയ്യില്‍ പിടിച്ചു കൊണ്ടാണ് ഓരോ ദിവസവും മലയോര പ്രദേശങ്ങളിലുള്ളവര്‍ കടന്നു പോകുന്നത്. സംസ്ഥാനത്തുടനീളമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ പതിനായിരക്കണക്കിന് പേരാണുള്ളത്. വയനാട്ടില്‍ മാത്രം 19000 പേര് ക്യാമ്പുകളിലുണ്ട്. സംസ്ഥാനം ഇത്രയും വലിയ ദുരന്തത്തെ നേരിടുമ്പോള്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും പരസ്പരം കൈകോര്‍ത്തുകൊണ്ട് അതിനെ മറി കടക്കാന്‍ ശ്രമിക്കുകയാണ്.
വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കാനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നുണ്ട്. അതേസമയം, ക്യാമ്പുകളിലേക്കും ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിലേക്കും അരിയും മറ്റ് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതില്‍ സന്നദ്ധ പ്രവര്‍ത്തകരും ദുരന്ത നിവാരണ സേനയും സൈന്യവുമെല്ലാം രംഗത്തുണ്ട്. കേരളത്തെ ഈ ദുരിതത്തില്‍ നിന്നും കൈപിടിച്ചു കയറ്റാന്‍ തന്നാല്‍ കഴിയുന്ന വിധത്തിലെല്ലാം ഓരോ വ്യക്തിയും ശ്രമിക്കുന്നുണ്ട്.
കലിയടങ്ങാതെ കാല വര്‍ഷം പെയ്തു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തില്‍ ആകെയുള്ള 39 ഡാമുകളില്‍ 35 ഡാമുകളും തുറന്നിരിക്കുന്നു. ഇത്രയും അധികം ഡാമുകള്‍ ഒരേ സമയം തുറക്കുന്നത് ഇതാദ്യമായാണ്.